ചെന്നൈ: അടുത്ത ഐപിഎല്‍ സീസണ്‍ എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സിയില്‍ ടീമില്‍ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. തന്റെ ഐപിഎല്‍ ഭാവിയെ കുറിച്ച് ധോണി മൗനം തുടരുന്നതിന് ഇടയില്‍ അണ്‍ക്യാപ്ഡ് പ്ലേയര്‍ റൂള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ അണ്‍ക്യാപ്ഡ് പ്ലേയര്‍മാരായി പരിഗണിക്കുന്ന നിയമം വീണ്ടും കൊണ്ടുവരാന്‍ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പിന്നിട്ട താരങ്ങളെ അണ്‍ക്യാപ്ഡ് പ്ലേയര്‍മാരായി പരിഗണിക്കുന്നതാണ് ഈ നിയമം. 2021 വരെ ഈ നിയമം ഐപിഎല്ലിലുണ്ടായിരുന്നു. ഈ നിയമം തിരകെ കൊണ്ടുവരണം എന്ന ആവശ്യം ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പോട്ട് വെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അണ്‍ക്യാപ്ഡ് പ്ലേയര്‍ കാറ്റഗറിയില്‍ ധോണി വന്നാല്‍ താരത്തെ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തുന്നതിന് ചെന്നൈക്ക് വലിയ തുക മുടക്കേണ്ടി വരില്ല.

റീറ്റെന്‍ഷന്‍ റൂള്‍ അനുസരിച്ച് അണ്‍ക്യാപ്ഡ് താരത്തെ നാല് കോടി രൂപയ്ക്ക് ടീമില്‍ നിലനിര്‍ത്താനാവും. 2022 ഐപിഎല്‍ സീസണില്‍ 12 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ അണ്‍ക്യാപ്ഡ് റൂള്‍ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് തങ്ങള്‍ ഒരു ആവശ്യവും ബിസിസിഐക്ക് മുന്‍പാകെ വെച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

അങ്ങനെ ഒരാവശ്യം ഞങ്ങള്‍ മുന്‍പോട്ട് വെച്ചിട്ടില്ല. അണ്‍ക്യാപ്ഡ് പ്ലേയര്‍ റൂള്‍ തിരികെ കൊണ്ടുവരും എന്ന് ബിസിസിഐ പറഞ്ഞു. ഇതുവരെ ബിസിസിഐ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല, കാശി വിശ്വനാഥന്‍ പറഞ്ഞു.

2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ ഈ നിയമം ഐപിഎല്ലില്‍ ഉണ്ടായിരുന്നെങ്കിലും, ആരും ഇത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം വീണ്ടും കൊണ്ടുവന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ധോണിയെ ചെറിയ തുകയ്ക്കു ടീമില്‍ നിലനിര്‍ത്താം. ലേലത്തില്‍ വിടുകയും വേണ്ട. ധോണിയെ ടീമിനൊപ്പം നിര്‍ത്തിയാല്‍ ചെന്നൈയ്ക്ക് ലേലത്തില്‍ കൂടുതല്‍ തുക പഴ്‌സില്‍ ലഭിക്കുകയും ചെയ്യും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം യുവതാരം ഋതുരാജ് ഗെയ്ക്വാദിനു നല്‍കിയ എം.എസ്. ധോണി കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളിലാണു കളിച്ചത്. പുതിയ സീസണില്‍ കളിക്കുമോയെന്ന കാര്യം ധോണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഴുവന്‍ സമയവും കളിക്കാതെ ഇംപാക്ട് പ്ലേയറുടെ റോളില്‍മാത്രം ധോണി ഇറങ്ങാനും സാധ്യതയുണ്ട്.