ദോഹ: റൊണാൾഡോയും നെയ്മറും പൊരുതിവീണ ഖത്തറിന്റെ മണ്ണിൽ രണ്ട് വിജയദൂരത്തിന് അപ്പുറം കാത്തിരിക്കുന്ന ലോകകിരീടത്തിനായി വീറോടെ പൊരുതാൻ സ്വന്തം ജനതയുടെ സ്വപ്‌നങ്ങൾ നെഞ്ചോട് ചേർത്ത് മെസിയും മോഡ്രിച്ചും. ഒരേ സ്വപ്നവുമായി ഇരുവരും ഒരേ ദുരത്തിൽ ഇന്ന് മുഖാമുഖം എത്തുകയാണ്. ഖത്തർ ലോകകപ്പിലെ ആദ്യസെമിയിൽ ലയണൽ മെസ്സിയുടെ അർജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ന് തീപാറുമെന്ന് ഉറപ്പ്.

ഇരുവരും ലോകകിരീടം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടവരാണ്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ മോഡ്രിച്ചും സംഘവും ഫ്രാൻസിനോടാണ് തോറ്റെങ്കിൽ 2018 ലോകകപ്പ് ഫൈനലിൽ ജർമനിയോട് തോൽക്കാനായിരുന്നു മെസ്സിയുടെ സംഘം തോൽവി വഴങ്ങിയത്. ക്വാർട്ടറിൽ ഹോളണ്ടിനെ ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന സെമിയിലെത്തിയതെങ്കിൽ കിരീടപ്രതീക്ഷയുണ്ടായിരുന്ന ലോക ഒന്നാം നമ്പർ ടീം ബ്രസീലിനെ വീഴ്‌ത്തിയാണ് ക്രൊയേഷ്യയുടെ വരവ്. ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30-നാണ് കിക്കോഫ്.

തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. മിന്നും ഫോമിലുള്ള ലയണൽ മെസിയുടെ കരുത്തിൽ ആറാം ഫൈനൽ പ്രവേശമാണ് അർജന്റീന സ്പപ്നം കാണുന്നത്. ക്വാർട്ടറിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ടീമുകൾ ഇറങ്ങുകയെന്നാണ് സൂചന.

ഖത്തർ ലോകകപ്പിന്റെ സെമിയിൽ ക്രൊയേഷ്യയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണി പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ്. ഓരോ മത്സരങ്ങൾക്കും വേണ്ടി എതിർ ടീമിന്റെ ശക്തി - ദൗർബല്യങ്ങൾ മനസിലാക്കി തന്ത്രം മെനഞ്ഞ സ്‌കലോണി നെതർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ 3-5-2 ഫോർമേഷനിൽ ടീമിനെ ഇറക്കിയാണ് കളം പിടിച്ചത്.

എന്നാൽ, ക്രൊയേഷ്യക്കെതിരെ സ്‌കലോണിക്ക് സസ്‌പെൻഷനിലായ ഗോൺസാലോ മോണ്ടിയേലിന്റെയും അക്യൂനയുടേയും അഭാവം മറികടക്കുക പ്രയാസകരം തന്നെയാണ്. ഇന്നലെ അന്തിമ പരിശീലന സെഷനിൽ ഈ പ്രശ്‌നത്തെ ക്ലീൻ ആയി ടാക്കിൾ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പതിവ് 4 -3 -3 ഫോർമേഷനൊപ്പം നെതർലൻഡ്‌സിനെതിരെ ഇറങ്ങിയ 5 -3 -2 ഫോർമേഷനും 4 -4 -2 ഫോർമേഷനും പരിശീനത്തിനിടെ സ്‌കലോണി പരീക്ഷിച്ചു.

റോഡ്രിഗോ ഡി പോളും ഏഞ്ചൽ ഡി മരിയയും പരിക്കിൽ നിന്ന് മുക്തരായിട്ടുണ്ട്. ഇവർ എത്രസമയം കളിക്കുമെന്നതിനെ ആശ്രയിച്ചാണ് ടീമിന്റെ ഘടന നിശ്ചയിക്കുക. ലീഡ് നേടിയ ശേഷം അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങുന്ന പ്രശ്‌നത്തെയും ഇതിനൊപ്പം നേരിടണം. ഡി പോൾ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടാൽ മധ്യനിരയിൽ നിന്ന് ഡിഫൻസിന് ലഭിക്കുന്ന സഹായം കുറയുന്നുണ്ട്. 4-3-3 അല്ലെങ്കിൽ 4-4-2 തുടക്കത്തിൽ പരീക്ഷിച്ച് ലീഡ് നേടിയ ശേഷം 5-3-2 എന്ന പ്രതിരോധത്തിൽ ഊന്നിയ ഫോർമേഷനിലേക്ക് മാറ്റാനുള്ള സാധ്യതകളും തള്ളി കളയാനാകില്ല.

മോളീന, റൊമേറോ, ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ എന്നിവരായിരിക്കും പ്രതിരോധത്തിൽ കളിക്കുക. അഞ്ച് ഡിഫൻഡർമാരെ പരീക്ഷിച്ചാൽ ലിസാൻഡ്രോ മാർട്ടിനസിനും അവസരം ലഭിക്കുക. മധ്യനിരയിൽ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അക് അലിസ്റ്റർ എന്നിവർക്കും സ്ഥാനമുറപ്പ്. ഡി മരിയ കളിക്കുന്നില്ലെങ്കിൽ മെസിയും ജൂലിയൻ അൽവാരസും മാത്രമായിക്കും മുന്നേറ്റത്തിലുണ്ടാവുക.

ക്രൊയേഷ്യക്കാരുടെ കുപ്പായത്തിൽ കാണുന്നത് പോലെ ചുവപ്പും വെള്ളയും നിറത്തിലുള്ളൊരു ചതുരംഗക്കളം ഒരു ഭാഗത്ത് ലൂക്കാ മോഡ്രിച്ചെന്ന രാജാവും പെരിസിച്ചെന്ന തേരും പിന്നെ ലിവാക്കോവിച്ച് അടങ്ങുന്ന ഒമ്പത് പടയാളികളും മറുഭാഗത്ത് രാജാവില്ല. പകരം മിശിഹായാണ്, പത്ത് അനുചരന്മാരും കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിലേറ്റ മൂന്ന് ഗോളിന്റെ തോൽവിക്ക് പകരം വീട്ടാൻ മെസിപ്പടയിറങ്ങുമ്പോൾ തെല്ലും ഭയമില്ലെന്ന് പറയുന്നു ക്രൊയേഷ്യന് കോച്ച് ഡാലിച്ച് മെസിയെ മാത്രമായിട്ടല്ല അർജന്റീനയിലെ 11 പേരെയും ഒരുപോലെ മാർക്ക് ചെയ്യും. ലോകകപ്പിൽ അഞ്ച് തവണയാണ് അർജന്റീന ഇതിന് മുമ്പ് ഫൈനലിലെത്തിയത്. സെമിയിൽ തോറ്റ് ഇതുവരെ പുറത്തായിട്ടില്ലെന്നതും ടീമിന് ആത്മവിശ്വാസം പകരുന്ന കണക്കാണ്.

സെമിയിൽ ലയണൽ മെസ്സിയെ പ്രത്യേകം മാർക്ക് ചെയ്യില്ലെന്ന് ക്രൊയേഷ്യ വ്യക്തമാക്കിക്കഴിഞ്ഞു. എതിർ മുന്നേറ്റങ്ങളെ, അത് ഏതു താരത്തിൽ നിന്നായാലും, മുനയൊടിച്ചു വിടുകയെന്ന തന്ത്രത്തിനാണ് ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്‌കോ ഡാലിച്ച് ഊന്നൽ നൽകുന്നത്. മെസ്സിയെ മാറ്റിനിർത്തിയാൽ ഇപ്പോഴത്തെ അർജന്റീന ടീമിൽ ലോകോത്തര താരങ്ങൾ എന്നു വിശേഷിപ്പിക്കാവുന്നവർ അധികമില്ലെന്ന ആത്മവിശ്വാസത്തിലാകണം ക്രൊയേഷ്യ തന്ത്രമൊരുക്കുന്നത്.

4-3-3 ഫോർമേഷനിൽ ടൂർണമെന്റിലുടനീളം കളിച്ച ക്രൊയേഷ്യ പക്ഷേ പന്തു കാൽക്കൽ ഇല്ലാത്തപ്പോൾ 4-5-1 ഫോർമേഷനിൽ ഡിഫൻസീവ് ബ്ലോക്ക് തീർക്കുകയാണ് പതിവ്. മോഡ്രിച്ചും മാറ്റിയോ കൊവാസിച്ചും അടങ്ങുന്ന മിഡ്ഫീൽഡ് ത്രയം പന്ത് ഹോൾഡ് ചെയ്ത് കളിയുടെ വേഗം നിയന്ത്രിക്കാൻ കഴിയുന്നവരാണെന്നതും ക്രൊയേഷ്യയ്ക്ക് ആശ്വാസം നൽകുന്ന കാര്യം. ഇവരെല്ലാം മുന്നോട്ടുള്ള പാസുകളുടെ കാര്യത്തിൽ ലോകകപ്പ് താരങ്ങളിൽ മുന്നിലുണ്ട്.

ഇതുവരെയുള്ള കണക്ക്

അർജന്റീന: ലോകകപ്പിന്റെ സെമിയിൽ ഇതുവരെ ടീം തോറ്റിട്ടില്ല. ലോകകപ്പിൽ യൂറോപ്യൻ ടീമുകൾക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീം നിശ്ചിതസമയത്ത് ജയിച്ചത്. മൂന്ന് വീതം മത്സരങ്ങൾ തോൽവിയും സമനിലയുമാണ് ഫലം. സമനിലയായ രണ്ടു കളികളിൽ ഷൂട്ടൗട്ടിൽ ടീം ജയം നേടി. ലോകകപ്പിൽ മൊത്തം കളിച്ചത് 86 മത്സരങ്ങൾ, ജയം 48.
പരിശീലകൻ ലയണൽ സ്‌കലോനിക്ക് കീഴിൽ ടീം കളിച്ചത് 55 മത്സരങ്ങൾ. 37 ജയം 13 സമനില, 5 തോൽവി. ഒരു ഗോൾകൂടി നേടിയാൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസ്സിക്ക് ടോപ് സ്‌കോററാവാം. ഇരുവർക്കും 10 ഗോൾ വീതം

ക്രൊയേഷ്യ: തുടർച്ചയായ രണ്ടാം തവണയാണ് സെമിഫൈനലിൽ എത്തുന്നത്. നിലവിലെ റണ്ണറപ്പ്. ടീമിന്റെ അവസാന ആറ് നോക്കൗട്ട് മത്സരങ്ങളിൽ അഞ്ചും എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. അതിൽ നാലും ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. നാലിലും ജയം നേടി. ലോകകപ്പിൽ മൊത്തം കളിച്ചത് 28 മത്സരങ്ങൾ. ജയിച്ചത് 12 കളികൾ. പരിശീലകൻ സ്ലാറ്റ്‌കോ ഡാലിച്ചിന്റെ കീഴിൽ ടീം കളിച്ചത് 68 മത്സരങ്ങൾ. 33 ജയം, 18 സമനില, 17 തോൽവി. ഒരു ഗോൾകൂടി നേടിയാൽ ഡേവർ സുക്കറെ മറികടന്ന് ഇവാൻ പെരിസിച്ചിന് ടീമിന്റെ ടോപ് സ്‌കോററാവാം. ഇരുവർക്കും ആറ് ഗോൾ വീതം