ദോഹ: പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച മൊറോക്കോ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായാണ് ക്വാർട്ടറിലേക്ക് മുന്നേറുന്നത്. ഷൂട്ടൗട്ടിൽ 3-0 നാണ് മൊറോക്കോയുടെ വിജയം. സ്പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിലെത്തുന്നത്.

ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. 1990-ലോകകപ്പിൽ ക്വാർട്ടറിലെത്തിക്കൊണ്ട് കാമറൂണാണ് ക്വാർട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയത്. പിന്നാലെ 2002-ൽ സെനഗലും 2010-ൽ ഘാനയും ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. 1998-ൽ നൈജീരിയക്കുശേഷം ലോകകപ്പിൽ സ്പെയിനിനെ പരാജയപ്പെടുത്തുന്ന ആഫ്രിക്കൻ രാജ്യം കൂടിയാണ് മൊറോക്കോ. 2018-ലോകകപ്പിന്റെ ആവർത്തനമെന്നപോലെ ഇത്തവണയും സ്പെയിൻ പ്രീ ക്വാർട്ടറിൽ മടങ്ങി.

സ്‌പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ ദേശീയ ഹീറോയായത് മൊറോക്കോ ഗോൾ കീപ്പർ യാസിൻ ബോനോവാണ്. പെനൽറ്റിയിൽ സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ മത്സരത്തിൽ ശ്രദ്ധേയമായത് ബോനോയുടെ പ്രകടനമാണ്. ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ മൂന്നാം കിക്കും മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനോ തട്ടിയിട്ടു.

ഇതേ ബോനോ കേരളത്തിന്റെ മണ്ണിൽ കളിക്കാനിറങ്ങിയിട്ടുണ്ടെന്ന കാര്യം ഫുട്‌ബോൾ ആരാധകർക്ക് ആഹ്ലാദം പകരുന്നതാണ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 2018ൽ സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സി, ഓസ്‌ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി എന്നീ ടീമുകൾ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനെത്തിയപ്പോൾ ജിറോണയുടെ താരമായിരുന്നു യാസിൻ. അന്ന് മെൽബൺ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ ജിറോണയ്ക്കായി ഗോൾ വല കാത്തത് യാസിൻ ബോനോവായിരുന്നു.

മെൽബൺ സിറ്റിക്കെതിരെ ഏകപക്ഷീയമായ ആറു ഗോളുകളുടെ വിജയമാണ് ജിറോണ നേടിയത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബോനോ കളിച്ചിരുന്നില്ല. ഗോർക ഇറായ്‌സോസ് മൊറേനോ, യാസിൻ ബോനോ, മാർക് വിറ്റോ ബ്രെസ്മസ് എന്നീ ഗോൾ കീപ്പർമാരാണ് സ്പാനിഷ് ക്ലബിനൊപ്പം കേരളത്തിൽ കളിക്കാനെത്തിയത്. പ്രീസീസണായി നടത്തിയ ടൂർണമെന്റിൽ വിജയികളായതും ബോനോവിന്റെ ടീമായ ജിറോണയാണ്.

നിലവിൽ ലാലിഗയിലെ സെവിയയുടെ ഗോൾ കീപ്പറാണു ബോനോ. 31 വയസ്സുകാരനായ താരം കാനഡയിലെ മോൺട്രിയലിലാണു ജനിച്ചത്. മൊറോക്കോ ക്ലബ് വൈദാദ് എസി, അത്ലറ്റികോ മഡ്രിഡ്, റിയൽ സറഗോസ ടീമുകൾക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.