ദുബായ്: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബോർഡിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ മൂലമാണ് സസ്പെൻഷൻ. 2023 ക്രിക്കറ്റ് ലോകകപ്പിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ സർക്കാർ ഇടപെട്ട് പുറത്താക്കിയിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്നാണിതുണ്ടായത്. ലോകകപ്പിലെ ഒൻപതിൽ ഏഴ് മത്സരങ്ങളിലും ശ്രീലങ്ക തോറ്റിരുന്നു.

ഇന്ന് കൂടിയ ഐ.സി.സി ബോർഡ് മീറ്റിങ്ങിന് പിന്നാലെയാണ് തീരുമാനം. നിയമം ലംഘിക്കുന്ന സമീപനമാണ് ശ്രീലങ്കൻ ക്രിക്കറ്റിലുണ്ടായതെന്ന് സമിതി കണ്ടെത്തി. ഇതോടെ ഐ.സി.സി ടൂർണമെന്റുകളിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയ്ക്ക് കളിക്കാനാവില്ല.

ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ പുറത്താക്കിയ സർക്കാർ നടപടിക്കെതിരേ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീലങ്കൻ കായികമന്ത്രി റോഷൻ റണസിംഗെയ്ക്കെതിരേ നേരത്തേതന്നെ വ്യാപകമായ രീതിയിൽ അഴിമതി ആരോപണം നിലനിൽക്കുന്നുണ്ട്. റോഷനാണ് ശ്രീലങ്കൻ ബോർഡ് അംഗങ്ങളെ പുറത്താക്കി പകരം താത്കാലിക തലവനായി മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയെ നിയമിച്ചത്. മുൻപ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി പ്രവർത്തിച്ച താരമാണ് രണതുംഗ. അന്ന് താരത്തിനെതിരേ അഴിമതി ആരോപണമുണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോട് തോൽവി വഴങ്ങി ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇന്ത്യക്കെതിരെ നാണം കെട്ട തോൽവിയെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട് താൽക്കാലിക ബോർഡിന് ചുമതല നൽകിയിരുന്നു. ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ നടന്നെന്നാണ് ഐസിസി നിഗമനം. ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു. സസ്‌പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.