രാജ്‌കോട്ട്: യുവതാരം യശസ്വി ജയ്‌സ്വാളിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. 121 പന്തുകളിൽ നിന്നാണ് ജയ്‌സ്വാൾ 100 പിന്നിട്ടത്. താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ചറിയാണിത്. വിശാഖപട്ടണം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ജയ്‌സ്വാൾ ഡബിൾ സെഞ്ചറി (209) നേടിയിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. മത്സരത്തിനെ നടുവിന് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ജയ്‌സ്വാൾ ഡ്രസിങ് റൂമിലേക്ക് മടങ്ങി. . അർധ സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലും നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവുമാണ് ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 19 റൺസെടുത്തു പുറത്തായി. ജോ റൂട്ടിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. രജിത് പടിദാർ പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 126 റൺസിന്റെ ലീഡെടുത്തിരുന്നു. ഇംഗ്ലണ്ട് 319 റൺസിന് ഓൾഔട്ടായി.

ഏകദിന ശൈലിയിലാണ് ജയ്സ്വാൾ ബാറ്റ് വീശിയത്. ഇതുവരെ 127 പന്തുകൾ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും നേടി്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു.

151 പന്തിൽ 153 റൺസെടുത്ത ഓപ്പണർ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് (89 പന്തിൽ 41), ഒലി പോപ് (55 പന്തിൽ 39), ജോ റൂട്ട് (31 പന്തിൽ 18) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറർമാർ. സെഞ്ചറിയുമായി ബാറ്റിങ് തുടരുകയായിരുന്ന ബെൻ ഡക്കറ്റിന്റെ പുറത്താകലും മധ്യനിരയും വാലറ്റവും വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയതുമാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് നാലു വിക്കറ്റുകൾ വീഴ്‌ത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയ്ക്കും അശ്വിനും ഓരോ വിക്കറ്റുണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 2ന് 207 എന്ന ശക്തമായ നിലയിലായിരുന്നു സന്ദർശകർ. എന്നാൽ മൂന്നാം ദിവസം ലഞ്ചിനു ശേഷം കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ട് ഓൾ ഔട്ടാകുകയായിരുന്നു.