കോഴിക്കോട്: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ലോകകപ്പിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ പ്രിയപ്പെട്ട ടീമിന്റെയും ഫാൻസുകാർ ഫ്ലക്സും കട്ടൗട്ടുകളും സ്ഥാപിച്ചുകഴിഞ്ഞു.

ഇതിൽ വൈറലായ ഒന്നായിരുന്നു പുള്ളാവൂരിലെ കട്ടൗട്ട്. മെസിയുടെ കട്ടൗട്ട് വെച്ച അർജന്റീന ആരാധകർക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ബ്രസീൽ ആരാധകരും. പുള്ളാവൂരിലെ ചെറുപുഴയിൽ തുരുത്തിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിനു സമീപം ബ്രസീൽ സൂപ്പർതാരം നെയ്മറും തലയെടുപ്പോടെ നിൽക്കുകയാണ്.

കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ആ കട്ടൗട്ടുകൾ ഉയർന്നത്. 30 അടി നീളമുള്ള മെസ്സിയുടെ കട്ടൗട്ട് ആരാധകർ സ്ഥാപിച്ചപ്പോൾ, നെയ്മർ ആരാധകർ ഒരു പടി മുകളിലേക്ക് പൊങ്ങി. 40 അടി നീളമുള്ള നെയ്മറിന്റെ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചത്. ഇതിന്റെ വീഡിയോയും ആരാധകർ പുറത്തുവിട്ടിട്ടുണ്ട്.

ഇതോടെ പുള്ളാവൂരിലെ ലോകകപ്പ് ആവേശം വാനോളം ഉയർന്നിരിക്കുകയാണ്. നേരത്തെ, അർജന്റീന ആരാധകർ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള മെസിയുടെ കട്ടൗട്ട് ആഗോള വൈറലായിരുന്നു. ഇതോടെയാണ് അതിനേക്കാൾ 10 അടി കൂടുതൽ ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്.

കട്ടൗട്ട് കൊണ്ടുപോകുന്നതിന്റെയും സ്ഥാപിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മെസിയുടെ കട്ടൗട്ടിന്റെ നിർമ്മാണം മുതൽ സ്ഥാപിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൂലിപ്പണിക്കാർ അടക്കമുള്ളവർ ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് നിർമ്മാണം നടത്തിയത്. മരത്തിന്റെ ചട്ടക്കൂടും ഫോം ഷീറ്റും ഫ്ലക്സുമാണ് ഉപയോഗിച്ചത്. പുഴയിലെത്തിക്കാൻ അര കിലോമീറ്റർ ദൂരം ഫാൻസുകാർ ചുമലിലേറ്റി.

ഇതിനു സമാനമായാണ് ബ്രസീൽ ആരാധകരും കട്ടൗട്ട് നിർമ്മിച്ചത്. പുഴയിലേക്ക് കട്ടൗട്ട് ചുമലിലേറ്റി കൊണ്ടുപോയി അവർതന്നെ വടംകെട്ടിയാണ് ഉയർത്തിയത്.

ഖത്തറിൽ ലോകക്കപ്പ് ഫുട്ബോൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ പോരാട്ടം. സൗദി, മെക്സിക്കോ, പോളണ്ട് ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന കളിക്കേണ്ടത്.