ദോഹ: 2014ലെ ബ്രസീൽ ലോകകപ്പ് ഫൈനലിൽ റിയോയിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് ടീമുകൾ... ജർമ്മനിയും അർജന്റീനയും. അന്ന് അർജന്റീനയെ വീഴ്‌ത്തി കപ്പടിച്ചാണ് ജർമ്മനി ലാറ്റിനമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് മടങ്ങിയത്. 2018 ലെ നിരാശ മറികടക്കാൻ വേണ്ട 'ആയുധങ്ങളുമായാണ്' ഇത്തവണ ഖത്തറിലേക്ക് പറന്നെത്തിയത്. എന്നാൽ അർജന്റീനയ്ക്ക് പിന്നാലെ ജർമ്മിക്കും ആദ്യ മത്സരം കണ്ണീരാണ് സമ്മാനിച്ചത്. ഇന്നലെ അർജന്റീന സൗദി അറേബ്യയുടെ പോരാട്ടവീര്യത്തിന് മുന്നിലാണ് തോൽവി സമ്മതിച്ചതെങ്കിൽ ഇന്ന് ജപ്പാൻ അടങ്ങാത്ത വിജയദാഹത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ മുട്ടുകുത്തി.

അനായാസ വിജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടർ ഉറപ്പിക്കാമെന്ന് പ്രതീക്ഷിച്ച രണ്ട് ടീമുകളാണ് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയത്. വമ്പന്മാരുടെ കണ്ണീർ വീഴ്‌ത്തി ഖത്തർ ലോകകപ്പ് കറുത്ത കുതിരകളുടെ ലോകകപ്പാകുമോ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. ഖത്തർ ലോകകപ്പിൽ ഇതുവരെ പൂർത്തിയായത് 10 മത്സരങ്ങൾ മാത്രമാണെങ്കിലും, ഇതിനിടെ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്കു പിന്നാലെ കരുത്തരായ ജർമനിയും ആദ്യ മത്സരത്തിൽ വീണതോടെയാണ് ഈ ചോദ്യമുയരുന്നത്.



ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയോട് അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റ് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ്, ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഖലീഫ സ്റ്റേഡിയത്തിൽ ഇതേ സ്‌കോറിന് ജപ്പാൻ ജർമനിയെ അട്ടിമറിച്ചത്. മുൻചാമ്പ്യന്മാരുടെ കഥ കഴിച്ചത് രണ്ടും ഏഷ്യൻ ടീമുകളാണെന്ന കാര്യമാണ് ഖത്തർ ലോകകപ്പിനെ സവിശേഷമാക്കുന്നത്.

ഏഷ്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഏഷ്യൻ ടീമുകൾ രക്ഷയില്ലെന്നായിരുന്നു ആദ്യ രണ്ടു ദിവസങ്ങളിലെ മത്സരഫലങ്ങൾ നൽകിയ സൂചന. ആദ്യ മത്സരത്തിൽ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആതിഥേയർ പരാജയപ്പെട്ടെന്ന നാണക്കേട് ഖത്തർ ഏറ്റുവാങ്ങിയപ്പോൾ, തൊട്ടടുത്ത ദിവസം ഇംഗ്ലണ്ട് ഇറാനെ ഗോൾമഴയിൽ മുക്കി. ഇതോടെ ഏഷ്യൻ ടീമുകളെ എഴുതിത്ത്ത്ത്ത്തള്ളിയവരുടെ വായടപ്പിച്ചാണ്, ഒരു ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ഏഷ്യൻ ടീമുകൾ വമ്പൻ അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത്.



എതിരാളികളുടെ കടലാസിലെ കരുത്തിൽ തെല്ലും വിശ്വസിക്കാതെ കളിച്ചാണ് സൗദിയും ജപ്പാനും അട്ടിമറികൾ സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇരു ടീമുകളുടെയും വിജയത്തിലെ സമാനതകൾ രസകരമാണ്. അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനത്തോടെ ഒരു ഗോളിനു പിന്നിലായിപ്പോയതാണ് സൗദി അറേബ്യ. കുറഞ്ഞത് നാലു ഗോളുകളെങ്കിലും വഴങ്ങേണ്ടിയിരുന്ന ആദ്യ പകുതി. രണ്ടാം പകുതിയിൽ പക്ഷേ ചിത്രം അമ്പേ മാറി. തീർത്തും വ്യത്യസ്തരായി കളത്തിലേക്ക് തിരിച്ചെത്തിയ സൗദി താരങ്ങൾ, രണ്ടാം പകുതിയിൽ വെറും അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് അട്ടിമറി സൃഷ്ടിച്ചത്.

ഇങ്ങ് ഖലീഫ സ്റ്റേഡിയത്തിൽ ജപ്പാന്റെ വിജയവും ഏറെക്കുറെ സമാനം. ആദ്യ പകുതിയിൽ ജർമനി തുടർച്ചയായി ആക്രമിച്ചു കയറുമ്പോൾ, ജപ്പാൻ താരങ്ങൾ ചിത്രത്തിൽപ്പോലും ഉണ്ടായിരുന്നില്ല. ഏതാണ്ട് മൂന്നോ നാലോ ഗോളുകൾ വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് ജപ്പാൻ ആദ്യ പകുതിയിൽ ഒരു ഗോളിൽ ഒതുങ്ങിയത്.



എന്നാൽ അർജന്റീന സൗദി മത്സരത്തിലെന്ന പോലെ ഇത്തവണയും രണ്ടാം പകുതിയിൽ കളി മാറി. ആദ്യ പകുതിയിൽ കണ്ട ജപ്പാനേ ആയിരുന്നില്ല, മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിൽ. ജർമനിയെ വിറപ്പിക്കുന്ന പ്രകടനത്തോടെ കളം പിടിച്ച അവർ പലകുറി ഗോളിന് അടുത്തെത്തി. ഒടുവിൽ അവർ ആദ്യ ഗോൾ നേടിയത് 75ാം മിനിറ്റിൽ. അടിക്ക് തിരിച്ചടി എന്ന മട്ടിൽ പുരോഗമിച്ച രണ്ടാം പകുതിയിൽ, എട്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ അട്ടിമറി ജയം സ്വന്തമാക്കിയത്.

പകരക്കാരായി ഇറങ്ങിയ റിറ്റ്‌സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടി. പന്തടക്കത്തിലും പാസിങ്ങിലും ജപ്പാനെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽനിന്ന ജർമനിക്ക്, എതിരാളികളെ നിസാരരായി കണ്ടതാണ് തിരിച്ചടിച്ചതെന്ന് വ്യക്തം. ആദ്യപകുതിയിൽ ജപ്പാൻ തീർത്തും നിറം മങ്ങുക കൂടി ചെയ്തതോടെ, അനായാസ വിജയം അവർ സ്വപ്നം കണ്ടു.



കളിക്കണക്കുകളും കളത്തിൽ ജർനിയുടെ ആധിപത്യത്തിന് അടിവരയിടുന്നു. മത്സരത്തിൽ ഏതാണ്ട് 75 ശതമാനം സമയവും പന്ത് കൈവശം വച്ചത് ജർമനി. അവർ മത്സരത്തിലുടനീളം 772 പാസുകളുമായി മത്സരം നിയന്ത്രിച്ചപ്പോൾ, ജപ്പാന്റെ ആകെ പാസുകൾ 270 മാത്രം. ജർമനി ജപ്പാൻ വലയിലേക്കു പായിച്ചത് 11 ഷോട്ടുകൾ. അതിൽ ഒൻപതു ഷോട്ടുകളും ഓൺ ടാർഗറ്റ്. ജപ്പാൻ ആകെ പായിച്ചത് നാലു ഷോട്ടുകൾ; നാലും ഓൺ ടാർഗറ്റ്. എന്നാൽ രണ്ടാം പകുതിയിലെ വർധിതവീര്യത്തിൽ അവിശ്വസനീയ പ്രകടനം നടത്തിയ ജപ്പാൻ, കളിക്കണക്കുകളെയും തോൽപ്പിച്ച് വിജയം പിടിച്ചുവാങ്ങി.

ആദ്യ മത്സരം തോറ്റ് തുടങ്ങുകയെന്ന നാണക്കേട് തുടർച്ചയായി രണ്ടാം ലോകകപ്പിലും ആവർത്തിക്കുകയാണ് ജർമനി. മറ്റേത് ടീമാണെങ്കിലും അത് ഒരു സാധാരണ കാര്യമായി കരുതാം. എന്നാൽ ലോകകപ്പിലെ ടീമുകളിൽ ഒന്നാം നിരക്കാരായ ജർമനിക്ക് ഇത് സംഭവിക്കുമ്പോൾ അവിശ്വസനീയമായി മാത്രമേ കരുതാനാകൂ. ഈ നൂറ്റാണ്ടിലെ മാത്രം ലോകകപ്പുകളുടെ കണക്കു പരിശോധിച്ചാൽ പോലും ജർമനി അവസാന നാലിലെത്തുന്നതിനാണ് 2014 വരെ സാക്ഷ്യം വഹിച്ചത്.



2002-ൽ ഫൈനലിസ്റ്റുകൾ... 2006-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ സെമിഫൈനലിസ്റ്റുകൾ. 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും സെമി ഫൈനലിസ്റ്റുകൾ. 2014-ൽ ജേതാക്കൾ. എന്നാൽ, അതിന് ശേഷം 2018-ൽ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റ് പുറത്തായി. മൂന്നിൽ രണ്ട് കളികളും തോറ്റായിരുന്നു മടക്കം. തുടർച്ചയായി രണ്ടാം ലോകകപ്പിലും ഏഷ്യൻ ടീമിനോട് തോൽക്കുകയും ചെയ്തു ജർമനി.

2018-ൽ ആദ്യ മത്സരത്തിൽ മെക്സികോയാണ് ജർമൻ നിരയെ അട്ടിമറിച്ചത്. അന്ന് 1-0ന് ആയിരുന്നു തോൽവി. തൊട്ടടുത്ത മത്സരത്തിൽ സ്വീഡനെ 2-1ന് വീഴ്‌ത്തിയെങ്കിലും ദക്ഷിണ കൊറിയയോട് 2-0ന് തോറ്റ് മടങ്ങി.

ഇപ്പോഴിതാ ഖത്തർ ലോകകപ്പിലും ആദ്യ മത്സരത്തിൽ തോറ്റിരിക്കുകയാണ് ജർമനി. ജപ്പാനോട് തോൽവി വഴങ്ങിയത് 2-1ന്. ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്ക, സ്പെയിൻ എന്നിവർക്കെതിരെയാണ് ജർമനിയുടെ ഇനിയുള്ള മത്സരങ്ങൾ.