മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്ററായിരുന്ന ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഐസിസി മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി വലിയ വിജയങ്ങള്‍ നേടിക്കൊടുത്ത താരമായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ധവാന്റെ വിടവാങ്ങലില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.

അക്കൂട്ടത്തില്‍ എത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഇരുവരും മൂന്ന് തവണ മാത്രമാണ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. ഭാവിയിലേക്ക് ഇനി എന്തായാലും അതിനുവേണ്ടി ധവാന് എല്ലാ ആശംസയുമാണ് സച്ചിന്‍ നല്‍കിയത്. ധവാന്റെ കളി എപ്പോഴും പടര്‍ന്നുപിടിക്കുന്നതാണെന്നും സച്ചിന്‍ പറയുന്നു.

'നിന്റെ ആകര്‍ഷീയമായ സാന്നിധ്യം ക്രിക്കറ്റ് ഫീല്‍ഡിന് നഷ്ടമാകും. നിങ്ങളുടെ ചിരി, നിങ്ങളുടെ സ്‌റ്റൈല്‍, പിന്നെ നിങ്ങളുടെ കളിയോടുള്ള ഇഷ്ടം ഇതെല്ലാം പടര്‍ന്ന് പിടിക്കുന്നതായിരുന്നു. നിങ്ങളുടെ ക്രിക്കറ്റ് കരിയറിന്റെ പേജ് മറിക്കുമ്പോള്‍ നിങ്ങളുടെ ലെഗസി എല്ലാ ആരാധകരുടെ സഹതാരങ്ങളുടെയും ഉള്ളില്‍ കൊത്തിവെച്ചിട്ടുണ്ട്. നിങ്ങളുടെ മുന്നോട്ടുള്ള നീക്കം എന്തിന് വേണ്ടിയാണോ അതിന് എല്ലാ വിധ ആശംസകളും,' നിങ്ങളുടെ ചിരി തുടരൂ ശിഖര്‍!' സച്ചിന്‍ എക്‌സില്‍ കുറിച്ചു.

2010ലാണ് ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആസ്‌ട്രേലിയക്കെതിരെ ഏകദിന മത്സരത്തിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. 2022ല്‍ ബംഗ്ലദേശിനെതിരെ ഏകദിന മത്സരത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചതും. ഇന്ത്യക്കായി 34 ടെസ്റ്റ്, 167 ഏകദിനം, 68 ട്വന്റി-20 മത്സരങ്ങളിലും ധവാന്‍ പങ്കെടുത്തിരുന്നു. 2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ടീമിന്റെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ ആയിരുന്നു ധവാന്‍. പിന്നീട് 2015 ലോകകപ്പിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആകാന്‍ ധവാന് സാധിച്ചു.