അഡ്ലെയ്ഡ്: ഗ്രൂപ്പിലെയും ടൂർണ്ണമെന്റിലെയും രണ്ടാമത്തെ സെമിഫൈനലിസ്റ്റിനെ ഇന്നറിയാം. ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നത്. അഫ്ഗാനെതിരേ വെറും നാല് റൺസിന്റെ മാത്രം വിജയം നേടാനായ ഓസീസിന് തങ്ങളുടെ സെമി സാധ്യത അറിയാൻ ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരം വരെ കാത്തിരിക്കണം. ഇംഗ്ലണ്ട് ജയിച്ചാൽ ഓസീസിനെ മറികടന്ന് അവർ സെമിയിലെത്തും.എന്നാൽ ശ്രീലങ്ക ജയിച്ചാൽ ഓസീസിന് സെമിയിലെത്താം.

നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു.സിഡ്‌നിയിൽ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാൽ ഇംഗ്ലണ്ടിന്റെ സമ്മർദ്ദമേറും. ശ്രീലങ്കയെ വീഴ്‌ത്തിയാൽ മാത്രമെ ഇംഗ്ലണ്ടിന് സെമിയിലെത്താനാവു. സെമി പ്രതീക്ഷ അവസാനിച്ച ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കക്കാകട്ടെ ഇത് അഭിമാനം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ്.

ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ടിന് അഞ്ചും ഓസ്‌ട്രേലിയക്കും ന്യൂസിലൻഡിനും ഏഴും പോയന്റ് വീതമാണുള്ളത്. ഇന്ന് ലങ്കയെ കീഴടക്കിയാൽ ഏഴ് പോയന്റും മികച്ച നെറ്റ് റൺറേറ്റുമുള്ള ഇംഗ്ലണ്ട് ന്യൂസിലൻഡിനൊപ്പം ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവും. ന്യൂസിലൻഡിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്മാരാവാണമെങ്കിൽ വലിയ മാർജിനിലുള്ള വിജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.

മറുവശത്ത് നാലു പോയന്റുള്ള ലങ്കക്ക് ഇന്ന് ജയിച്ചാലും പരമാവധി ആറ് പോയന്റേ നേടാനാവു. എന്നാൽ ലങ്ക ജയിച്ചാൽ ഇംഗ്ലണ്ട് പുറത്തും ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയ സെമിയിലേക്കും മുന്നേറും. നേർക്കുനേർ പോരാട്ടങ്ങളിൽ ഇംഗ്ലണ്ടിന് ശ്രീലങ്കക്ക് മേൽ ആധിപത്യമുണ്ട്. പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒമ്പത് കളികളിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ലങ്കൻ ജയം നാലു മത്സരങ്ങളിൽ മാത്രം. 

ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടക്കുന്ന ആദ്യ ടീമായി ന്യൂസീലൻഡ്. ഗ്രൂപ്പ് ഒന്നിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അഫ്ഗാനെതിരേ ഓസ്ട്രേലിയ 168 റൺസിൽ ഒതുങ്ങിയതോടെയാണ് ന്യൂസീലൻഡ് ഔദ്യോഗികമായി സെമി ഉറപ്പിച്ചത്.ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ ഓസ്ട്രേലിയക്ക് 185 റൺസെങ്കിലും സ്‌കോർ ചെയ്ത് വിജയം നേടണമായിരുന്നു. അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് പോയന്റോടെയാണ് കിവീസിന്റെ സെമി പ്രവേശനം. പ്ലസ് ടു.113 എന്ന മികച്ച നെറ്റ് റൺറേറ്റിലായിരുന്നു കിവീസ്.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അയർലൻഡിനെതിരേ 35 റൺസിന്റെ ജയത്തോടെ ന്യൂസീലൻഡ് സെമി ബർത്ത് ഏതാണ്ട് ഉറപ്പിച്ചിരുന്നു. ഓസീസിനെതിരായ അഫ്ഗാന്റെ മികച്ച പ്രകടനത്തോടെ ഇനി മറ്റൊരു ടീമിനും ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കുക അസാധ്യമാണ്.