മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിലെ മത്സരങ്ങൾ നടക്കുക രണ്ട് ഘട്ടങ്ങളിലായെന്ന് സൂചന. ഐപിഎൽ സീസൺ ആരംഭിക്കുന്ന തിയതി ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ പുറത്തുവിട്ടു. ഐപിഎല്ലിന്റെ 17-ാം എഡിഷന് മാർച്ച് 22-ാം തിയതി ചെന്നൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റണ്ണേഴ്‌സ് അപ്പുകളായ ഗുജറാത്ത് ടൈറ്റൻസുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം വരാൻ സാധ്യത.

ഐപിഎൽ 17-ാം സീസൺ ചെന്നൈയിൽ മാർച്ച് 22ന് തുടങ്ങും എന്നാണ് സ്പോർട്സ് സ്റ്റാറിനോട് അരുൺ ധുമാലിന്റെ വാക്കുകൾ. ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാൽ രണ്ട് ഘട്ടമായാവും ഐപിഎൽ സീസൺ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്റെ പൂർണ മത്സരക്രമം ബിസിസിഐ പുറത്തുവിടാൻ സാധ്യത.

ഇക്കുറി ഐപിഎൽ പൂർണമായും ഇന്ത്യയിൽ വച്ചാണ് നടക്കുക എന്ന് അരുൺ ധമാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് തിയതികളും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സർക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിലെ പത്ത് ടീമുകൾ തന്നെയാണ് ഇത്തവണയും പോരടിക്കുക. ചെന്നൈ സൂപ്പർ കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് ടീമുകൾ.

എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സാണ് ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാർ. 2023ലെ ഫൈനലിൽ ഹാർദിക് പാണ്ഡ്യ നായകനായിരുന്ന ഗുജറാത്ത് ടൈറ്റൻസിനെ മഴനിയമം പ്രകാരം 5 വിക്കറ്റിന് തോൽപിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ലീഗിൽ സിഎസ്‌കെയുടെ അഞ്ചാം കിരീടം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 214 റൺസെടുത്തു. മഴ മത്സരം തടസപ്പെടുത്തിയതോടെ 15 ഓവറിൽ പുതുക്കി നിശ്ചയിച്ച 171 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടുകയായിരുന്നു.