റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ജോ റൂട്ടിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തിട്ടുണ്ട്. പുറത്താകാതെ ജോ റൂട്ട് നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റിയത്. റൂട്ടിനൊപ്പം ഒല്ലി റോബിൻസൺ (31) ക്രീസിലുണ്ട്. ബെൻ ഫോക്സ് (47), സാക് ക്രൗളി (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ആകാശ് ദീപ് സിങ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

അരങ്ങേറ്റക്കാരൻ ആകാശിന് മുന്നിൽ തകരുകയായിരുന്നു സന്ദർശകർ. ബെൻ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവരെ ആകാശ് പുറത്താക്കുകയായിരുന്നു. ഇതോടെ മൂന്നിന് 57 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടക്കം മുതൽ തകർത്തടിച്ച ജോണി ബെയർസ്റ്റോയെ അശ്വിനും പിന്നാലെ ബെൻ സ്റ്റോക്സിനെ ജഡേജയും വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ 112-5 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷൻ അവസാനിപ്പിച്ചത്.

ആറാം വിക്കറ്റിൽ റൂട്ടും ബെൻ ഫോക്‌സും നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. ആകാശാണ് മൂന്നു മുൻനിര ബാറ്റർമാരെയും മടക്കി ഇംഗ്ലണ്ടിനെ ആദ്യ സെഷനിൽതന്നെ പ്രതിരോധത്തിലാക്കിയത്.

സ്‌കോർ 47ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് പോകുന്നത്. 21 പന്തിൽ 11 റൺസെടുത്ത ബെൻ ഡക്കറ്റ് ആകാശിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുന് ജുറലിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടുപിന്നാലെ ഇംഗ്ലണ്ടിന് ഒലി പോപ്പിനെയും നഷ്ടമായി. ആകാശിന്റെ പന്തിൽ താരം എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. 42 പന്തിൽ 42 റൺസെടുത്ത സാക് ക്രൗലിയെ ആകാശ് ക്ലീൻ ബൗൾഡാക്കി.

ഇംഗ്ലണ്ട് സ്‌കോർ നൂറു കടന്നതിനു പിന്നാലെ 35 പന്തിൽ 38 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയെ ആർ. അശ്വിൻ മടക്കി. ഇതോടെ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികക്കുന്ന ആദ്യ ഇന്ത്യൻ താരമായി അശ്വിൻ. നായകൻ ബെൻ സ്റ്റോക്‌സിനും തിളങ്ങാനായില്ല. മൂന്ന് റൺസെടുത്ത താരത്തെ രവീന്ദ്ര ജഡേജ പുറത്താക്കി. തുടർന്നായിരുന്നു റൂട്ടിന്റെയും ബെൻ ഫോക്‌സിന്റെയും രക്ഷാപ്രവർത്തനം.

ലഞ്ചിനു പിന്നാലെ ഫോക്‌സിനെ ജഡേജയുടെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 126 പന്തിൽ 47 റൺസെടുത്താണ് താരം പുറത്തായത്. ടീം സ്‌കോർ 225. വൈകാതെ 26 പന്തിൽ 13 റൺസെടുത്ത ടോം ഹാർട്‌ലിയെയും സിറാജ് പുറത്താക്കി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി ക്രീസിലെത്തിയപാടെ അടിച്ചു തകർക്കാൻ നോക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മോശം പന്തുകളിൽ മാത്രം റൺസ് കണ്ടെത്താനായിരുന്നു റൂട്ടിന്റെ ശ്രമം. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇതുവരെ ഒമ്പത് ഫോറുകൾ നേടിയിട്ടുണ്ട് റൂട്ട്. ആദ്യ സെഷനിൽ പിച്ചിൽ നിന്ന് ലഭിച്ച ആനുകൂല്യം ബൗളർമാർക്ക് ലഭിക്കാതിരുന്നതോടെ ഇന്ത്യ വിക്കറ്റ് വീഴ്‌ത്താനാവാതെ വിയർത്തു.

അപ്രതീക്ഷിതമായി താഴ്ന്നു വരുന്ന പന്തുകളിൽ മാത്രമായി പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ പതിവുതെറ്റിച്ച് ബെൻ ഫോക്സും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനായില്ല. എന്നാൽ ബ്രേക്ക് ത്രൂ ആയി മുഹമ്മദ് സിറാജെത്തി. ഫോക്സിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു സിറാജ്. ടോം ഹാർട്ലിയെ കൂടി സിറാജ് ബൗൾഡാക്കിയതോടെ അവസാന സെഷൻ ഇന്ത്യ നേരിയ തിരിച്ചുവരവ് നടത്തി.