ദോഹ: ഫുട്ബോൾ ആരാധകരെ ആവേശ കൊടുമുടുയേറ്റിയാണ് ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ - ഘാന മത്സരം പൂർത്തിയായത്. മൈതാനകത്ത് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി പോർച്ചുഗലും ഘാനയും നിറഞ്ഞെങ്കിലും രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്.

തന്റെ അവസാന ലോകകപ്പിനിറങ്ങിയ റൊണാൾഡോ മത്സരത്തിൽ ചരിത്രഗോളും കുറിച്ചാണ് മടങ്ങിയത്. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഘാനയ്ക്കെതിരായ മത്സരത്തിലെ 65-ാം മിനിറ്റിലാണ് താരം വലകുലുക്കിയത്. പെനാൽറ്റിയിൽ നിന്നാണ് ഗോൾ നേട്ടം.

മത്സരത്തിനുമുമ്പേ വികാരാധീനനായ ക്രിസ്റ്റ്യാനോയേയാണ് കായികലോകം കണ്ടത്. ലോകകപ്പിൽ രാജ്യത്തിനായി വീണ്ടും ബൂട്ടുകെട്ടുന്നതിന്റെ വീകാരത്തിൽ ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ ഈറനണിഞ്ഞു. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്ന അവസരത്തിലാണ് റൊണാൾഡോ വികാരാധീനനായത്. മത്സരത്തിൽ ചരിത്രഗോൾ നേടി ആരാധകരുടെ ഹൃദയം കവർന്നാണ് റോണോയുടെ മടക്കം.

2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ചുകൊണ്ട് റൊണാൾഡോ പുതിയ ചരിത്രമെഴുതി. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പുകളിൽ ഗോൾ നേടിയിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്.

ഘാനക്കെതിരെയുള്ള മത്സരത്തിലെ ഗോൾനേട്ടത്തിലൂടെ മറ്റൊരു റെക്കോർഡ് കൂടി ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കി. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായാണ് താരം മാറിയത്. നിലവിൽ 37 വയസാണ് താരത്തിനുള്ളത്. മത്സരത്തിന്റെ 65ാം മിനുട്ടിൽ ക്രിസ്റ്റിയാനോ പെനാൽട്ടിയിലൂടെയാണ ഗോൾ നേടിയത്.

ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.

ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മുമ്പ് സ്പെയിനിനെതിരായ മത്സരത്തിൽ ഹാട്രിക് ചെയ്യുമ്പോൾ താരത്തിന് 33 വർഷവും 130 ദിവസവുമായിരുന്നു പ്രായം.

ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായി കഴിഞ്ഞ മത്സരത്തിൽ മെസ്സി മാറിയിരുന്നു. നിലവിൽ 35 വർഷവും 151 ദിവസവുമാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ വയസ്സ്.

ലോകകപ്പിലെ പ്രായം കൂടിയ ഇതര ഗോൾ വേട്ടക്കാർ

റോജർ മില്ല -42 വർഷം, 39 ദിവസം
ഗണ്ണർ ഗ്രേൻ- 37 വർഷം, 236 ദിവസം
ക്വാത്മോക് ബ്ലാങ്കേ- 37 വർഷം, 151 ദിവസം
ഫെലിപ് ബാലോയ് -37 വർഷം, 120 ദിവസം
ഒബ്ദ്യൂലിയോ വറേല- 36 വർഷം, 279 ദിവസം
മാർട്ടിൻ പലേർമോ -36 വർഷം, 227 ദിവസം
ജോർജസ് ബ്രേഗി -36 വർഷം, 152 ദിവസം
ടോം ഫിന്നി -36 വർഷം, 64 ദിവസം
മിറേസീവ് ക്ലോസ് -36 വർഷം, 29 ദിവസം
ജോൺ ആൾഡ്രിഡ്ജ് -35 വർഷം, 279 ദിവസം

അതേസമയം, ഘാനക്കെതിരെ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പറങ്കിപ്പട വിജയിച്ചു. ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഗോളടിമേളമായിരുന്നു. പെനാൽട്ടിയിലൂടെ പോർച്ചുഗൽ നേടിയ ലീഡിന് മിനിട്ടുകളുടെ മാത്രം ആയുസ്സാക്കി ഘാന തിരിച്ചടിച്ചെങ്കിലും പോർച്ചുഗൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അധികം വൈകാതെ മൂന്നാം ഗോളുമടിച്ചു.65ാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോയുടെ പെനാൽട്ടി ഗോൾ പിറന്നത്.

73ാം മിനുട്ടിൽ ഘാന തിരിച്ചടിച്ചു. ആൻഡ്രേ ഐയ്വിലൂടെയായിരുന്നു ഘാനയുടെ തിരിച്ചടി. 71ാം മിനുട്ടിൽ ഖുദ്‌സിന്റ കിടിലൻ മുന്നേറ്റം ഗോളിയുടെ കൈകളിൽ അവസാനിച്ചെങ്കിൽ തൊട്ടുടൻ തന്നെ ഘാന തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ജാവോ ഫെലിക്‌സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. അധികം വൈകാതെ 89ാം മിനുട്ടിൽ ഒസ്മാൻ ബുഖാരി ഘാനയുടെ സ്‌കോർ ബോർഡിൽ ഒരു ഗോൾ കൂടി ചേർത്തു