ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ തുടർച്ചയായ രണ്ട് ജയങ്ങളോടെ ഇന്ത്യ കുതിക്കുമ്പോൾ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരങ്ങൾക്ക് ടെസ്റ്റ് റാങ്കിംഗിൽ കുതിപ്പ്. ഇരട്ട ഡബിൾ സെഞ്ചുറിയുമായി ബാറ്റർമാരുടെ റാങ്കിംഗിൽ കുതിച്ച് മുന്നേറിയ ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പതിനഞ്ചാം സ്ഥാനത്തെത്തി. രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ 214 റൺസെടുത്ത പ്രകടനത്തോടെയാണ് യശസ്വി 14 സ്ഥാനങ്ങളുയർന്ന് തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്.

രാജ്‌കോട്ടിലെ ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ 12-ാം സ്ഥാനത്തേക്കുയർന്നതും ശ്രദ്ധേയമാണ്. ടെസ്റ്റ് റാങ്കിംഗിൽ ബാറ്റർമാരിൽ ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ ഒന്നും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടും സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ ഓരോ സ്ഥാനങ്ങളുയർന്ന് ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചൽ മൂന്നും പാക്കിസ്ഥാൻ താരം ബാബർ അസം നാലും സ്ഥാനത്തെത്തി.

റൂട്ട് നിലവിൽ അഞ്ചാമനാണ്. ഏഴാമതുള്ള വിരാട് കോലിയാണ് പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്റർ. കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നില്ല. ജയ്‌സ്വാളിനും രോഹിത്തിനും പുറമെ 12 സ്ഥാനങ്ങളുയർന്ന് 13-ാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കെറ്റാണ് പുതുക്കിയ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ബാറ്റർ. രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 153 റൺസ് നേടിയത് ഡക്കെറ്റിന് തുണയായി.

മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും പുതിയ റാങ്കിങ് നേട്ടത്തിന്റെതാണ്. അതേസമയം ആർ അശ്വിൻ ബൗളർമാരിൽ രണ്ടാമതെത്തി.

ബൗളർമാരിൽ ഒരിളക്കവും തട്ടാതെ ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ തന്നെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ മറികടന്ന് രണ്ടാമതെത്തി. രാജ്‌കോട്ടിലെ രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം മത്സരത്തിൽ ആകെ ഏഴ് പേരെ പുറത്താക്കിയ രവീന്ദ്ര മൂന്ന് സ്ഥാനങ്ങളുയർന്ന് ആറാമതെത്തിയതാണ് ടീം ഇന്ത്യക്ക് മറ്റൊരു പ്രധാന നേട്ടം. ബുമ്രയും അശ്വിനും ജഡേജയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളർമാർ.

അതേസമയം ഓൾറൗണ്ടർമാരിൽ രാജ്‌കോട്ടിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തോടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിച്ചു. ജഡേജയ്ക്ക് 469 റേറ്റിങ് പോയിന്റും രണ്ടാമതുള്ള ആർ അശ്വിന് 330 പോയിന്റുമാണുള്ളത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ മൂന്നാമത് നിൽക്കുമ്പോൾ ഇന്ത്യയുടെ അക്‌സർ പട്ടേൽ നാലാം സ്ഥാനത്ത് എത്തിയതും നേട്ടമായി.