രാജ്കോട്ട്: നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യക്ക് വേണ്ടിയുള്ള ടെസ്റ്റ് അരങ്ങേറ്റം അതിവേഗ അർധ സെഞ്ചുറിയിലൂടെ ആഘോഷമാക്കി യുവതാരം സർഫറാസ് ഖാൻ. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 66 പന്തിൽ 62 റൺസെടുത്ത് നിൽക്കെ റണ്ണൗട്ടാവുകയായിരുന്നു. സഹതാരം രവീന്ദ്ര ജഡേജ സെഞ്ചുറി തികയ്ക്കുന്നതിനായി അനാവശ്യ റണ്ണിന് ശ്രമിച്ചതാണ് സർഫറാസിന് തിരിച്ചടിയായത്.

ഒരു സിക്സും ഒൻപത് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു സർഫറാസ് ഖാന്റെ ഇന്നിങ്സ്. ഇതോടെ ഒരു റെക്കോഡും സർഫറാസിനെ തേടിയെത്തി. അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോർഡാണ് സർഫറാസിനെ തേടിയെത്തിയത്. 48 പന്തിലാണ് താരം അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ സർഫറാസ് ബാറ്റുയർത്തി കാണിച്ചു. കളി കാണാനെത്തിയ അദ്ദേഹത്തിന്റെ പിതാവും ഭാര്യയും ഗ്യാലറിയിൽ ഇരുന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരും അരങ്ങേറ്റക്കാരനെ പ്രശംസിച്ചു.

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സർഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. രവീന്ദ്ര 99 റൺസിൽ നിൽക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാർക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിൻവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സർഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സർഫറാസിന് മടങ്ങേണ്ടി വന്നു.

സർഫറാസ് ഖാന്റെ അരങ്ങേറ്റ മത്സരം കാണാൻ താരത്തിന്റെ ഭാര്യ റൊമാന ജാഹുറും സർഫറാസിന്റെ പിതാവ് നൗഷാദ് ഖാനും എത്തിയിരുന്നു. താരത്തിന് ടെസ്റ്റ് ടീം തൊപ്പി ലഭിച്ച സന്തോഷത്തിൽ, ഗ്രൗണ്ടിന് സമീപത്തെത്തിയ റൊമാന ജാഹൂർ സന്തോഷം കാരണം കണ്ണീരൊഴുക്കി. ഭാര്യയുടെ കണ്ണീർ തുടച്ച സർഫറാസ്, കെട്ടിപ്പിടിച്ചാണ് റൊമാനയെ ആശ്വസിപ്പിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കശ്മീർ സ്വദേശിനിയായ റൊമാന ജാഹുറും സർഫറാസും വിവാഹിതരായത്. ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്ന ഇന്ത്യയുടെ 311ാമത്തെ താരമാണ് സർഫറാസ് ഖാൻ. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽവച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് സർഫറാസിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.

സർഫറാസിന്റെ മത്സരം കാണാൻ താരത്തിന്റെ കുടുംബം മുഴുവൻ രാജ്‌കോട്ട് സ്റ്റേഡിയത്തിലെത്തിയിരുന്നു. സർഫറാസിന്റെ പിതാവ് നൗഷാദ് ഖാനും താരത്തിന് ടെസ്റ്റ് ക്യാപ് ലഭിച്ചപ്പോൾ വിതുമ്പിയിരുന്നു. ഇന്ത്യൻ ടീമിന്റെ തൊപ്പിയിൽ നൗഷാദ് ഖാൻ ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സർഫറാസ് ഖാനു പുറമേ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. അതേസമയം മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ ടീമിലേക്കു മടങ്ങിയെത്തി.

സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നൽകിയപ്പോൾ അക്സർ പട്ടേലിന് പകരം പേസർ മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രണ്ട് പേസർമാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്.