ഡൊമിനിക്ക: വിദേശമണ്ണിൽ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ച് യുവതാരം യശസ്വി ജയ്‌സ്വാൾ. ഓപ്പണിങ് വിക്കറ്റിൽ യുവതാരത്തിന് മികച്ച പിന്തുണ നൽകി നായകൻ രോഹിത് ശർമ്മയുടെ സെഞ്ചുറി. ഇരുവരും ചേർന്നുള്ള ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്.

ഡൊമിനിക്കയിൽ വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ 215 പന്തിൽ നിന്നാണ് 21കാരനായ ജയ്‌സ്വാൾ മൂന്നക്കം കണ്ടത്. വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 150 റൺസ് പിന്തുടരുന്ന ഇന്ത്യ യശസ്വി ജയ്‌സ്വാൾ-രോഹിത് ശർമ്മ എന്നിവരുടെ തകർപ്പൻ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ 229 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. നായകൻ രോഹിത് ശർമ്മ 221 പന്തിൽ നിന്നും 103 റൺസെടുത്ത് പുറത്തായി. പത്ത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

വെസ്റ്റ് ഇൻഡീസിന്റെ 150നെതിരെ 80/0 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ 104 പന്തിൽ ഫിഫ്റ്റി തികച്ച യശസ്വി ജയ്‌സ്വാളിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മ കൂടി അമ്പത് പിന്നിട്ടതോടെ രണ്ടാംദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ 146/0 (55) എന്ന ശക്തമായ നിലയിലെത്തി. രണ്ടാം സെഷനിന്റെ തുടക്കത്തിൽ തന്നെ ഇരുവരും ടീമിന് ലീഡ് സമ്മാനിച്ചു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ 64.3 ഓവറിൽ 150 റൺസിൽ പുറത്താവുകയായിരുന്നു. 24.3 ഓവറിൽ 60 റൺസ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ അശ്വിൻ 700 വിക്കറ്റ് തികച്ചു. മറ്റൊരു സ്പിന്നർ രവീന്ദ്ര ജഡേജ 14 ഓവറിൽ 26 റണ്ണിന് മൂന്നും പേസർമാരായ മുഹമ്മദ് സിറാജ് 12 ഓവറിൽ 25 റണ്ണിനും ഷർദുൽ താക്കൂർ 7 ഓവറിൽ 15 റണ്ണിനും ഓരോ വിക്കറ്റും നേടി. ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജയ്‌ദേവ് ഉനദ്കട്ടിന് വിക്കറ്റൊന്നും നേടാനായില്ല.

വിൻഡീസ് ബാറ്റർമാരിൽ അരങ്ങേറ്റം മത്സരം കളിക്കുന്ന ഇരുപത്തിനാലുകാരൻ എലിക് എഥാൻസേയാണ്(99 പന്തിൽ 47) ടോപ് സ്‌കോറർ. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് 20 ഉം ടാഗ്‌നരെയ്ൻ ചന്ദർപോൾ 12 ഉം റെയ്മൻ റൈഫർ 2 ഉം ജെർമെയ്ൻ ബ്ലാക്ക്‌വുഡ് 14 ഉം ജോഷ്വ ഡിസിൽവ 2 ഉം ജേസൻ ഹോൾഡർ 18 ഉം അൽസാരി ജോസഫ് 4 ഉം കെമാർ റോച്ച് 1 ഉം ജോമെൽ വാരിക്കൻ 1 ഉം റകീം കോൺവാൾ 19* ഉം റൺസെടുത്തു.