ഗുവാഹത്തി: ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലും ഓസ്‌ട്രേലിയയും നെതർലൻഡ്‌സും തമ്മിലുള്ള സന്നാഹ മത്സരം കനത്ത മഴയെ തുടർന്ന് വൈകുന്നു. തിരുവനന്തപുരത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ മുടക്കിയതിന് പിന്നാലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സന്നാഹ മത്സരത്തിലും വില്ലനായി മഴയെത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തതിന് പിന്നാലെ അതിശക്തമായ മഴ എത്തിയതോടെ ഇന്ത്യക്ക് ബാറ്റിംഗിനിറങ്ങാനായിട്ടില്ല. കന്നത്ത ചൂടിൽ ബൗളർമാർ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു.

ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ജോസ് ബട്‌ലർ, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോണി ബെയർ‌സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാരാണ്.

ഇന്ത്യൻ ബൗളിങ് നിരയിൽ ആർ അശ്വിന്റെയും ഷാർദ്ദുൽ താക്കൂറിന്റെയും പ്രകടനങ്ങളാകും ഇന്ന് വിലയിരുത്തപ്പെടുക. ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദന്, ഇഷാൻ കിഷൻ എന്നിവർക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനമുറപ്പിക്കാനും ഇന്നത്തെ പ്രകടനം നിർണായകമാണ്.

ഐസിസി ടൂർണമെന്റുകളിൽ സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവഹമല്ല. 2019ലെ ലോകകപ്പിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ലീഗ് റൗണ്ടിൽ ഇന്ത്യയെ തോൽപ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഇരു ടീമും ഏറ്റു മുട്ടിയപ്പോഴാകട്ടെ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തെറിഞ്ഞത്.

ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിന് ടോസെങ്കിലും സാധ്യമായെങ്കിൽ കാര്യവട്ടത്ത് നടക്കേണ്ട ഓസ്‌ട്രേലിയ-നെതർലൻഡ്‌സ് പോരാട്ടത്തിന് കനത്ത മഴ മൂലം ടോസ് പോലും സാധ്യമായിട്ടില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരവും കനത്ത മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കുകയായിരുന്നു.

ഗ്രൗണ്ടിലെ ഡ്രെയിനേജ് സൗകര്യം മികച്ചതാണെങ്കിലും മഴ മാറിയാൽ ഗ്രൗണ്ട് മത്സരസജ്ജമാക്കാൻ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും തിരുവനന്തപുരത്ത് മഴ തുടരുമെന്നാണ് കാലവസ്ഥാ പ്രവചനം.