മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ട്വന്റി20 ടീമിന്റെ പുതിയ നായകനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തതില്‍ ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സൂര്യകുമാറിനെ നായക സ്ഥാനത്ത് എത്തിച്ചതിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ബുദ്ധിയാണെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ഒരു വിഭാഗം പറയുമ്പോള്‍ നിലവിലെ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നീക്കമാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.

അതേ സമയം ഗൗതം ഗംഭീറും സൂര്യയുമായുള്ള ഐപിഎല്‍ കാലത്തെ ബന്ധവും കാരണമായിരിക്കാമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ടെന്ന് ഓജ ചൂണ്ടിക്കാട്ടി. ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്ന കാലത്ത് സൂര്യകുമാര്‍ അവിടെ വൈസ് ക്യാപ്റ്റനുമായിരുന്നുവെന്ന് ഓജ ഓര്‍മിപ്പിച്ചു.

"ടീം തിരഞ്ഞെടുപ്പില്‍ 2026ലെ ട്വന്റി 20 ലോകകപ്പ് സിലക്ടര്‍മാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ലോകകപ്പ് മുന്‍നിര്‍ത്തി പക്വതയും പരിചയസമ്പത്തുമുള്ള ഒരു ക്യാപ്റ്റനെയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. അക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ചതായി ഈ ടീമില്‍ ആരുണ്ട്?

"പ്രതീക്ഷിച്ചിരുന്നതുപോലെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയിരുന്നെങ്കില്‍ ഫിറ്റ്‌നസ് ഉള്‍പ്പെടെ പ്രശ്‌നമാകുമായിരുന്നു. എല്ലാ തലങ്ങളും പരിശോധിക്കുമ്പോള്‍ സൂര്യകുമാര്‍ തന്നെയാണ് ഏറ്റവും നല്ലതെന്ന് തോന്നുന്നു.

"കളത്തില്‍ വളരെ മിടുക്കനായിട്ടുള്ള വ്യക്തിയാണ് സൂര്യ. ഗൗതം ഗംഭീറുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട് എന്നതും ശ്രദ്ധേയം. ഇരുവരും ഒരുമിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിച്ചുള്ള പരിചയവുമുണ്ട്. ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്ന സമയത്ത് സൂര്യ വൈസ് ക്യാപ്റ്റനുമായിരുന്നു. അതുകൊണ്ട് ഇരുവര്‍ക്കുമിടയില്‍ സ്വാഭാവികമായ ഒരു ഇഴയടുപ്പമുണ്ട്. പാണ്ഡ്യയുടെ കാര്യത്തില്‍ ഫിറ്റ്‌നസ് പ്രശ്‌നമായതോടെ സ്വാഭാവികമായും അടുത്ത പേര് സൂര്യകുമാറിന്റേതായി" ഓജ പറഞ്ഞു.

എന്നാല്‍ ഗൗതം ഗംഭീര്‍ ഈ നീക്കത്തില്‍ അവസാനം കണ്ണിചേര്‍ന്നിരിക്കാമെങ്കിലും സൂര്യകുമാര്‍ യാദവിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തുക എന്ന ആശയം ആദ്യം മുളപൊട്ടുന്നത് ദ്രാവിഡിന്റെ കാലത്താണ്.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നേതൃപദവികളിലുണ്ടായ പരിഷ്‌കരണത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഹാര്‍ദിക് പാണ്ഡ്യക്ക് പകരം അപ്രതീക്ഷിതമായി സൂര്യകുമാര്‍ യാദവിന് ചുമതല ലഭിക്കുകയായിരുന്നു. ഹാര്‍ദികിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ലഭിച്ചില്ലെന്ന് മാത്രമല്ല, താരതമ്യേന പുതുമുഖമായ ശുഭ്മാന്‍ ഗില്ലിനെ രണ്ട് ഫോര്‍മാറ്റുകളില്‍ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു.

എന്നാല്‍ ഈ മാറ്റം ഗൗതം ഗംഭീറിന്റെ വരവ് കൊണ്ടല്ലെന്നും മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ടീമാണ് ഹാര്‍ദിക്കിന് മുന്നോടിയായി സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനായി ആദ്യം കണ്ടെത്തുന്നതെന്നുമാണ് ഏറ്റവും പുതിയ റിപോര്‍ട്ട്.

ഇടയ്ക്കിടെയുള്ള പരിക്കുകള്‍ കാരണമാണ് ദ്രാവിഡിന്റെ സംഘം ഹാര്‍ദികിന് പകരം സ്ഥിരമായി ടീമില്‍ കളിക്കുന്ന ഒരു താരത്തെ നായകനാക്കാന്‍ ശ്രമം നടത്തിയത്. കൂടുതല്‍ കാലം പരിക്കില്ലാതെ തുടരാനും എല്ലാ മത്സരങ്ങള്‍ക്കും ലഭ്യമാവാനും സാധ്യതയുള്ള ഒരു ക്യാപ്റ്റനെ നിയമിക്കണമെന്ന് ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചു. ഹാര്‍ദിക്കിന്റെ നീണ്ട പരിക്കുകളുടെ ചരിത്രം കണക്കിലെടുത്താണ് പകരക്കാരിലേക്ക് ആലോചനയെത്തുന്നത്.

സൂര്യയെ നായകസ്ഥാനത്തേക്ക് അവരോധിക്കാനുള്ള വിത്ത് ആദ്യം പാകിയത് 2023ലെ ഏകദിന ലോകകപ്പിന് ശേഷമാണ്. കണങ്കാലിന് പരിക്കേറ്റ ഹാര്‍ദിക് ലോകകപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പിന്മാറിയിരുന്നു. ഹാര്‍ദികിന് എന്ന് തിരിച്ചെത്താനാവുമെന്ന കാര്യത്തില്‍ പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.