അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറിക്കും ട്വന്റി 20 ക്രിക്കറ്റിലെ സെഞ്ചുറിക്കും പിന്നാലെ ടെസ്റ്റിലും സെഞ്ചുറി നേടി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ എലൈറ്റ് ക്ലബ്ബിൽ. ഒരു കലണ്ടർ വർഷം മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ബാറ്ററായി ഗിൽ മാറി. ഇന്ത്യൻ നായകൻ രോഹിത് ശർമ, സുരേഷ് റെയ്‌ന, കെ എൽ രാഹുൽ എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.

ഈ വർഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറിയും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഡബിൾ സെഞ്ചുറിയും നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ ഗിൽ പിന്നാലെ വീണ്ടും സെഞ്ചുറിയും നേടി. ന്യൂസിലൻഡിനെതിരെ ട്വന്റി 20 മത്സരത്തിലും സെഞ്ചുറി നേടിയ ഗിൽ ഈ വർഷം നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്.

അഹമ്മദാബാദ് ടെസ്റ്റിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗിൽ രണ്ടാം ദിനം അവസാനം നേഥൻ ലിയോണിനെ സിക്‌സിന് പറത്തിയിരുന്നു. മൂന്നാം ദിനം തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പൂജാരക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ഗില്ലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലേക്ക് നയിച്ചത്.

ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ഗിൽ അഹമ്മദാബാദിൽ നേടിയത്. കഴിഞ്ഞ വർഷം അവസാനം ബംഗ്ലാദേശിനെതിരായ ടെസ്റ്റിലായിരുന്നു ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ കെ എൽ രാഹുൽ ഓപ്പണറായി എത്തിയതോടെ ഗില്ലിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. ടീമിലേക്കുള്ള തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടി താരം ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ്.

ഇൻഡോർ ടെസ്റ്റിൽ അവസരം ലഭിച്ചപ്പോൾ തിളങ്ങാൻ കഴിയാതിരുന്നതോടെ രാഹുലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാമ് അഹമ്മദാബാദിൽ തകർപ്പൻ സെഞ്ചുറിയുമായി ഗിൽ വിമർശകരുടെ വായടപ്പിച്ചത്.

23 വയസ് മാത്രമുള്ള ഗിൽ രണ്ടാം ടെസ്റ്റ് സെഞ്ചുറിയുമായി അമ്പരപ്പിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയുടെ പ്രതികരണമായിരുന്നു. നാഗ്പൂരിലും ഡൽഹിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിൽ ബാറ്റിങ് പരാജയമായ കെ എൽ രാഹുലിന് പകരം ഇൻഡോർ ടെസ്റ്റിലൂടെയാണ് ഗിൽ പ്ലേയിങ് ഇലവനിലെത്തിയത്.

എന്നാൽ ഇൻഡോറിൽ താരത്തിന് തിളങ്ങാനായില്ലെങ്കിലും അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനം മൂന്നക്കം തികച്ച് ശുഭ്മാൻ ഗിൽ കയ്യടി വാങ്ങി. മാത്രമല്ല ചേതേശ്വർ പൂജാരയ്‌ക്കൊപ്പം 100 റൺസ് കൂട്ടുകെട്ട് സ്ഥാപിക്കുകയും ചെയ്തു. ഗിൽ സെഞ്ചുറി തികച്ചതും ഏറ്റവും കൂടുതൽ സന്തോഷിച്ചത് വിരാട് കോലിയായിരുന്നു. ഡഗൗട്ടിലിരുന്നുള്ള കോലിയുടെ ആഘോഷം ഇതിനകം വൈറലാണ്. നേരത്തെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു ഗില്ലിന്റെ ആദ്യ ടെസ്റ്റ് ശതകം.

അഹമ്മദാബാദ് ടെസ്റ്റിൽ ഓസീസിന്റെ 480 റൺസ് പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടരുകയാണ്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എന്ന നിലയിലാണ്.

സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവിൽ നഷ്ടമായത്. 235 പന്തുകൾ നേരിട്ട് ഒരു സിക്സും 12 ബൗണ്ടറിയുമടക്കം 128 റൺസെടുത്ത ഗില്ലിനെ, നേഥൻ ലയൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും അനായാസം സ്‌കോർ ചെയ്തു.

എന്നാൽ ടീം സ്‌കോർ 74-ൽ നിൽക്കേ രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 58 പന്തിൽ നിന്ന് 35 റൺസെടുത്ത രോഹിത് മാത്യു കുനെമാനിന്റെ പന്തിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. കുനെമാനിന്റെ പന്തിൽ രോഹിത് മാർനസ് ലബുഷെയ്‌നിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ആദ്യ വിക്കറ്റിൽ 74 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്.

പിന്നാലെ വന്ന ചേതേശ്വർ പുജാരയെ കൂട്ടുപിടിച്ച് ഗിൽ സ്‌കോർ ഉയർത്തി. വൈകാതെ ഗിൽ അർധസെഞ്ചുറി നേടുകയും ചെയ്തു. 90 പന്തിൽ നിന്നാണ് ഗിൽ അർധശതകം കുറിച്ചത്. പിന്നാലെ ടീം സ്‌കോർ 100 കടക്കുകയും ചെയ്തു. പുജാരയും നന്നായി ബാറ്റ് വീശാൻ തുടങ്ങിയതോടെ മത്സരം ഇന്ത്യയുടെ കൈയിലായി. ഗില്ലും പുജാരയും ചേർന്ന് ഓസീസ് സ്പിന്നർമാരെ അനായാസം നേരിട്ടു. വൈകാതെ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ ഗില്ലും പുജാരയും അനായാസമാണ് ബാറ്റുചലിപ്പിച്ചത്. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. വൈകാതെ ഇരുവരും 58-ാം ഓവറിൽ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

പിന്നാലെ 62-ാം ഓവറിൽ ശുഭ്മാൻ ഗിൽ സെഞ്ചുറിയും തികച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയാണിത്. എന്നാൽ ഓവറിലെ അവസാനപന്തിൽ പുജാര പുറത്തായി. 121 പന്തിൽ മൂന്ന് ബൗണ്ടറിയടക്കം 42 റൺസെടുത്താണ് പുജാര മടങ്ങിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ ഗിൽ 58 റൺസ് ചേർത്തു. ലയണിന്റെ കുത്തിത്തിരിഞ്ഞ പന്തിൽ ഗില്ലിന് പിഴച്ചതോടെ സ്‌കോർ 245-ൽ എത്തിയപ്പോൾ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.

നേരത്തെ ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീൻ 114 ഉം റൺസ് സ്വന്തമാക്കി. ഇന്ത്യക്കായി രവിചന്ദ്രൻ അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തി.