സിഡ്നി: ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിൻ ഷെയ്ൻ വോൺ ഓർമ്മയായിട്ട് ഇന്നേക്ക് ഒരുവർഷം. കഴിഞ്ഞ വർഷം തായ്ലൻഡിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 52കാരനായ വോണിന്റെ അന്ത്യം.

വോണിന്റെ വേർപാടിന് ഒരു വർഷം തികയുമ്പോൾ വിയോഗത്തിന്റെ ദുഃഖവും ഓർമ്മകളും പങ്കിട്ട് സമകാലികരായ സച്ചിൻ ടെൻഡുൽക്കറും ആദം ഗിൽക്രിസ്റ്റും മൈക്കൽ വോണും അടക്കമുള്ള താരങ്ങളും അദേഹം ക്യാപ്റ്റനായിരുന്ന രാജസ്ഥാൻ റോയൽസും കുറിപ്പുകൾ പങ്കുവച്ചു. മഹാനായ ക്രിക്കറ്റർ എന്നതുകൊണ്ട് മാത്രമല്ല, നല്ല സുഹൃത്ത് എന്ന നിലയിലും വോണിനെ മിസ്സ് ചെയ്യുന്നതായി സച്ചിൻ കുറിച്ചു.

അലസതാളത്തിലുള്ള ബൗളിങ് ആക്ഷന് പിന്നാലെ വോണിന്റെ വിരലുകളിൽ നിന്ന് ക്രീസിലേക്ക് പറന്നിറങ്ങുന്ന, ബാറ്റർമാരെ കറക്കിവീഴ്‌ത്തുന്ന പന്തുകൾ. ടേണിനൊപ്പം ഏത് വിക്കറ്റിലും ബൗൺസും കണ്ടെത്തുന്നതായിരുന്നു വോണിനെ അപകടകാരിയാക്കിയത്. ടെസ്റ്റിൽ ഹാട്രിക്. ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച്. ടെസ്റ്റിൽ 700 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിക്കറ്റും നേടുന്ന ആദ്യ ബൗളർ. സെഞ്ച്വറിയില്ലാതെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ. മൈക് ഗാറ്റിംഗിന്റെ വിക്കറ്റ് പിഴുത നൂറ്റാണ്ടിന്റെ പന്ത്. തിളക്കമേറെയാണ് വോണിന്റെ നേട്ടങ്ങൾക്ക്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വോണിനെ ഓർക്കുകയാണ്. അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ... ''നമ്മൾ ഗ്രൗണ്ടിൽ വിസ്മരിക്കാനാവാത്ത ചില മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അഭാവം ഞാൻ അറിയുന്നു. ഒരു ക്രിക്കറ്റർ എന്ന രീതിയിൽ മാത്രമല്ല, സുഹൃത്തെന്ന നിലയിലും. നിങ്ങളുടെ നർമബോധവും ആകർഷണീയതയും സ്വർഗത്തെ കൂടുതൽ മനോഹരമാക്കി തീർക്കുന്നുണ്ടാവുമെന്ന് എനിക്ക് തോന്നുന്നു. സച്ചിൻ ട്വിറ്ററിൽ കുറിച്ചിട്ടു.

1992ൽ ഇന്ത്യക്കെതിരെ അരങ്ങേറ്റം. 145 ടെസ്റ്റിൽ 708 വിക്കറ്റ്. 194 ഏകദിനത്തിൽ 293 വിക്കറ്റ്. ആഷസിൽ മാത്രം 195 വിക്കറ്റ്. ഐപിഎല്ലിലെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ചാന്പ്യന്മാരാക്കിയ നായകൻ. കമന്റേറ്ററായും മെന്ററായും ക്രിക്കറ്റിൽ സജീവമായി തുടരവേയാണ് കഴിഞ്ഞ വർഷം മരണം അപ്രതീക്ഷിതമായ വോണിന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ൻ വോൺ. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

ടെസ്റ്റിൽ 145 മത്സരങ്ങളിൽ 2.65 ഇക്കോണമിയിൽ 708 വിക്കറ്റും 194 ഏകദിനങ്ങളിൽ 4.25 ഇക്കോണമിയിൽ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ പേരിലാക്കി. ഏകദിനത്തിൽ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ 57 വിക്കറ്റ് വീഴ്‌ത്തി.