മുംബൈ: ബിസിസിഐ താക്കീത് നൽകിയിട്ടും രഞ്ജി ട്രോഫി കളിക്കാതെ വിട്ടുനിൽക്കുന്ന ഇന്ത്യൻ താരങ്ങൾക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങൾക്ക് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ടിവരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ അവസരം ഉണ്ടായിട്ടും ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ തയാറായിരുന്നില്ല.

ഇഷാൻ കിഷൻ ഝാർഖണ്ഡിനായി കളിക്കാൻ തയാറായില്ല. ഐപിഎല്ലിനായുള്ള പരിശീലനത്തിലാണ് ഇഷാൻ കിഷൻ ഇപ്പോൾ. നടുവേദന ആയതിനാൽ രഞ്ജി ട്രോഫിയിൽ ഇറങ്ങാൻ സാധിക്കില്ലെന്നായിരുന്നു ശ്രേയസ് അയ്യരുടെ നിലപാട്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട കിഷനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റിൽ ഝാർഖണ്ഡിനായി കളിക്കാൻ തയാറായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്ക് ശേഷം ഒഴിവാക്കിയ ശ്രേയസ് അയ്യരാകട്ടെ പരിക്കാണെന്ന് പറഞ്ഞ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയെങ്കിലും ശ്രേയസിന് പരിക്കൊന്നുമില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി മെഡിക്കൽ വിഭാഗം തലവൻ നിതിൻ പട്ടേൽ ബിസിസിഐക്കും സെലക്ടർമാർക്കും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പുറം വേദന ഉണ്ടെന്ന് പറഞ്ഞ് ശ്രേയസ് അയ്യർ രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിനുള്ള മുംബൈ ടീമിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

ഐപിഎൽ മുന്നിൽ കണ്ട് ജനുവരി മുതൽ തന്നെ താരങ്ങൾ തയ്യാറെടുപ്പ് നടത്തുന്നതിനെതിരെ ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കായി കളിക്കാത്തവരും പരിക്കില്ലാത്തവരുമായ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചേ മതിയാവൂവെന്നും ജയ് ഷാ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പരിക്കുമൂലം കഴിഞ്ഞ ഐപിഎൽ സീസൺ പൂർണമായും നഷ്ടമായ ശ്രേയസ് പരിക്കേൽക്കാതിരിക്കാനുള്ള മുൻകരുതലായാണ് രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങി നടക്കുന്നത് എന്നാണ് വിവരം.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുന്നതിൽ ഓരോ താരങ്ങൾക്കും ഓരോ നിയമമാണോയെന്ന് ഇർഫാൻ പഠാൻ ചോദിച്ചു. പരുക്കേൽക്കുമെന്നു കരുതി ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയാണെന്നും ഇർഫാൻ പഠാൻ ആരോപിച്ചു. ഇഷാന്റെയും ശ്രേയസ് അയ്യരുടേയും പേരെടുത്തു പറയാതെയായിരുന്നു ഇർഫാൻ പഠാന്റെ വിമർശനം. മാർച്ച് 22നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു തുടക്കമാകുന്നത്.