ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രജയം കുറിച്ച് വെസ്റ്റ് ഇൻഡീസ് യുവനിര. 216 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഓസീസിനെ 207 റൺസിന് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്ന രണ്ടാം ടെസ്റ്റിൽ എട്ടു റൺസ് ജയത്തോടെ ചരിത്രമെഴുതിയിക്കുകയാണ് വെസ്റ്റിൻഡീസിന്റെ യുവനിര. 27 വർഷത്തിനു ശേഷമാണ് വിൻഡീസ് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്. 1997-ൽ പെർത്തിലായിരുന്നു വിൻഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം.

സ്റ്റീവൻ സ്മിത്ത് 91 റൺസുമായി പുറത്താവാതെ നിന്നു. ഏഴ് വിക്കറ്റ് നേടിയ ഷമർ ജോസഫാണ് ഓസീസിനെ എറിഞ്ഞിട്ടത്. ഇന്നലെ മിച്ചർ സ്റ്റാർക്കിന്റെ പന്തിൽ കാലിന് പരിക്കേറ്റ ഷമർ ജോസഫ് ഇന്ന് തിരിച്ചെത്തിയാണ് 68 റൺസിന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഏഴു വിക്കറ്റുകൾ വീഴ്‌ത്തി ആഞ്ഞടിച്ച ഷമാർ ജോസഫിന് അരങ്ങേറ്റ പരമ്പരയിൽ തന്നെ പരമ്പരയുടെ താരമാകാനും സാധിച്ചു. ഗാബ ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും ഷമാറിന് തന്നെ.സ്‌കോർ: വെസ്റ്റ് ഇൻഡീസ് 311, 193 & ഓസ്‌ട്രേലിയ 289/9 ഡി, 207. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇരുവരും ഓരോ മത്സരം വീതം ജയിച്ചു. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് വിജയിച്ചിരുന്നു.

നാലാം ദിവസം ബാറ്റിംഗിനെത്തുമ്പോൾ 156 റൺസ് കൂടിയാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസാണ് നേടിയിരുന്നത്. ഉസ്മാൻ ഖവാജ (10), മർനസ് ലബുഷെയ്ൻ (5)എന്നിവർ മടങ്ങിയിരുന്നു. ഇന്ന് 42 റൺസെടുത്ത കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ട്രാവിസ് രണ്ടാം ഇന്നിങ്സിലും ഗോൾഡൻ ഡക്കായി. മിച്ചൽ മാർഷ് (10), അലക്സ് ക്യാരി (2) എന്നിവർക്കും തിളങ്ങാനായില്ല. മിച്ചൽ സ്റ്റാർക്ക് (21), പാറ്റ് കമ്മിൻസ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഒരറ്റത്ത് വിക്കറ്റ് നഷ്ടമാവുമ്പോഴും സ്മിത്തിന്റെ ചെറുത്ത് നിൽപ്പ് ഓസീസിന് ആശ്വാസമായി. എന്നാൽ നതാൻ ലിയോൺ (9), ജോഷ് ഹേസൽവുഡ് (0) എന്നിവർക്ക് പിന്തുണ നൽകനായില്ല. ഹേസൽവുഡിനെ ബൗൾഡാക്കി ഷമർ വിൻഡീസിന്റെ വിജയമാഘോഷിച്ചു.

രണ്ടാം ഇന്നിങ്‌സിൽ കിർക്ക് മെക്കൻസിയുടെ (41) ഇന്നിങ്‌സാണ് വിൻഡീസിന് തുണയായത്. അലിക് അതനാസെ (35), ഗ്രീവ്‌സ് (33), കെവം ഹോഡ്‌ഗെ (29) എന്നിവരും നിർണായക പ്രകടനം പുറത്തെടുത്തിരുന്നു. ടാഗ്‌നരെയ്ൻ ചന്ദർപോളിനെ (4) തുടക്കത്തിൽ തന്നെ വിൻഡീസിന് നഷ്ടമായി. ക്രെയ്ഗ് ബ്രാത്വെയ്റ്റിനും (16) കാര്യമായൊന്നും ചെയ്യാനായില്ല. ജോഷ്വ ഡിസിൽവ (7), അൽസാരി (0), കെമർ റോച്ച് (1) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഷമർ ജോസഫ് (3) മിച്ചർ സ്റ്റാർക്കിന്റെ യോർക്കറിൽ പരിക്കേറ്റ് റിട്ടയേർഡ് ഔട്ടായി. കെവിൻ സിൻക്ലയർ (14) പുറത്താവാതെ നിന്നു.

നേരത്തെ, വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311നെതിരെ ഓസ്‌ട്രേലിയ 289 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഉസ്മാൻ ഖവാജ (75, അലക്‌സ് ക്യാരി (65), പാറ്റ് കമ്മിൻസ് ( പുറത്താവാതെ 64) എന്നിവർ മാത്രമാണ് തിളങ്ങിയത്. സ്മിത്ത് (6), ലബുഷെയ്ൻ (3), ഗ്രീൻ (8), ട്രാവിസ് ഹെഡ് (0), മിച്ചൽ മാർഷ് (21) എന്നിവർക്ക് തിളങ്ങാനായിരുന്നില്ല. സ്റ്റാർക്ക് (2), നതാൻ ലിയോൺ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അൽസാരി നാല് വിക്കറ്റ് വീഴ്‌ത്തി. കെമർ റോച്ചിന് മൂന്ന് വിക്കറ്റുണ്ട്. ആദ്യ ഇന്നിങ്‌സിൽ വിൻഡീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത് ജോഷ്വാ ഡി സിൽവ (79), കോവം ഹോഡ്‌ജെ (71) സിൻക്ലെയർ (50) എന്നിവരാണ് തിളങ്ങിയത്. സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്‌ത്തി.