മുംബൈ: ബിസിസിഐ ആവശ്യപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്കും കരിയറിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. രഞ്ജി ട്രോഫി അടക്കം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാതെ മുങ്ങിനടക്കുന്ന താരങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സീനിയർ ടീമിലെയും എ ടീമിലെയും താരങ്ങൾ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കിൽ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിർദ്ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവൻ താരങ്ങൾക്കും നൽകിയിരുന്നു.

എന്നാൽ ബിസിസിഐയുടെ നിർദ്ദേശം തള്ളി രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ ടീമിലെ അംഗങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ബിസിസിഐയുടെ ദേശീയ ടീമിലേക്കുള്ള കോൺട്രാക്റ്റ് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ഇരു താരങ്ങളും ഐപിഎൽ ലക്ഷ്യമിട്ട് ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിട്ടുനിന്നത് ഗൗരവമായാണ് ബിസിസിഐ നേതൃത്വം എടുത്തിരിക്കുന്നത്.

2023 - 24 സീസണിലെ സെൻട്രൽ കോൺട്രാക്ടിൽനിന്ന് ഇരുവരെയും പുറത്താക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണു റിപ്പോർട്ടുകൾ. മുന്നറിയിപ്പു നൽകിയിട്ടും ഇരു താരങ്ങളും രഞ്ജി ട്രോഫി കളിക്കാൻ തയാറായിരുന്നില്ല. ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. ഇഷാൻ കിഷൻ ജാർഖണ്ഡ് ടീമിന്റെ താരമാണ്.

സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങളുടെ പുതിയ പട്ടികയ്ക്ക് ഇന്ത്യൻ ടീം സിലക്ടർമാർ അംഗീകാരം നൽകിയിട്ടുണ്ട്. അധികം വൈകാതെതന്നെ ഇതു പുറത്തുവിടുമെന്നാണു വിവരം. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്നു പുറത്തായത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇന്ത്യൻ ടീമിനൊപ്പം പിന്നീട് ചേരാത്തതിലും ഝാർഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാത്തതിലും ബിസിസിഐയ്ക്ക് ശക്തമായ എതിർപ്പുള്ള പശ്ചാത്തലത്തിലായിരുന്നു ജയ് ഷാ നേരത്തെ മുന്നറിയിപ്പ് നൽകിയത്. ഇതിനിടെയാണ് കിഷന്റെ ബിസിസിഐ കോൺട്രാക്റ്റ് എടുത്തുകളയുമെന്ന വാർത്തകൾ വന്നത്. കിഷനൊപ്പം ശ്രേയസ് അയ്യരും രഞ്ജി ട്രോഫി കളിക്കാതെ മുങ്ങി നടക്കുകയായിരുന്നു.

കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇഷാന്റെ മടക്കം. ഇന്ത്യയിലെത്തിയ താരം രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറായില്ല. പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം താരം ഐപിഎല്ലിനുള്ള പരിശീലനം ആരംഭിച്ചു. ഇതോടെയാണ് ബിസിസിഐ നേരിട്ടു വിഷയത്തിൽ ഇടപ്പെട്ടത്.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റ് പാസായിരുന്നു. പരിക്ക് മാറിയ സാഹചര്യത്തിൽ താരം നിർബന്ധമായും മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. എന്നാൽ പരിക്കുണ്ടെന്ന് പറഞ്ഞ് ശ്രേയസ് രഞ്ജിയിൽ നിന്ന് പിന്മാറുകയായിരുന്നു. യഥാർത്ഥത്തിൽ ബിസിസിഐയെ കബളിപ്പിക്കുകയായിരുന്നു ശ്രേയസ്. അതുകൊണ്ടുതന്നെ താരത്തിനെതിരെ നടപടി വരാൻ സാധ്യതയുണ്ട്.

ഇഷാന്റേയും ശ്രേയസിന്റേയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്നെസ് പൂർണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എൻസിഎ റിപ്പോർട്ട് നൽകിയിരുന്നു. പുറംവേദന തുടരുന്നതിനാൽ രഞ്ജി ട്രോഫി ക്വാർട്ടറിൽ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടർമാരെ അറിയിച്ചത്.

എന്നാൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ശ്രേയസ് ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചിരുന്നുവെന്നാണ് എൻസിഎ വെളിപ്പെടുത്തൽ. ഐപിഎൽ അടുത്തിരിക്കെ പരിക്കേൽക്കുന്ന സാഹചര്യം തടയാനാണ് ശ്രേയസ് രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന.