മൊഹാലി: ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കവെ ഓപ്പണിങ്ങിൽ വിരാട് കോലിയെ പരിഗണിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുൻപായാണ് രോഹിത് ശർമയുടെ പ്രതികരണം. മൂന്നാം ഓപ്പണറായാണ് കോലിയെ പരിഗണിക്കുന്നത് എന്നും രോഹിത് പറഞ്ഞു.

ലോകകപ്പ് പോലൊരു ടൂർണമെന്റിന് പോകുമ്പോൾ ടീമിൽ ഫ്ളെക്സിബിളിറ്റി ഉണ്ടാവുക എന്നത് പ്രധാനമാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുന്ന ബാറ്റേഴ്സിനെ വേണം. നമ്മൾ പുതിയൊരു കാര്യം പരീക്ഷിക്കുമ്പോൾ അതിനർഥം അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നല്ല, പ്രസ് കോൺഫറൻസിൽ രോഹിത് ശർമ പറയുന്നു.

നമ്മുടെ എല്ലാ താരങ്ങളുടേയും ക്വാളിറ്റിയും അവർക്ക് എന്താണ് നമുക്കായി ചെയ്യാനാവുക എന്നും ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. കോലി ഓപ്പൺ ചെയ്യുന്നു എന്നത് ഞങ്ങൾക്ക് മുൻപിലെ ഒരു സാധ്യയാണ്. അത് ഞങ്ങൾ മനസിൽ വെക്കുന്നു. ഐപിഎല്ലിൽ തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി കോലി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നു, അതിൽ മികവ് കാണിച്ചിട്ടുമുണ്ട്. അതിനാൽ ഓപ്പണിങ്ങിൽ കോലി എന്നത് ഉറപ്പായ ഓപ്ഷനാണ് എന്നും രോഹിത് വ്യക്തമാക്കി.

ഞാൻ പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിച്ചിരുന്നു. കുറച്ച് മത്സരങ്ങളിൽ ആവശ്യമെങ്കിൽ വിരാട് കോലിയെ ഓപ്പൺ ചെയ്യിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നമ്മൾ കോലിയെ ഓപ്പണറായി കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിൽ സന്തുഷ്ടരാണ്. എങ്കിലും പരീക്ഷണത്തിനില്ല. കെ എൽ രാഹുൽ തന്നെയായിരിക്കും നമ്മുടെ ഓപ്പണർ. ഒന്നോ രണ്ടോ മോശം മത്സരങ്ങൾ അദ്ദേഹത്തിന്റെ മികച്ച റെക്കോർഡ് ഇല്ലാതാക്കുന്നില്ല. കെ എൽ ടീമിന് നൽകുന്നത് എന്താണെന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ സാന്നിധ്യം മുൻനിരയിൽ അനിവാര്യമാണ്' എന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാണ് കോലി. ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു. ഞങ്ങളുടെ ചിന്തകൾ വളരെ വ്യക്തമാണ്. ഒരു ആശയക്കുഴപ്പവും ഞങ്ങൾക്കില്ല. .ആയിരത്തിലേറെ ദിവസമായി ശതകം കഴിയാത്തതിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടിരുന്ന വിരാട് കോലി ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

അവസാന സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനെതിരെ കോലി ശതകം കണ്ടെത്തുകയായിരുന്നു. അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 122 റൺസെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമായിരുന്നു ഇത്. ഏഷ്യാ കപ്പിൽ 92 ശരാശരിയിലും 147.59 സ്‌ട്രൈക്ക് റേറ്റിലും കോലി 276 റൺസ് നേടിയാണ് കോലി ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുക.