അഹമ്മദാബാദ്: റൺസിനോടുള്ള അഭിനിവേശം വിരാട് കോലിയിൽ മടങ്ങി എത്തിയിരിക്കുന്നു. പന്തിന് വേണ്ടി കാത്ത് നിന്ന് ബാറ്റ് വീശിയ താരം. പാദചലനങ്ങളും സ്ട്രോക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കാട്ടിയ മികവും. ടൈമിംഗും അപാരം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സമകാലിക ബാറ്റ്സ്മാനായി കോലി മാറുകായണ്. അതിനാണ് ലോകകപ്പിന്റെ 15-ാം എഡിഷൻ സാക്ഷിയായത്. നഷ്ടപ്പെട്ടുവെന്ന് വിമർശകർ പരിഹസിച്ച അതേ ഫോ കോലി വീണ്ടെടുക്കുന്നു. ക്ലാസും ഫോമും വീണ്ടും ഈ വലതു കൈയൻ ബാറ്ററിൽ പ്രതിഫലിച്ചു. അതിന്റെ സാക്ഷ്യ പത്രമാണ് ഈ ലോകകപ്പിലെ കണക്കുകൾ.

നിർഭാഗ്യം ഇന്ത്യയ്ക്ക് ലോകകപ്പ് നൽകിയില്ല. അപ്പോഴും ഈ ലോകകപ്പിൽ കോലിയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. കോലിയുടെ ബാറ്റിന്റെ കരുത്തിലാണ് തുടർച്ചയായ പത്ത് വിജയങ്ങൾ ഇന്ത്യ നേടിയത്. എല്ലാ ടീമുകളേയും തോൽപ്പിച്ചു. പക്ഷേ ലീഗിൽ ഓസ്ട്രേലിയയെ തകർത്തു വീട്ട വീര്യം ഫൈനലിൽ ആവർത്തിക്കാനായില്ല. അങ്ങനെ കോലിയുടെ നേട്ടങ്ങൾ ഇന്ത്യയുടെ കിരീട നേട്ടമായില്ല. അപ്പോഴും തല ഉയർത്തി ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസങ്ങൾക്കൊപ്പം കോലിയും നിൽക്കും.

ലോകകപ്പ് ചരിത്രത്തിൽ റൺവേട്ടക്കാരിൽ വിരാട് കോലി രണ്ടാം സ്ഥാനത്താണ്. കണക്കുകളിൽ സച്ചിൻ തെണ്ടുൽക്കറിന് മുകളിലേക്ക് നടക്കുന്ന താരം. 46 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 1743 റൺസ് നേടിയ മുൻ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോലി രണ്ടാം സ്ഥാനത്തെത്തിയത്. 37-ാം ലോകകപ്പ് മത്സരത്തിലാണ് കോലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്. 45 മത്സരങ്ങളിൽ നിന്ന് 2278 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സെഞ്ച്വറികളിൽ അർദ്ധ സെഞ്ച്വറി കോലി തികച്ചതും ഈ ലോകകപ്പിലാണ്. സച്ചിന്റെ പേരിലുള്ള ഒരിക്കലും ആരും തകർക്കില്ലെന്ന് വിലയിരുത്തിയ നേട്ടമാണ് കോലി തിരുത്തി സ്വന്തം പേരിലാക്കിയത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡാണ് ഇത്തവണ കോലിക്ക് സ്വന്തമായത്. 11 ഇന്നിങ്‌സിൽ നിന്ന് 765 റൺസാണ് കോലി നേടിയത്. ശരാശരി 95.62. മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും കോലിയുടെ ഇന്നിങ്‌സിലുണ്ട്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഫൈനലിൽ 63 പന്തിൽ 54 റൺസാണ് കോലി നേടിയത്. തുടർച്ചയായി അഞ്ച് തവണ 50+ സ്‌കോറുകൾ നേടാൻ കോലിക്ക് സാധിച്ചു. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അൻപതിൽ അധികം റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ് കോലി.

ഈ ലോകകപ്പിൽ റൺവേട്ടയിൽ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ 47 റൺസ് നേടിയ രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. 597 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് (594), ന്യൂസിലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര (578), ഡാരിൽ മിച്ചൽ (552) എന്നിവർ മൂന്ന് മുതൽ അഞ്ച് വരെ. 11 മത്സരങ്ങളിൽ 530 അടിച്ചെടുത്ത ശ്രേയസ് അയ്യരാണ് ആറാമത്. ഫൈനലിൽ ഇന്ന് മൂന്നാമനായി ക്രീസിലെത്തിയ കോലി 63 പന്തിൽ 54 റൺസാണ് കോലി നേടിയത്. നാല് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

കോലിയും അനുഷ്‌കയും

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് ഇന്ത്യയുടെ വിരാട് കോലിയുടെ സ്ഥാനം. അണ്ടർ-19 ലോകകപ്പ് ജയത്തിനു ശേഷം 2008-ൽ ഇന്ത്യയ്ക്കായി കളിക്കാനാരംഭിച്ച താരം 2010-ന് ശേഷം ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കാൻ തുടങ്ങിയിരുന്നു. പക്ഷേ ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി വാശിയോടെ വെട്ടിപ്പിടിച്ചിരുന്ന കോലിയുടെ ഫോം തീരെ മോശമായി.

കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് മൂന്ന് വർഷത്തിലേറെയായ കാലവുമുണ്ടായിരുന്നു.. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടെ റൺസ്, സെഞ്ചുറി റെക്കോഡുകൾ സ്വന്തമാക്കുമെന്ന് കരുതിയിരുന്ന താരം റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് അത്ര സുന്ദരമല്ലാത്ത കാഴ്ചകളിലൊന്നായി അന്ന് മാറി. ഐപിഎല്ലിലും താരത്തിന് മിന്നാനായില്ല. ഇതോടെ പഴി കേട്ടത് മുഴുവൻ കോലിയുടെ ഭാര്യയാണ്. ജീവിതത്തിലെ ഒരു തെറ്റായ തീരുമാനം മതി നിങ്ങളെ മോശം നിലയിലാക്കാൻ എന്ന തരത്തിലാണ് അനുഷ്‌ക ട്രോളി കോലിക്കെതിരെ സോഷ്യൽ മീഡിയ പ്രതികരിച്ചത്. കോലിയുടെ മോശം ഫോമിന് കാരണമെന്തെന്ന ഒരു മീഡിയ ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ചോദ്യത്തിന് അനുഷ്‌ക ശർമ എന്ന് ഉത്തരമായി ട്വീറ്റ് ചെയ്തവർ നിരവധിയായിരുന്നു. ഇതെല്ലാം 2022ലെ കഥ. എന്നാൽ ഇന്ന് അത് മാറുകയാണ്.

കോലിയുടെ മോശം ഫോമിന്റെ പേരിൽ അനുഷ്‌ക പലപ്പോഴും പഴി കേട്ടിട്ടുണ്ട്. 2014-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കോലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അന്ന് ഇംഗ്ലണ്ടിൽ കളിച്ച 10 ടെസ്റ്റ് ഇന്നിങ്‌സുകളിൽ 13.40 ശരാശരിയിൽ 134 റൺസ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്. അന്നത്തെ കോലിയുടെ മോശം ഫോമിനും പഴി കേട്ടത് കാമുകിയായിരുന്ന അനുഷ്‌കയായിരുന്നു. എന്നാൽ ഇന്ന് അനുഷ്‌കയാണ് താരം. ഫോമില്ലായ്മയുടെ പേരു ദോഷം കോലിയെ വിട്ടകലുന്നു. ഈ ലോകകപ്പിൽ താരം നേടിയത് മിന്നും റിക്കോർഡുകളാണ്. സച്ചിന് മുകളിൽ സെഞ്ച്വറി കണക്കിൽ അർദ്ധ ശതകം പൂർത്തിയാക്കിയ താരം.

പ്രൊഫഷന്റെ ഭാഗമായുണ്ടാകുന്ന ഉയർച്ച താഴ്‌ച്ചകളിലും വിരുഷ്‌ക ദമ്പതികൾ കൈകോർത്തു കൂടെ നിൽക്കാറുണ്ട്. തന്റെ കരിയറിലെ വളർച്ചയിൽ അനുഷ്‌കയുടെ സ്ഥാനം ചെറുതല്ലെന്ന് വിരാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുമ്പെല്ലാം ഫീൽഡിൽ തന്റെ പ്രകടനം മോശമാകുമ്പോൾ ഏറെ പഴി കേട്ടിരുന്നത് അനുഷ്‌കയാണെന്നും എന്നാൽ തന്നെ എക്കാലവും പ്രോത്സാഹിപ്പിച്ചു കൂടെനിൽക്കുന്നയാളാണ് പ്രിയപത്നിയെന്നും വിരാട് പറഞ്ഞിരുന്നു.

ക്രിക്കറ്റിലെയും ബോളിവുഡിലെയും ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് കോഹ്ലിയും അനുഷ്‌കയും ഒന്നായത്. പ്രണയത്തിന്റെ ആ സുന്ദര നിമിഷത്തെ ആരാധകർ 'വിരുഷ്‌ക' എന്ന പേരിട്ടു ലാളിച്ചു. ഇറ്റലിയിലെ മിലാനിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ഫോട്ടോകൾ വൈറലാക്കുന്നവർ തന്നെ കോലിയുടെ മോശം ഫോമിൽ അനുഷ്‌കയെ കുറ്റക്കാരിയായി കണ്ടു. അങ്ങനെ തന്റെ ഭാര്യയെ വേദനിപ്പിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു ഈ ലോകകപ്പിൽ പ്രിയതമൻ കോലി.