ലോകകപ്പ് മത്സരങ്ങളിൽ മാധ്യമ ശ്രദ്ധ നേടിയെടുക്കുന്ന വിഭാഗങ്ങളിൽ പ്രധാനപ്പെട്ടവരാണ് കളിക്കാരുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന വാഗ്സ് (വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ്) എന്ന വിഭാഗം. പലപ്പോഴും മൈതാനത്തിലെ കളികൾക്ക് അപ്പുറത്തേക്ക് ഇക്കൂട്ടരുടെ വസ്ത്രധാരണ രീതികളും ജീവിത ശൈലിയുമൊക്കെ വാർത്തയാകാറുമുണ്ട്. ഖത്തറിലെ മൈതാനത്ത് ലാറ്റിൻ അമേരിക്കൻ കവിത പുതിയൊരു ചരിത്രം കുറിച്ചപ്പോൾ അവിടേക്ക് ഓടിയെത്തിയവരിൽ മുൻപിലുണ്ടായിരുന്നതും അർജന്റീനിയൻ വാഗ്സ് ആയിരുന്നു.

വാരിപ്പുണർന്നും ചുംബനങ്ങൾ നൽകിയും അവർ പ്രിയപ്പെട്ടവരുടെ വിജയം ആഘോഷമാക്കിയപ്പോൾ, ഫ്രഞ്ച് ക്യാമ്പിൽ നിഴലിച്ചു നിന്നത് ദുഃഖത്തിന്റെ അന്തരീക്ഷമായിരുന്നു. തകർന്നടിഞ്ഞ കിനാക്കളുമായിഎത്തിയ പങ്കാളികൾക്കൊപ്പം ഫ്രഞ്ച് വാഗ്സും കണ്ണുനീർത്തുള്ളികൾ തുടച്ച് പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്‌ച്ചയായിരുന്നു ആവിടെ കണ്ടത്.

ലോകം കൊതിക്കുന്ന സ്വർണ്ണക്കപ്പിൽ മുത്തമിട്ടശേഷം ലിയോണൽ മെസ്സിക്ക് തൊട്ടടുത്ത നിമിഷം ലഭിച്ചത്, ഈ ലോകത്തിലെ, തന്റെ ഏറ്റവും വലിയ ആരാധികയുടെ ചുംബനമായിരുന്നു. ബാല്യകാല സഖിയിൽ നിന്നും ഭാര്യയായി മാറിയ അന്റോണെലയുടെ ചുംബനം ഒരുപക്ഷെ മെസ്സിക്ക് മറ്റെന്തിനേക്കാൾ ഏറെ ആഹ്ലാദം പകർന്നിരിക്കാം. പിന്നീട് അന്റോണെല്ല തന്നെ രണ്ട് കൈകൾ കൊണ്ടും കപ്പുയർത്തുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

അർജന്റീനയുടെ ഏയ്ഞ്ചൽ ഡി മരിയയും തന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വിജയം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് ക്യാമ്പിൽ പരന്ന ദുഃഖത്തിന്റെ സൂചകമെന്നോണം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ തന്റെ ഭാര്യ ബ്രിജിറ്റെ മക്രോണിനെ ആശസിപ്പിക്കുന്നതും കാണാം.