ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരു എഫ്.സിയെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്.സി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

പത്തുപേരായി ചുരുങ്ങിയിട്ടും ചെന്നൈയിൻ ബെംഗളൂരുവിനെ സമനിലയിൽ തളയ്ക്കാനായി. ബെംഗളൂരുവിന് വേണ്ടി റോയ് കൃഷ്ണയും ചെന്നൈയിന് വേണ്ടി മലയാളി താരം കെ.പ്രശാന്തും ലക്ഷ്യം കണ്ടു. ഈ സമനിലയോടെ ചെന്നൈയിൻ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരുവിനും നാല് പോയന്റാണെങ്കിലും ഗോൾവ്യത്യാസത്തിൽ ടീം മൂന്നാമതായി.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബെംഗളൂരു എഫ്.സി. ലീഡെടുത്തു. സൂപ്പർ താരം റോയ് കൃഷ്ണയാണ് ടീമിനായി വലകുലുക്കിയത്. തകർപ്പൻ ഹെഡ്ഡറിലൂടെയാണ് റോയ് കൃഷ്ണ ഗോളടിച്ചത്. ശിവശക്തി നാരായണൻ നൽകിയ ക്രോസ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് റോയ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു.

ആദ്യപകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ മുൻപ് വരെ ഈ ലീഡ് നിലനിർത്താൻ ബെംഗളൂരുവിന് സാധിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മലയാളി താരം കെ. പ്രശാന്തിലൂടെ ചെന്നൈയിൻ സമനില ഗോൾ നേടി. സ്ലിസ്‌കോവിച്ചിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ പ്രശാന്ത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഗുർപ്രീതിനെ മറികടന്ന് പന്ത് പോസ്റ്റിന്റെ ഇടത്തേ മൂലയിൽ ചെന്നുപതിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 82-ാം മിനിറ്റിൽ ചെന്നൈയിൻ ഗോൾകീപ്പർ ദേബ്ജിത് മജുംദാർ ചുവപ്പുകാർഡ് കണ്ട് പുറത്തായി. റോയ് കൃഷ്ണയെ ബോക്സിന് തൊട്ടുവെളിയിൽ വെച്ച് വീഴ്‌ത്തിയതിനാണ് ദേബ്ജിത്തിന് ചുവപ്പുകാർഡ് വിധിച്ചത്. മുന്നോട്ടുകയറി പന്ത് തടയാൻ ശ്രമിച്ച ദേബ്ജിത്ത് റോയ് കൃഷ്ണയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇത് കണ്ട റഫറി മറ്റൊന്നും ചിന്തിക്കാതെ ചുവപ്പുകാർഡ് വിധിച്ചു. ദേബ്ജിത്തിന് പകരം പ്രതിരോധതാരമായ വഫ ഹഖാമനേഷി ഗോൾകീപ്പറുടെ ചുമതല ഏറ്റെടുത്തു.

എന്നാൽ ബോക്സിന് തൊട്ടുവെളിയിൽ വെച്ച് ബെംഗളൂരുവിന് ലഭിച്ച ഫ്രീകിക്ക് ഗോൾവലയിലാക്കാൻ ടീമിന് സാധിച്ചില്ല. ദേബ്ജിത്ത് മടങ്ങിയ ശേഷം ചെന്നൈയിൻ പ്രതിരോധം ശക്തിപ്പെടുത്തി. ഇൻജുറി ടൈമിൽ ചെന്നൈയുടെ കരികരിക്ക് മികച്ച അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ മത്സരം സമനിലയിൽ അവസാനിച്ചു.