ദോഹ: സമർത്ഥന്മാർക്കും വമ്പന്മാർക്കും കാലിടറിയിരിക്കുന്നു..ഇനി അവശേഷിക്കുന്നത് പരീക്ഷണങ്ങളെ അതിജീവിച്ച എട്ടുപോരാളികൾ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിനു യോഗ്യത നേടിയ ആഫ്രിക്കൻ ടീം മൊറോക്കോയാണ് ഇക്കൂട്ടത്തിലെ സർപ്രൈസ്. ഒപ്പം ഫേവറിറ്റുകളായ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവരെക്കൂടാതെ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ് ക്രൊയേഷ്യ, 2010ലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡ്‌സുമുണ്ട്. പ്രീക്വാർട്ടറിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പോർച്ചുഗലിന്റെ സാന്നിധ്യവും നോക്കൗട്ടിലെ ബാക്കിയുള്ള മത്സരങ്ങൾ ആകാംക്ഷാഭരിതമാക്കുന്നു.

ക്വാർട്ടറിന്റെ ആദ്യദിനത്തിൽ തന്നെ അർജന്റീനയും ബ്രസീലും കളത്തിലിറങ്ങുന്നുണ്ട്. ബ്രസീൽ-ക്രൊയേഷ്യ (രാത്രി 8.30), അർജന്റീന-നെതർലൻഡ്‌സ് (രാത്രി 12.30) മത്സരങ്ങളാണ് നാളെ നടക്കുക. ശനിയാഴ്ച രാത്രി 8.30ന് പോർച്ചുഗൽ മൊറോക്കോ മത്സരവും 12.30ന് ഫ്രാൻസ് ഇംഗ്ലണ്ട് മത്സരവും നടത്തും. സെമിഫൈനലുകൾ 13നും 14നും നടക്കും. 18നാണ് ഫൈനൽ.

അഞ്ച് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലാണ് ആദ്യ ക്വാർട്ടർ പോരാട്ടം. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ക്രൊയേഷ്യ വരുന്നതെങ്കിൽ ദക്ഷിണ കൊറിയയെ 4-1ന് വീഴ്‌ത്തിയാണ് ബ്രസീലിന്റെ വരവ്. മത്സരത്തിൽ നേരിയ മേൽക്കൈ ബ്രസീലിനുണ്ട് എന്ന് വിശ്വസിക്കുമ്പോഴും കടുത്ത വ്യക്തിഗത പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

പരിക്കിൽ നിന്നുള്ള മടങ്ങിവരവിൽ എത്രത്തോളം അപകടകാരിയാണ് താനെന്ന് നെയ്മർ ജൂനിയർ ദക്ഷിണ കൊറിയക്ക് എതിരായ മത്സരത്തിൽ തെളിയിച്ചുകഴിഞ്ഞു. ബ്രസീലിന്റെ കളിയുടെ ചരട് നെയ്മറുടെ കാലുകളിലാണ്. ഗോൾ നേടുന്നതിനൊപ്പം അവസരങ്ങൾ ഒരുക്കാനും കേമനായ നെയ്മറെ പിടിച്ചുകെട്ടുകയാവും ബ്രോസവിച്ചിന് മുന്നിലുള്ള വലിയ വെല്ലുവിളി. പ്രതിരോധത്തിൽ മികച്ച പൊസിഷൻ സൂക്ഷിക്കുന്ന താരമാണ് ബ്രോസവിച്ച്. നെയ്മറെ പിടിച്ചുകെട്ടാൻ തന്റെ ഏറ്റവും മികച്ച പ്രകടനം ബ്രോസവിച്ചിന് പുറത്തെടുത്തേ മതിയാവൂ.

മറുവശത്ത് ക്രൊയേഷ്യയുടെ ഗോളടി പ്രതീക്ഷകൾ ഇവാൻ പെരിസിച്ചിനെ ചുറ്റിപ്പറ്റിയാണ്. ഫൈനൽ തേഡിൽ അപകടകാരിയായ പെരിസിച്ചിന് പരിചയസമ്പത്ത് മുതൽക്കൂട്ടാവും. കരുത്തുറ്റ ബ്രസീലിയൻ പ്രതിരോധത്തിലെ മിലിറ്റാവോയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാൻ പെരിസിച്ചിനായേക്കും.

ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർ റിച്ചാർലിസനാണ്. സാംബാ താളത്തോടെയുള്ള റിച്ചിയുടെ ഗോളടി മികവ് ഇതിനകം ആരാധകർ കണ്ടുകഴിഞ്ഞു. ഇതിനകം മൂന്ന് ഗോളുകൾ നേടിയപ്പോൾ ക്രൊയേഷ്യക്ക് റിച്ചാർലിസണ് പിടിയിടുക എളുപ്പമാവില്ല. പരിചയസമ്പന്നനായ ലെവ്റന് പിടിപ്പത് പണി ആക്രമണത്തിൽ റിച്ചാർലിസൺ നൽകാനിടയുണ്ട്. ഇരു ടീമുകളും തമ്മിൽ അതിനാൽ തന്നെ വാശിയേറിയ പോരാട്ടം എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കാം.

ലോകകപ്പിന്റെ ക്വാർട്ടറിൽ നെതർലാൻഡ്‌സിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന. ഇതിഹാസ താരം ലിയോണൽ മെസിയുടെ അവസാന ലോകകപ്പ് എന്ന് കരുതപ്പെടുന്ന ടൂർണമെന്റിൽ കപ്പിൽ കുറഞ്ഞതൊന്നും അർജന്റീന ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും മെക്‌സിക്കോയെയും പോളണ്ടിനെയും തകർത്ത് മെസിപ്പട ഒന്നാം സ്ഥാനക്കാരായി തന്നെയാണ് പ്രീ ക്വാർട്ടറിൽ എത്തിയത്.

അവസാന 16ൽ ഓസ്‌ട്രേലിയ മറികടന്ന അർജന്റീന നെതർലാൻഡ്‌സിനെ തോൽപ്പിച്ച് സെമിയിൽ കടക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ്. എന്നാൽ, ടീം ക്യാമ്പിൽ നിന്ന് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അർജന്റീന ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. അതിൽ ഏറ്റവും പ്രധാനം മിഡ്ഫീൽഡ് എഞ്ചിൻ റോഡ്രിഗോ ഡി പോളിന് പരിക്കേറ്റതായുള്ള റിപ്പോർട്ടുകളാണ്. ഇന്നലെ ഡി പോൾ ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇത്തരമൊരു റിപ്പോർട്ടുകൾ പുറത്ത് വരാൻ കാരണം. പേശികൾക്കാണ് ഡി പോളിന് പരിക്കേറ്റിട്ടുള്ളത്.

ഡി പോളിന്റെ അഭാവത്തിൽ എൻസോ ഫെർണാണ്ടസ്, പരേഡസ്, മക് അലിസ്റ്റർ എന്നിവരടങ്ങുന്ന മിഡ്ഫീൽഡിനെയാണ് പരിശീലകൻ ലിയോണൽ സ്‌കലോണി പരീക്ഷിച്ചത്. മെസിക്കൊപ്പം അൽവാരസും പരിക്ക് മാറിയെത്തിയ ഡി മരിയയും അടങ്ങുന്ന മുന്നേറ്റ നിരയെയും സ്‌കലോണി നിരീക്ഷിച്ചു. ഡി പോൾ ഡച്ചിനെതിരായ പോരാട്ടത്തിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ന് അവസാനഘട്ട പരിശോധനകൾ നടത്തിയ ശേഷമേ സ്‌കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

എന്നാൽ, ഡി പോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയ്യാറെടുക്കുകയാണെന്നുമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം, അർജന്റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാർട്ടിനസ് കണങ്കാൽ പ്രശ്‌നം കൈകാര്യം ചെയ്യാൻ വേദനസംഹാരി കുത്തിവയ്‌പ്പുകൾ എടുക്കുകയാണെന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും സ്‌കലോണി ചുമതലയേറ്റ ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ അർജന്റീനയ്ക്കായി നേടിയവരിൽ രണ്ടാം സ്ഥാനത്തുള്ള താരമാണ് ലൗട്ടാരോ. അദ്ദേഹം കുത്തിവയ്‌പ്പുകൾ എടുക്കുന്നതായി ഏജന്റ് അലജാന്ദ്രോ കമാച്ചോയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

അതേസമയം നാലു ക്വാർട്ടർ ഫൈനലുകളുണ്ടെങ്കിലും ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഡിസംബർ ഒമ്പതിനു നടക്കുന്ന ഒന്ന്, രണ്ട് ക്വാർട്ടർ ഫൈനലുകളിലേക്കാണ്. കാരണം, ബ്രസീൽ, അർജന്റീന ടീമുകൾ അന്നാണിറങ്ങുന്നത്. ഇരു ടീമുകളും അന്ന് ജയിച്ചാൽ ഡിസംബർ 13-ന് രാത്രി 12.30-ന് ആ സ്വപ്നസെമി നടക്കും. ലയണൽ മെസ്സിയുടെ അർജന്റീന നെയ്മറുടെ ബ്രസീലുമായി കൊമ്പുകോർക്കും. അത് ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ മത്സരമാകും.

ക്വാർട്ടർ ഫൈനൽ ലൈനപ്പ്

ബ്രസീൽ- ക്രൊയേഷ്യ(ഡിസംബർ 9, രാത്രി 8.30*),അർജന്റീന- നെതർലൻഡ്‌സ് (ഡിസംബർ 9, രാത്രി 12.30),പോർച്ചുഗൽ- മൊറോക്കോ (ഡിസംബർ 10, രാത്രി 8.30),ഫ്രാൻസ്-ഇംഗ്ലണ്ട് (ഡിസംബർ 10, രാത്രി 12.30) * ഇന്ത്യൻ സമയം