മുംബൈ: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉളളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു.കായിക മേഖലയില്‍ നിന്നാണ് വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ പൊതുവേ കുറവ്.എന്നാല്‍ ഇപ്പോഴിത കായിക മേഖലയിലെ വേറിട്ട ശബ്ദമാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുര്യകുമാര്‍ യാദവ്.കൊല്‍ക്കത്ത വിഷയത്തില്‍ താരം തന്റെ നിലപാടറിയിച്ച് രംഗത്ത് വന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് സുര്യ തന്റെ നിലപാട് വ്യക്തമാക്കിയത്.'പ്രോട്ടക്റ്റ് യുവര്‍ ഡോട്ടര്‍' എന്ന വാചകം വെട്ടി, 'എജ്യുക്കേറ്റ് യുവര്‍ സണ്‍' എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്ന രീതിയിലാണ് സൂര്യകുമാര്‍ യാദവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 'എജ്യുക്കേറ്റ് യുവര്‍ സണ്‍' എന്ന വാചകത്തിനൊപ്പം 'ആന്‍ഡ് യുവര്‍ ബ്രദേഴ്സ്', 'ആന്‍ഡ് യുവര്‍ ഫാദര്‍', 'ആന്‍ഡ് യുവര്‍ ഹസ്ബന്‍ഡ്', ആന്‍ഡ് യുവര്‍ ഫ്രണ്ട്സ്' എന്നും ചേര്‍ത്തിട്ടുണ്ട്.രാജ്യസഭാ എംപി കൂടിയായ ഹര്‍ഭജന്‍ സിങ്ങിനു പിന്നാലെ പ്രതികരണവുമായി സൂര്യകുമാര്‍ യാദവും രംഗത്തെത്തിയത്.

നേരത്തെ, ഡോക്ടറുടെ മരണത്തില്‍ നീതി വൈകുന്നതിനെ ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിങ് സമൂഹമാധ്യമത്തില്‍ തുറന്ന കത്ത് പങ്കുവച്ചിരുന്നു. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് എന്നിവര്‍ക്ക് കത്തെഴുതിയെന്ന് വ്യക്തമാക്കിയാണ് ഇതിന്റെ ഒരു പകര്‍പ്പ് ഹര്‍ഭജന്‍ തന്റെ 'എക്സ്' അക്കൗണ്ടില്‍ പങ്കുവച്ചത്.

ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ ആരാധകര്‍ എല്ലാ ശത്രുതയും മറന്ന് കൊല്‍ക്കത്തയില്‍ ഒരുമിച്ച് പ്രതിഷേധിച്ചു. ഡല്‍ഹിയിലും ഡോക്ടര്‍മാരുടെ പ്രതിഷേധമുണ്ടായി.