ദോഹ: മുൻ ചാമ്പ്യന്മാരായ അർജന്റീനയും ജർമനിയും വീണ ഖത്തറിന്റെ മണ്ണിൽ ബ്രസീൽ ഇറങ്ങുകയാണ്. ലോകകപ്പിലെ ആദ്യ പോരാട്ടത്തിന്. സെർബിയയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ. ഖത്തർ മഞ്ഞക്കടലാകാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.

ബ്രസീലിന് ആശംസകൾ നേർന്ന് 2002ൽ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച ടീമിലെ അംഗമായിരുന്ന സൂപ്പർ താരം റൊണാൾഡീഞ്ഞോ രംഗത്ത് വന്നു. 'ശാന്തമാക്കൂ, ഇത് ബ്രസീലിന്റെ സമയമാണ്' എന്നാണ് റൊണാൾഡീഞ്ഞോ ഫേസ്‌ബുക്കിൽ കുറിച്ചത്.

ആദ്യ മത്സരങ്ങളിൽ അർജന്റീനയ്ക്കും ജർമനിക്കും കാലിടറിയ ലോകകപ്പിൽ കാനറിപ്പട വിജയത്തുടക്കം നേടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. നെയ്മർ തന്നെയാണ് ബ്രസീലിന്റെ ശ്രദ്ധാകേന്ദ്രം.
നെയ്മർക്കായി കിരീടം നേടാൻ ചങ്കും കരളും പകുത്തുനൽകാനൊരുങ്ങി ടിറ്റെയുടെ കളരിയിൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ചാവേർപ്പട. കണ്ണിമചിമ്മാതെ കോട്ടവാതിലിൽ അലിസൺ ബെക്കർ. മുന്നിൽ ഇരുമെയ്യും ഒരുമനസുമായി സിൽവയും മാർക്വീഞ്ഞോസും.

ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാൻ ഡാനിലോയും അലക്‌സാൻഡ്രോയും. കൊടുങ്കാറ്റായും പർവതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാകവാഹകനായി സുൽത്താൻ നെയ്മർ. സെർബിയൻ കോട്ട പൊളിക്കാൻ മുന്നിൽ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയും. അൽപമൊന്നുലഞ്ഞാൽ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി.

ബ്രസീലിന് ആറാം കനക കിരീടം സുൽത്താൻ നെയ്മർ നേടിക്കൊടുക്കും എന്നാണ് ആരാധകരുടെ സ്വപ്നം. കിരീടം മാത്രമല്ല, സാക്ഷാൽ പെലെയുടെ റെക്കോർഡ് കൂടി സ്വന്തമാക്കേണ്ടതുണ്ട് ലോകകപ്പിൽ നെയ്മറിന്. ബ്രസീലിനായി ഏറ്റവു കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ പെലെയുടെ റെക്കോർഡ് തകർക്കാൻ നെയ്മർക്ക് മൂന്ന് ഗോൾ കൂടി മതി.

പിഎസ്ജിയിലെ ഫോം പരിഗണിച്ചാൽ നെയ്മർക്ക് ഇതിന് സാധിച്ചേക്കും. മഞ്ഞക്കുപ്പായത്തിൽ പെലെ 91 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയപ്പോൾ 121 കളിയിൽ 75 ഗോളാണ് നെയ്മറുടെ സമ്പാദ്യം. 98 കളിയിൽ 62 ഗോളുകൾ നേടിയിട്ടുള്ള ഇതിഹാസ താരം റൊണാൾഡോയെ നേരത്തെ പിന്തള്ളിയാണ് നെയ്മർ രണ്ടാമതെത്തിയത്.

ഈ വർഷം സെപ്റ്റംബറിൽ ടുണീഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിലായിരുന്നു നെയ്മറുടെ അവസാന രാജ്യാന്തര ഗോൾ. മുമ്പ് രണ്ട് ലോകകപ്പുകളിൽ കളിച്ച നെയ്മർ ആറ് ഗോളുകൾ നേടി. ബ്രസീൽ വേദിയായ 2014ൽ നാലും റഷ്യ വേദിയായ 2018 ലോകകപ്പിൽ രണ്ടും ഗോളായിരുന്നു സുൽത്താന്റെ സമ്പാദ്യം. ഖത്തർ ലോകകപ്പിൽ കടുത്ത എതിരാളികളെയാണ് ഗ്രൂപ്പ് ജിയിൽ ബ്രസീലിന് നേരിടേണ്ടത്. ഇന്ന് സെർബിയയെ നേരിടുന്ന കാനറിപ്പടക്ക് കാമറൂണും സ്വിറ്റ്സർലൻഡുമാണ് മറ്റ് എതിരാളികൾ.

യൂറോപ്പിൽ പോർച്ചുഗലിനെ വീഴ്‌ത്തി ഒന്നാമന്റെ തലയെടുപ്പോടെയാണ് സെർബിയ വരുന്നത്. ഏത് പ്രതിരോധവും തകർക്കാനും ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാനും കെൽപ്പുള്ളവർ. വാഴ്‌ത്തുപാട്ടുകൾക്കൊത്ത പെരുമ പുറത്തെടുത്തില്ലെങ്കിൽ അയൽക്കാരായ അർജന്റീനയുടെ അതേ ഗതിയാകും ബ്രസീലിനും. സെർബിയയുമായി ഇതുവരെ ബ്രസീൽ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്. രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തർ ലോകകപ്പിൽ ആദ്യ അങ്കത്തിനിറങ്ങുന്ന ഇരുടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാനാണ് സാധ്യത

അതേസമയം സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീൽ കോച്ച് ടീമിന് മേൽ സമ്മർദ്ദം ഉണ്ടെന്നും അത് ഒഴിവാക്കാൻ ആകില്ല എന്നും പറഞ്ഞു. ഫുട്‌ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ള ടീമാണ് ബ്രസീൽ അതുകൊണ്ട് തന്നെ സമ്മർദം സ്വാഭാവികമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അട്ടിമറികൾ കൊണ്ട് ഞെട്ടിക്കുന്ന ഖത്തറിൽ സെർബിയയെ വിലകുറച്ചുകാണാൻ ബ്രസീൽ തയാറാവില്ലെന്നുറപ്പാണ്.