ദോഹ: ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബ്രസീലിന് ആശങ്കയായി പ്രതിരോധനിര താരം മർക്വിഞ്ഞോസിന്റെ പരിക്ക്. ചൊവ്വാഴ്ച നടന്ന പരിശീലന സെഷനിൽ നിന്ന് മർക്വിഞ്ഞോസ് വിട്ടു നിന്നതാണ് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്നത്. സെർബിയക്കെതിരായ ആദ്യ മത്സരത്തിന് ഒമ്പത് ദിവസം മാത്രം ബാക്കിയിരിക്കെയാണ് പ്രതിരോധനിരയിലെ കരുത്തനായ മർക്വിഞ്ഞോസിന് പരിക്കേറ്റത്. ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനമുറപ്പുള്ള താരമാണ് മർക്വിഞ്ഞോസ്.

കഴിഞ്ഞ ദിവസം യുവന്റസിന്റെ പരിശീലന മൈതാനമായ ടുറിനിലാണ് ബ്രസീൽ ടീം പരിശീലനത്തിന് ഇറങ്ങിയത്. എന്നാൽ മർക്വിഞ്ഞോസ് ലോകകപ്പിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് ബ്രസീൽ ടീം വൃത്തങ്ങൾ പറയുന്നത്. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന മർക്വിഞ്ഞോസിന് ലോകകപ്പ് ഇടവേളക്ക് മുമ്പ് ഓക്‌സെറെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് കാലിലെ മസിലുകളിൽ വേദന അനുഭവപ്പെട്ടത്.

തിങ്കളാഴ്ച ടൂറിനിൽ നടന്ന ബ്രസീൽ ടീമിന്റെ ആദ്യ പരിശീലന സെഷനിൽ ക്യാപ്റ്റൻ നെയ്മർ ജൂനിയർ ഉൾപ്പെടെ 14 കളിക്കാരാണ് പങ്കെടുത്തത്. അഞ്ച് ദിവസം ടുറിനിൽ പരിശീലനം തുടരുന്ന ബ്രസീൽ ശനിയാഴ്ചയാണ് ലോകകപ്പിനായി ഖത്തറിലേക്ക് പോകുക. 25നാണ് സെർബിയക്കെതിരായി ബ്രസീലിന്റെ ആദ്യ മത്സരം. 28ന് സ്വിറ്റ്‌സർലൻഡിനെയും ഡിസംബർ മൂന്നിന് കാമറൂണിനെയും ബ്രസീൽ നേരിടുക.

ബ്രസീൽ ടീം: ഗോൾ കീപ്പർമാർ- അലിസൺ ബെക്കർ, എഡേഴ്സൻ, വെവെർട്ടൻ. പ്രതിരോധനിര- ഡാനിലോ, ഡാനി ആൽവസ്, അലക്സാൻഡ്രോ, അലക്സ് ടെല്ലസ്, തിയാഗോ സിൽവ, മിലിറ്റാവോ, മർക്വിഞ്ഞോസ്. മധ്യനിര- ബ്രമർ, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മർ, ഗബ്രിയേൽ ജീസസ്, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാർലിസൻ, മാർട്ടിനെല്ലി, പെഡ്രോ.