ദോഹ: ലോക ഫുട്ബോൾ മാമാങ്കത്തിന് ഖത്തറിൽ നവംബർ 20 ന് കൊടിയുയരുകയാണ്. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും അഭിമാനകരവും മൂല്യമുള്ളതുമായ കപ്പ് ഉയർത്തുന്നതിനായി 32 ടീമുകളാണ് മാറ്റുരക്കുന്നത്. ലോക കപ്പിനു മുന്നോടിയായി വീഡിയോ ഗെയിം ഡെവലപ്പർമാരായ ഇ എ സ്പോർട്സ് അവരുടെ സിമുലേറ്ററുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ പ്രവചിക്കുന്നത് ലിയോണൽ മെസ്സി അർജന്റീനയെ വിജയിപ്പിക്കും എന്നാണ്. ഫൈനലിൽ മെസ്സി നേടുന്ന ഒറ്റ ഗോളിലൂടെ ബ്രസീലിനെയായിരികും അർജന്റീന പരാജയപ്പെടുത്തുക എന്നും ഇവർ പ്രവചിക്കുന്നു.

2010, 2014, 2018 ലോകകപ്പുകളിൽ ഈ കമ്പ്യുട്ടറിന്റെ പ്രവചനം അക്ഷാരാർത്ഥത്തിൽ ശരിയായി വന്നിരുന്നു എന്നത് ഈ പ്രവചനത്തിന്റെ പ്രാധാന്യവും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള പഠന പരീക്ഷണത്തിൽ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ജർമ്മനി എന്നീ ടീമുകൾ ആദ്യ മൂന്ന് മാച്ചുകളും ജയിച്ച് 16 ടീമുകളുടെ റൗണ്ടിലേക്ക് ഗ്രൂപ്പ് ജേതാക്കളായി എത്തി. ഗ്രൂപ്പ് ബിയിൽ പക്ഷെ നാടകീയമായ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഗ്രൂപ്പിൽ ഏറെ പേരുടെ പിന്തുണയുള്ള ഇംഗ്ലണ്ട് രണ്ടാമതായപ്പോൾ അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തി.

16 ടീമുകളുടെ റൗണ്ടിൽ ഇംഗ്ലണ്ടും നെത്രർലൻഡ്സും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3-1 സ്‌കോറിനാണ് നെതർലൻഡ്സ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. അർജന്റീന ഡെന്മാർക്കിനെ പരാജയപെടുത്തിയപ്പോൾ ചാമ്പ്യന്മാരായ ഫ്രാൻസ് പോളണ്ടിനെ കഷ്ടിച്ച് തോൽപ്പിക്കുകയായിരുന്നു. അതേസമയം ബ്രസീലും ക്രിസ്റ്റിനോ റൊണാൾഡോയുടെ പോർച്ചുഗലും താരതമ്യേന അനായസമായി ക്വാർട്ടർ ഫൈനലിൽ എത്തുകയായിരുന്നു. ഇവർ യഥാക്രമം കൊറിയ റിപ്പബ്ലിക്കിനേയും സ്വിറ്റ്സർലണ്ടിനെയും ആണ് പരാജയപ്പെടുത്തിയത്.

ക്വാർട്ടർ ഫൈനലിൽ മെസ്സി നേടിയ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന നെതർലൻഡ്സിനെ പരാജയപ്പെടുത്തിയപ്പോൾ ഫ്രാൻസും പോർച്ചുഗലും യഥാക്രമം അമേരിക്കയേയും ക്രൊയേഷ്യയേയും പരാജയപ്പെടുത്തുകയായിരുന്നു. ക്വാർട്ടർ ഫൈനൽ വിജയികളിൽ മൂന്നുപേർ 1-0 നാണ് വിജയിച്ചത് എന്നത് മത്സരത്തിന്റെ തീവ്രത എടുത്തു പറയുന്നൻ വസ്തുതയാണ്.

ആദ്യ സെമിഫൈനൽ അർജന്റീനക്കും ഫ്രാൻസിനും മദ്ധ്യേ ആയിരുന്നു അതിൽ അർജന്റീന 1-0 ന് വിജയിച്ചപ്പോൾ ബ്രസീലും പോർച്ചുഗലും തമ്മിലുള്ള കളിയിൽ ബ്രസീൽ 5-4 ന് പൊർച്ചുഗലിനെ തോൽപിക്കുകയായിരുന്നു. അവസാനം ഫൈനലിൽ രണ്ട് ലാറ്റിൻ അമേരിക്കൻ ശക്തികൾ ഏറ്റുമുട്ടിയപ്പോൾ മെസ്സിയുടെ ഒരു നിർണ്ണായക ഗോളിന് അർജന്റീന ജയിക്കുകയായിരുന്നു. ഇത്തവണ സുവർണ പാദുകം ലഭിക്കുക മെസ്സിക്കായിരിക്കും എന്നും പ്രവചനമുണ്ട്.