രാജ്കോട്ട്: നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്ക്കായുള്ള അരങ്ങേറ്റം അർധ സെഞ്ചുറിയിലൂടെ ഗംഭീരമാക്കിയ സർഫറാസ് ഖാന് അഭിനന്ദന പ്രവാഹം. ആരാധകരുടെ മനംകവർന്ന ഇന്നിങ്‌സാണ് രാജ്‌കോട്ടിൽ യുവതാരം കാഴ്ചവച്ചത്. സർഫറാസിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഏറെക്കാലമായുള്ള സ്വപ്നം സഫലമായ ദിവസമായിരുന്നു വ്യാഴാഴ്ച. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത താരം 48 പന്തിൽ നിന്നാണ് കരിയറിലെ ആദ്യ അർധ സെഞ്ചുറി കുറിച്ചത്. പക്ഷേ റണ്ണൗട്ടിന്റെ രൂപത്തിൽ നിർഭാഗ്യമെത്തി.

രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകിനെ തുടർന്നാണ് സർഫറാസ് റണ്ണൗട്ടായത്. ഇതോടെ ഡ്രസിങ് റൂമിൽ ക്യാപ്റ്റൻ രോഹിത് ശർമ സകല നിയന്ത്രണവും നഷ്ടപ്പെട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. റണ്ണൗട്ടിനു പിന്നാലെ അണിഞ്ഞിരുന്ന തൊപ്പി വലിച്ചെറിഞ്ഞാണ് രോഹിത് രോഷം പ്രകടിപ്പിച്ചത്. 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സുമടക്കം 62 റൺസായിരുന്നു സർഫറാസിന്റെ സമ്പാദ്യം.

സെഞ്ചുറിക്കടുത്തെത്തിയ ജഡേജ അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് പ്രശ്നമായത്. 99 റൺസിൽ നിൽക്കേ ജെയിംസ് ആൻഡേഴ്സന്റെ പന്ത് മിഡ് ഓണിലേക്ക് കളിച്ച ജഡേജ, സർഫറാസിനെ റണ്ണിനായി വിളിച്ചു. പന്ത് പോയ ഭാഗത്തേക്ക് നോക്കാതെ സർഫറാസ് ഓടിത്തുടങ്ങിയപ്പോഴേക്കും ജഡേജ താരത്തെ തിരിച്ചയക്കുകയായിരുന്നു. സർഫറാസിന് തിരികെ ക്രീസിൽ പ്രവേശിക്കാൻ സാധിക്കും മുമ്പ് മാർക്ക് വുഡിന്റെ ത്രോ വിക്കറ്റിളക്കിയിരുന്നു. ആദ്യ ദിവസത്തെ കളിയവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ റണ്ണൗട്ട്.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കെതിരെ ട്രോളും കടുത്ത വിമർശനവുമാണ് ഉയരുന്നത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന സർഫറാസ് ഖാന്റെ റണ്ണൗട്ടാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 66 പന്തിൽ 62 റൺസുമായി റണ്ണൗട്ടാവുകയായിരുന്നു. ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു സർഫറാസ് ഖാന്റെ ഇന്നിങ്സ്.

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സർഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. രവീന്ദ്ര 99 റൺസിൽ നിൽക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാർക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിൻവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സർഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സർഫറാസിന് മടങ്ങേണ്ടി വന്നു.

ഇതോടെയാണ് ആരാധകർ ജഡേജയ്ക്കെതിരെ തിരിഞ്ഞത്. ജഡേജയുടെ സ്വാർത്ഥതയാണ് സർഫറാസിന്റെ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഒരുപക്ഷം. ജഡേജയ്ക്ക് 84 റൺസുള്ളപ്പോഴാണ് സർഫറാസ് ക്രീസിലെത്തുന്നത്. ജഡ്ഡു 99 റൺസെടുത്തിരിക്കെ താരം റണ്ണൗട്ടാവുകയും ചെയ്തു. ഇരുവരും 77 റൺസാണ് കൂട്ടിചേർത്തത്. ഇതിൽ 62 റൺസും സർഫറാസിന്റെ സംഭാവന. അത്രയും സമയം ക്രീസിൽ നിന്നിട്ടും ജഡേജ സെഞ്ചുറി നേടിയില്ല. സെഞ്ചുറിക്ക് വേണ്ടിയുള്ള ശ്രമത്തിനിടെ ഇങ്ങനെയൊരു ദുരന്തവും സംഭവിച്ചു. ഇതോടെ ജഡേജയെ സ്വർത്ഥനാക്കുകയായിരുന്നു ആരാധകർ.

അതേസമയം, അർധ സെഞ്ചുറി പൂർത്തിയാക്കിയതോടെ ഒരു റെക്കോഡും സർഫറാസിനെ തേടിയെത്തി. അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോർഡാണ് സർഫറാസിനെ തേടിയെത്തിയത്. 48 പന്തിലാണ് താരം അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി റൺസടിച്ചു കൂട്ടുന്ന സർഫറാസിന് ഏറെ നാളത്തെ അവഗണനക്ക് ശേഷമാണ് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചത്. അരങ്ങേറ്റം സെഞ്ചുറിയിലൂടെ ആഘോഷിക്കാനുള്ള അവസരമാണ് സർഫറാസിന് അനാവശ്യ റണ്ണൗട്ടിലൂടെ നഷ്ടമായത്. നേരത്തെ 33-3 എന്ന നിലയിൽ തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെ രോഹിത്തും ജഡേജയും ചേർന്നാണ് കരകയറ്റിയത്.