ദോഹ: ലോകകപ്പിലെ നിർണായക മത്സരത്തിൽ കോസ്റ്ററിക്കയ്‌ക്കെതിരെ ജർമ്മനി ആദ്യ പകുതി ഒരു ഗോളിന് മുന്നിൽ. തുടക്കം മുതൽ കോസ്റ്ററിക്കയ്‌ക്കെതിരെ ആക്രമിച്ച് കളിച്ച ജർമനി പത്താം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഗ്നാബ്രി ഹെഡ്ഡറിലൂടെയാണ് ഗോൾ നേട്ടത്തിന് ജർമനി തുടക്കമിട്ടത്. പന്തുമായി മുന്നേറിയ മുസിയാലയുടെ കോർണർ പാസ്സാണ് ഗോളിന് വഴിതുറന്നത്.

കോസ്റ്ററിക്കയ്‌ക്കെതിരെ ജയത്തിൽ കുറഞ്ഞൊന്നും മതിയാകില്ല ജർമനിക്ക്. മത്സരത്തിൽ തോറ്റാലും സമനിലയായാലും പ്രീക്വാർട്ടർ കാണാതെ മടങ്ങേണ്ടി വരും. ഒരു പോയിന്റ് മാത്രമാണ് ജർമനിക്കുള്ളത്. ആദ്യമത്സരത്തിൽ 2-1ന് ജപ്പാനോട് ജർമനി പരാജയപ്പെട്ടിരുന്നു. രണ്ടാം മിനിറ്റിൽ മുസിയാല പന്ത് പോസ്റ്റിൽ അടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ഗോളി നവാസ് തട്ടിമാറ്റുകയായിരുന്നു.

ഗ്രൂപ്പിൽ ഒന്നാമതുള്ള സ്‌പെയിനു ജപ്പാനെതിരെ സമനില നേടിയാലും പ്രീക്വാർട്ടറിലെത്താം. ജപ്പാനെതിരെ തോൽക്കുകയും കോസ്റ്ററിക്ക ജർമനിയെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്‌പെയിൻ പുറത്താകും. ജപ്പാനും കോസ്റ്ററിക്കയും ക്വാർട്ടറിലെത്തും. ജപ്പാനെതിരെ സ്‌പെയിൻ തോൽക്കുകയും ജർമനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്‌പെയിൻ, ജർമനി ടീമുകൾക്കു 4 പോയിന്റ് വീതമാകും.

ഗോൾ വ്യത്യാസക്കണക്കിൽ മികച്ച ടീം ജപ്പാനൊപ്പം അടുത്ത റൗണ്ടിലെത്തും. കോസ്റ്ററിക്കയ്‌ക്കെതിരെ ജയിക്കുന്നതിനൊപ്പം സ്‌പെയിൻ ജപ്പാനെ പരാജയപ്പെടുത്തുകയും ചെയ്താൽ ജർമനി പ്രീക്വാർട്ടറിലെത്തും. സ്‌പെയിൻജപ്പാൻ മത്സരം സമനിലയിൽ പിരിയുകയും ജർമനി കോസ്റ്ററിക്കയെ പാരജയപ്പെടുത്തുകയും ചെയ്താൽ ഗോൾവ്യത്യാസത്തിൽ മികച്ച ടീം മുന്നേറും.