രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റക്കാരന്റെ പരിഭ്രമങ്ങളില്ലാതെ തകർപ്പൻ അർധ സെഞ്ചറിയുമായി തിളങ്ങിയ യുവതാരം സർഫറാസ് ഖാൻ റണ്ണൗട്ടായി മടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 66 പന്തുകളിൽനിന്ന് 62 റൺസെടുത്ത് നിൽക്കെയായിരുന്നു താരം നിർഭാഗ്യം കൊണ്ട് പുറത്തായത്. ഒരു സിക്‌സും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ താരം അപ്രതീക്ഷിതമായി റൺഔട്ടാകുകയായിരുന്നു.

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സർഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. ജഡേജ 99 റൺസിൽ നിൽക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാർക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിൻവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സർഫറാസ് ക്രീസ് വിട്ടിറിങ്ങിയിരുന്നു. വുഡിന് പിഴച്ചതുമില്ല. നോൺസ്‌ട്രൈക്കർ എൻഡിൽ സ്റ്റംപ് തെറിക്കുമ്പോൾ നിരാശയോടെ നോക്കി നിൽക്കാനെ സർഫറാസിന് കഴിഞ്ഞുള്ളു.

പിന്നാലെ സെഞ്ചുറി നേടിയിരുന്നെങ്കിലും രവീന്ദ്ര ജഡേജയ്ക്കെതിരെ കടുത്ത പരിഹാസവും വിമർശനവും ഉയർന്നിരുന്നു. മികച്ച രീതിയിൽ കളിച്ചുവരികയായിരുന്നു സർഫറാസ് ഖാൻ റണ്ണൗട്ടായതിനായിരുന്നു കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്നത്. സർഫറാസിന്റെ റണ്ണൗട്ടിന് കാരണം ജഡേജയാണെന്നാണ് വിമർശകരുടെ വിലയിരുത്തിൽ.

ജഡേജയുടെ തെറ്റായ ഒരു വിളിയാണ് സർഫറാസിന്റെ വിക്കറ്റ് തുലച്ചത്. ആദ്യ ദിനത്തിലെ മത്സരം പൂർത്തിയായതിന് പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജഡേജ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ജഡേജ ക്ഷമ പറഞ്ഞത്. തന്റേത് തെറ്റായ വിളിയായിരുന്നുവെന്ന് ജഡേജ സമ്മതിക്കുകയായിരുന്നു.

ജഡേജയുടെ സ്വാർത്ഥതയാണ് സർഫറാസിന്റെ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഒരു പക്ഷത്തിന്റെ അഭിപ്രായം. ജഡേജയ്ക്ക് 84 റൺസുള്ളപ്പോഴാണ് സർഫറാസ് ക്രീസിലെത്തുന്നത്. ജഡ്ഡു 99 റൺസെടുത്തിരിക്കെ താരം റണ്ണൗട്ടാവുകയും ചെയ്തു. ഇരുവരും 77 റൺസാണ് കൂട്ടിചേർത്തത്. ഇതിൽ 62 റൺസും സർഫറാസിന്റെ സംഭാവനയായിരുന്നു. അത്രയും സമയം ക്രീസിൽ നിന്നിട്ടും ജഡേജ സെഞ്ചുറി നേടിയില്ല. സെഞ്ചുറിക്ക് വേണ്ടിയുള്ള ശ്രമത്തിനിടെ യുവതാരത്തിന് സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വരികയും ചെയ്തു.

82ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ പുറത്താകൽ. മികച്ച രീതിയിൽ ബാറ്റു ചെയ്യുമ്പോഴായിരുന്നു രവീന്ദ്ര ജഡേജയുടെ പിഴവിൽ സർഫറാസ് റൺഔട്ടായത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന രോഹിത് ശർമ തലയിലെ തൊപ്പി വലിച്ചെറിഞ്ഞാണ് ഇതിലുള്ള രോഷം തീർത്തത്. പുറത്താകലിനു ശേഷം ഡ്രസിങ് റൂമിൽ നിരാശയോടെ ഇരിക്കുന്ന സർഫറാസിന്റെ ചിത്രങ്ങളും പുറത്തുവന്നു.

മത്സരത്തിന്റെ ആദ്യ ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസെടുത്തു. സെഞ്ചറിയുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിൽക്കുന്നു. 212 പന്തുകളിൽനിന്ന് 110 റൺസാണു ജഡേജ നേടിയത്. രോഹിത് ശർമയും സെഞ്ചറി സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.