തിരുവനന്തപുരം: മാറുന്ന കാലത്തിനനുസരിച്ച് അടിമുടി മാറ്റങ്ങളുമായി ആഭ്യന്തര ക്രിക്കറ്റ്.രഞ്ജി ട്രോഫി ഘട്ടംഘട്ടമായി നടത്താനുദ്ദേശിക്കുമ്പോള്‍ സി കെ നായിഡു ട്രോഫിയില്‍ ടോസ് തന്നെ ഒഴിവാകും.മറ്റു ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലും ഉണ്ട് മാറ്റം.താരങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക എന്നതാണ് സമൂലമായ മാറ്റത്തിന് പിന്നിലെ ലക്ഷ്യം.ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചത്.

സാധാരണ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിനും വിജയ് ഹസാരെ ഏകദിന ചാംപ്യന്‍ഷിപ്പിനും ശേഷം ഒറ്റ ഘട്ടമായിട്ടാണ് രഞ്ജി ട്രോഫി സംഘടിപ്പിക്കുന്നത്.എന്നാല്‍ ഇനി മുതല്‍ രണ്ട് ഘട്ടമായി നടത്താനാണ് സമിതിയുടെ നിര്‍ദ്ദേശം.5 ആഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ ഓരോ ടീമുകളും 5 ലീഗ് മത്സരങ്ങള്‍ കളിച്ചാല്‍ പിന്നെ മുഷ്താഖ് അലി, വിജയ് ഹസാരെ ടൂര്‍ണമെന്റുകളാണ്. അതിനു ശേഷമാവും രഞ്ജിയിലെ ശേഷിക്കുന്ന 2 ലീഗ് മത്സരങ്ങളും നോക്കൗട്ട് റൗണ്ടുകളും നടക്കുക.

ഇത്തവണ ഒക്ടോബറില്‍ രഞ്ജി ട്രോഫി ആരംഭിക്കും.5 ആഴ്ച നീളുന്ന ആദ്യഘട്ടത്തില്‍ ഓരോ ടീമുകളും 5 ലീഗ് മത്സരങ്ങള്‍ കളിച്ചാല്‍ പിന്നെ മുഷ്താഖ് അലി, വിജയ് ഹസാരെ ടൂര്‍ണമെന്റുകളാണ്.അതിനു ശേഷം ജനുവരി 23 മുതലാണ് രഞ്ജിയിലെ ശേഷിക്കുന്ന 2 ലീഗ് മത്സരങ്ങളും നോക്കൗട്ട് റൗണ്ടുകളും നടക്കുക.ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 2 വരെയാണു ഫൈനല്‍.രഞ്ജി ട്രോഫിയില്‍ രണ്ട് ലീഗ് മത്സരങ്ങള്‍ക്കിടയിലുള്ള ഇടവേള 4 ദിവസമായി വര്‍ധിപ്പിച്ചു.

കഴിഞ്ഞ തവണ ജനുവരി മുതല്‍ മാര്‍ച്ച് വരെയായിരുന്നു രഞ്ജി ട്രോഫി.അണ്ടര്‍ 23 സി കെ നായിഡു ട്രോഫിയില്‍ ടോസ് ഒഴിവാക്കാനാണ് നിര്‍ദ്ദേശം.പകരം സന്ദര്‍ശക ടീമിന് ബാറ്റിങ്ങോ ഫീല്‍ഡിങ്ങോ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.ദുലീപ് ട്രോഫിയിലും ഇത്തവണ മാറ്റമുണ്ട്. മേഖലാ തലത്തിലെ 6 ടീമുകളാണ് സാധാരണ മത്സരിക്കുന്നതെങ്കില്‍ ദേശീയ സിലക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന 4 ടീമുകളാണ് ഇത്തവണ മത്സരിക്കുക.

ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.വനിതാ ഇന്റര്‍ സോണല്‍ ചാംപ്യന്‍ഷിപ്പും ഈ രീതിയില്‍ മാറും.കളിക്കാര്‍ക്ക് മതിയായ വിശ്രമം ലഭിക്കാന്‍ ലക്ഷ്യമിട്ടാണു രാഹുല്‍ ദ്രാവിഡും വി.വി.എസ്.ലക്ഷ്മണും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബിസിസിഐക്ക് മുന്നില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത്.ഇതോടെ ആഭ്യന്തര ക്രിക്കറ്റ് കൂടുതല്‍ ജനപ്രീതി നേടുമെന്നും സമിതി നിരീക്ഷിക്കുന്നുണ്ട്.