ജോഹന്നാസ് ബർഗ്: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം തേടി ഇന്ത്യൻ യുവതാരങ്ങൾ ഇന്നിറങ്ങും. ഫൈനലിൽ ഇംഗ്ലണ്ട് ആണ് എതിരാളികൾ. പോച്ചഫ്സ്ട്രൂമിലെ സെവൻസ് പാർക്കിൽ ഇന്ത്യൻ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക.

സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ എട്ടു വിക്കറ്റ് വിജയവുമായാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തിയത്. ഇന്ത്യൻ സീനിയർ ടീമംഗം ഷെഫാലി വർമ്മയാണ് ഇന്ത്യൻ കൗമാരപ്പടയെ നയിക്കുന്നത്. രാജ്യാന്തര തലത്തിൽ ഇന്ത്യൻ വനിതാ ടീം ലോകകപ്പ് നേടിയിട്ടില്ല എന്ന കുറവ് നികത്തുക കൂടി ടീം ലക്ഷ്യമിടുന്നു.

ഇന്ത്യൻ വനിതാ സീനിയർ ടീം രണ്ടു തവണ ഏകദിന ലോകകപ്പിലും ഒരു തവണ ട്വന്റി 20 ലോകകപ്പിലും ഫൈനലിലെത്തിയിരുന്നു. എന്നാൽ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് അർഹത നേടിയത്. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തതസമയം കാണാനാകും.