ജയ്പൂര്‍: സഞ്ജുസാംസണ്‍ ഇത്തവണ രാജസ്ഥാന്‍ വിടുമെന്ന അഭ്യൂഹം സജീവമാകുന്നതിനിടെ രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു.മേജര്‍ മിസ്സിങ്ങ് എന്ന തലക്കെട്ടോടെയാണ് സഞ്ജുവിന്റെ വീഡിയോ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്.വലിയ നഷ്ടമെന്ന രണ്ട് വാക്കുകള്‍ക്കൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നമവുമിട്ടാണ് താരങ്ങള്‍ക്കും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരക്കുമൊപ്പമുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വീഡിയോ രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആശങ്കയറിയിച്ചുള്ള കമന്റുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.സഞ്ജുവിനെ കൈവിടരുതേ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ടീമുകളെല്ലാം തലപുകയ്ക്കുകയാണിപ്പോള്‍.അതിനിടെ രാജസ്ഥാന്‍ റോയല്‍സ് പോസ്റ്റ് ചെയ്ത വിഡീയോ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്.സഞ്ജുവിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതില്‍ കഴമ്പുണ്ടെന്ന സൂചന നല്‍കുന്നതാണ് റോയല്‍സിന്റെ പുതിയ പോസ്റ്റ്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു പിന്നീട് മൂന്ന് സീസണുകളില്‍ കൂടി ടീമിനായി കളിച്ചു.രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്നതോടെ 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് സഞ്ജു കളിച്ചത്.വിലക്കിനു ശേഷം റോയല്‍സ് മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനെയും അവര്‍ ഒപ്പം കൂട്ടുകയും ചെയ്തു.2021 മുതല്‍ റോല്‍സിനെ നയിക്കുന്നത് അദ്ദേഹമാണ്.2020ലെ സീസണിനു ശേഷം സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതോടെയാണ് പകരം സഞ്ജുവിനു ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു തന്റെ മേല്‍ ടീം അര്‍പ്പിച്ച വിശ്വാസം കാത്തു.

പക്ഷെ ക്യാപ്റ്റനായുള്ള ആദ്യത്തെ സീസണില്‍ ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.പോരായ്മകളില്‍ പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവന്ന സഞ്ജുവിന്റെ രാജസ്ഥാനെയാണ് അടുത്ത സീസണില്‍ കണ്ടത്.2022ല്‍ സഞ്ജു നയിച്ച റോയല്‍സ് ഫൈനലിലേക്കു കുതിച്ച് എല്ലാവരെയും ഞെട്ടിച്ചു.അന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ ഫൈനലില്‍
കീഴടങ്ങുകയായിരുന്നു.2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായെങ്കിലും കഴിഞ്ഞ സീസണില്‍ സഞ്ജുവിന് കീഴില്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കളിച്ചു.

എന്നാല്‍ രണ്ടാ ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായി.രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കൂടിയാണ് സഞ്ജു.കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ചുറി അടക്കം 531 റണ്‍സാണ് സഞ്ജു നേടിയത്.സഞ്ജു ടീം വിട്ടേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ചെന്നൈ സൂപ്പര്‍ സിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു,ഡല്‍ഹി ക്യാപ്പിറ്റല്‍സ് തുടങ്ങി പല ടീമുകളുമായി ചേര്‍ത്തും അദ്ദേഹത്തിന്റെ പേരില്‍ ഊഹാപോഹങ്ങള്‍
വരുന്നുണ്ട്.

ഇതില്‍ കൂടുതല്‍ സജീവമായി കേള്‍ക്കുന്നത് ചെന്നൈയുടെ പേരാണ്.മാത്രമല്ല രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോയ്ക്ക് ലൈക്ക് ചെയ്ത ഏക ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്ങ്സാണ്.ചെന്നൈ ആരാധകരും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
രാജസ്ഥാന്‍ വിട്ടാല്‍ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് സ്വാഗതം ചെയ്യുമെന്ന് ആയിരുന്നു ആരാധകന്റെ പ്രതികരണം. എം എസ് ധോണിക്ക് പകരം മികച്ചൊരു വിക്കറ്റ് കീപ്പറെ തേടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് പറ്റിയ കളിക്കാരനാകും സഞ്ജുവെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.

മെഗാ താരലേലം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടായേക്കുമെന്നാണ് വിവരം. അതിനു മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റും ഫ്രാഞ്ചൈസികള്‍ പുറത്തുവിടും.റോയല്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ലേലത്തിലെ കളിക്കാരുടെ പൂളില്‍ സഞ്ജുവിനെ തീര്‍ച്ചയായും നമുക്കു കാണാന്‍ സാധിക്കും.വലിയ ഡിമാന്റ് തന്നെ ലേലത്തില്‍ അദ്ദേഹത്തിനുണ്ടാവുമെന്ന കാര്യവുമുറപ്പാണ്.