ദോഹ: ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ മിന്നുംജയത്തോടെ പ്രീക്വാർട്ടർ സാധ്യത നിലനിർത്തി ക്രൊയേഷ്യ. രണ്ടാം മിനുറ്റിൽ ചരിത്ര ഗോൾ പേരിൽ കുറിച്ച കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് മോഡ്രിച്ചും സംഘവും ഖലീഫ സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയാക്കിയത്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ മാറ്റുന്ന പ്രകടനമാണ് ക്രൊയേഷ്യ പുറത്തെടുത്തത്. ക്രമാരിച്ച് യൂറോപ്യൻ സംഘത്തിനായി രണ്ട് തവണ ലക്ഷ്യം കണ്ടപ്പോൾ ലിവാജയുടെയും മയെറും ഗോൾ പട്ടിക തികച്ചു. കാനഡയുടെ ആശ്വാസ ഗോൾ അൽഫോൻസോ ഡേവിസ് സ്വന്തമാക്കി.

ഇരട്ട ഗോളുകളുമായി തിളങ്ങിയ ആന്ദ്രേ ക്രാമറിച്ചും രണ്ട് ഗോളിനും വഴിയൊരുക്കിയ ഇവാൻ പെരിസിച്ചും ടീമിനായി തിളങ്ങി. ഈ തോൽവിയോടെ കാനഡ പ്രീക്വാർട്ടർ കാണാതെ പുറത്തായി. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.



ക്രൊയേഷ്യ മത്സരത്തിൽ നിലയുറപ്പിക്കും മുമ്പു തന്നെ വലയിൽ കാനഡയുടെ ഗോളെത്തിയിരുന്നു. ടയോൺ ബുക്കാനന്റെ ക്രോസ് കിടിലനൊരു ഹെഡറിലൂടെ അൽഫോൻസോ ഡേവിസ് വലയിലെത്തിക്കുമ്പോൾ മത്സരം രണ്ടാം മിനിറ്റിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

എന്നാൽ ഗോൾ വീണതോടെ ഉണർന്നുകളിച്ച ക്രൊയേഷ്യ 36-ാം മിനിറ്റിൽ ക്രാമറിച്ചിലൂടെ ഒപ്പമെത്തി. മികച്ച പ്രെസ്സിങ് ഗെയിം പുറത്തെടുത്ത ക്രൊയേഷ്യൻ സംഘം കാനഡ ബോക്സിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് ഗോളിന്റെ വരവ്. ഇടത് ഭാഗത്ത് സ്ഥലം കണ്ടെത്തി ഇവാൻ പെരിസിച്ച് നീട്ടിയ പാസ് ക്രാമറിച്ച് വലയിലെത്തിക്കുകയായിരുന്നു.


നേരത്തെ 26-ാം മിനിറ്റിൽ റിക്കി ലാറിയയേയും കമാൽ മില്ലറെയും മറികടന്ന് ക്രാമറിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്സൈഡായിരുന്നു. ഈ ഗോളിനായുള്ള ബിൽഡ് അപ്പിന്റെ സമയത്ത് മാർക്കോ ലിവായ ഓഫ്സൈഡ് പൊസിഷനിലായിരുന്നതാണ് കാരണം.

ആദ്യ പകുതി അങ്ങനെ സമനിലയിൽ അവസാനിപ്പിക്കാൻ ക്രൊയേഷ്യ ഒരുക്കമായിരുന്നില്ല. സമനില ഗോൾ കണ്ടെത്തി എട്ട് മിനിറ്റുകൾക്ക് ശേഷം മത്സരത്തിൽ ആദ്യമായി യൂറോപ്യൻ പവർ ഹൗസ് ലീഡ് എടുത്തു. കനേഡിയൻ ബോക്‌സിന് പുറത്ത് നിന്ന് ജുറാനോവിച്ച് നൽകിയ പാസിൽ ലിവാജയുടെ നിലംപറ്റെയുള്ള ഷോട്ട് തടയാൻ പ്രതിരോധ നിരയ്ക്കും ഗോൾ കീപ്പറിനും കഴിഞ്ഞില്ല.

ജോസിപ് യുറാനോവിച്ചിന്റെ മികച്ചൊരു അറ്റാക്കിങ് റണ്ണാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ശ്രമം പെനാൽറ്റി ഏരിയയിൽ കാനഡ താരം കമാൽ മില്ലർ ഒരു ടാക്കിളിലൂടെ തടഞ്ഞെങ്കിലും ഇതിനിടെ പന്ത് ലഭിച്ച മാർക്കോ ലിവായ സമയമൊട്ടും പാഴാക്കാതെ അത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ചു. 54-ാം മിനിറ്റിൽ മോഡ്രിച്ചിന്റെ പാസിൽ ക്രമാരിച്ചിന്റെ ഫസ്റ്റ് ടൈം ഷോട്ട് ബോർഹാൻ ഒരുവിധത്തിൽ തടുത്തു. സമനില ഗോളിനായി കാനഡ ആത്മാർഥമായി തന്നെ പരിശ്രമിച്ച് കൊണ്ടിരുന്നു.

തുടർന്ന് 70-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തിയ ക്രാമറിച്ച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. ഇത്തവണയും പെരിസിച്ചിന്റെ അളന്നുമുറിച്ച പാസാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതുവിംഗിൽ നിന്നുള്ള പെരിസിച്ചിന്റെ ക്രോസാണ് ഇത്തവണ അപകടം വിതച്ചത്. ബോക്‌സിനുള്ള പന്ത് സ്വീകരിച്ച് ഗംഭീരമായ ഫസ്റ്റ് ടച്ച് എടുത്ത് ക്രമാരിച്ച് ഇടം കാൽ കൊണ്ട് കനേഡിയൻ ഗോൾ കീപ്പറെ വീണ്ടും കീഴടക്കി. പോരാട്ട വീര്യം കനേഡിയൻ താരങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അവരുടെ അനുഭവ സമ്പത്തിന്റെ കുറവാണ് ക്രൊയേഷ്യൻ താരങ്ങൾ മുതലെടുത്തത്. പിന്നാലെ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ലോവ്റോ മേയർ ക്രൊയേഷ്യയുടെ ഗോൾപട്ടിക തികച്ചു.

കാനഡ ഗോൾകീപ്പർ മിലൻ ബോർഹന്റെ തകർപ്പൻ സേവുകളാണ് കാനഡയെ കൂടുതൽ ഗോൾവഴങ്ങാതെ കാത്തത്. 54-ാം മിനിറ്റിൽ മോഡ്രിച്ചിന്റെ ക്രോസിൽ നിന്നുള്ള ക്രാമറിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ബോർഹൻ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. 79-ാം മിനിറ്റിൽ നാല് ക്രൊയേഷ്യൻ താരങ്ങൾ ചേർന്ന ഗോളവസരവും ബോർഹൻ രക്ഷിച്ചെടുക്കുകയായിരുന്നു.