തിരുവനന്തപുരം: ഛത്തീസ്‌ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 162 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ്. സന്ദർശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 149 റൺസ് പിന്തുടർന്ന് ബാറ്റു ചെയ്ത കേരളം, 107.1 ഓവറിൽ 311 റൺസിനു പുറത്തായി. 

രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിൽ വീണ്ടും തകർച്ചയുടെ വക്കിലാണ് ഛത്തീസ്‌ഗഡ്. ഋഷഭ് തിവാരി (0), സാന്നിധ്യ ഹർക്കത്ത് (0) എന്നിവരാണ് പുറത്തായ താരങ്ങൾ. ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്യ (3*), അമൻദീപ് ഖാരെ (7*) എന്നിവരാണ് ക്രീസിൽ.

അർധസെഞ്ചറി നേടിയ മുൻ ക്യാപ്റ്റന്മാരായ രോഹൻ പ്രേം (77), സച്ചിൻ ബേബി (77) എന്നിവർക്കു പിന്നാലെ ഏകദിന ശൈലിയിൽ തകർത്തടിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ കൂടി ചേർന്നതോടെയാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 54 പന്തിൽ മൂന്നു വീതം സിക്‌സും ഫോറും സഹിതം 46 റൺസെടുത്ത് പുറത്തായി.

രോഹൻ പ്രേം 157 പന്തിൽ ഏഴു ഫോറുകൾ സഹിതമാണ് 77 റൺസെടുത്തത്. സച്ചിൻ ബേബിയാകട്ടെ, 171 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 77 റൺസെടുത്തത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സിന്റെ നട്ടെല്ല്. 254 പന്തിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 123 റൺസ്.

ഓപ്പണർമാരായ പി.രാഹുൽ (58 പന്തിൽ 24), രോഹൻ എസ്.കുന്നുമ്മൽ (50 പന്തിൽ 31), അക്ഷയ് ചന്ദ്രൻ (58 പന്തിൽ 12), ജലജ് സക്‌സേന (20 പന്തിൽ 11), സിജോമോൻ ജോസഫ് (27 പന്തിൽ ആറ്), ഫാനൂസ് ഫാസിൽ (15 പന്തിൽ ഒൻപത്), എൻ.പി.ബേസിൽ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. വൈശാഖ് ചന്ദ്രൻ 31 പന്തിൽ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ഛത്തീസ്‌ഗഡിനായി സുമിത് റൂയ്കർ 19.1 ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. അജയ് മണ്ഡൽ 23 ഓവറിൽ 74 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. രവി കിരൺ, സൗരഭ് മജുംദാർ, മയാങ്ക് യാദവ്, ശശാങ്ക് സിങ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഛത്തീസ്‌ഗഡിന്റെ ഒന്നാം ഇന്നിങ്‌സ് 149ൽ ചുരുട്ടിക്കെട്ടിയ ആതിഥേയർ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റിന് 100 റൺസ് എന്ന നിലയിലായിരുന്നു. രോഹൻ പ്രേം 29 റൺസോടെയും സച്ചിൻ ബേബി 11 റൺസോടെയും ക്രീസിൽ. രോഹൻ എസ്.കുന്നുമ്മൽ (31), പി.രാഹുൽ (24) എന്നിവർ പുറത്തായി.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കേരളം 18.5 ഓവറിൽ 48 റൺസിന് 5 വിക്കറ്റ് കൊയ്ത മറുനാടൻ താരം ജലജ് സക്‌സേനയുടെ സ്പിൻ മികവിലാണ് ഛത്തീസ്‌ഗഡിനെ കേരളം 149 ൽ ഒതുക്കിയത്. വൈശാഖ് ചന്ദ്രൻ, സച്ചിൻ ബേബി എന്നിവരും 2 വിക്കറ്റ് വീതം നേടി.