ജയ്പുർ: ഐ പി എൽ 2023 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആരാധക ബാഹുല്യത്തിന് ഒട്ടും ഇടിവ് തട്ടിയിട്ടില്ല. അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവ് സഞ്ജുവും സംഘവും നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേ സമയം ടീം അധികൃതർക്ക് ശുഭകരമായ വാർത്ത തേടിയെത്തിയിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം പ്രഥമ ഐ പി എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ഒരുങ്ങുകയാണ് അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ ടൈഗർ ഗ്ലോബൽ. ടെക്‌നോളജി രംഗത്ത് പേരുകേട്ട കമ്പനിയാണ് ടൈഗർ ഗ്ലോബൽ. നിലവിൽ ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ കമ്പനിക്ക് നിക്ഷേപമുണ്ട്.

സ്‌പോർട്ട്‌സ് രംഗത്തേക്കുള്ള കടന്നുവരവിന്റെ ഭാഗമായാണ് രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ടൈഗർ ഗ്ലോബൽ തീരുമാനിച്ചിരിക്കുന്നത്. 320 കോടി ഇന്ത്യൻ രൂപ രാജസ്ഥാൻ റോയൽസിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ മൂല്യം 5300 കോടിയിൽ കൂടുതലായി മാറും. നേരിട്ടോ അല്ലാതെയോ നിക്ഷേപവുമായി മുന്നോട്ടുവന്നേക്കാമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനം 40 മില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രശസ്ത സ്പോർട്സ് ഫാന്റസി ഗെയിം വെബ്സൈറ്റായ ഡ്രീം11 പ്രവർത്തിപ്പിക്കുന്ന ഡ്രീം സ്പോർട്സിലെ ഒരു ഷെയർഹോൾഡറാണ് ടൈഗർ ഗ്ലോബൽ. ഫ്‌ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് ഭീമന്മാർക്ക് പുറമെ സോമാറ്റോ, ഒല, ഡൽഹിവേരി തുടങ്ങിയ ബിസിനസുകളും കമ്പനി സ്‌പോൺസർ ചെയ്തിട്ടുണ്ട്.

നടി ശില്പാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും ഉടമസ്ഥാവകാശം ഉണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയിൽ ഇപ്പോൾ 65 ശതമാനം ഓഹരിയും മനോജ് ബാദലിന്റെ എമേർജിങ് മീഡിയ ലിമിറ്റഡിനാണ്. സഞ്ജുസാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഈ ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്ത്.

ഐ.പി.എൽ ആദ്യ സീസണിലെ ജേതാക്കളായ രാജസ്ഥാൻ 2022 സീസണിലെ റണ്ണറപ്പുകളായിരുന്നു. പുതിയ നിക്ഷേപം പ്രാവർത്തികമായാൽ ഐ.പി.എൽ ടീമുകളുടെ മൂല്യവും വരുമാനവും കുത്തനെ ഉയരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.