കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി എടികെ മോഹൻ ബഗാൻ. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹൻ ബഗാൻ ജയിച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ഹ്യൂഗോ ബൗമോസ്, മൻവീർ സിങ് എന്നിവരാണ് ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിനെതിരെ സമ്പൂർണ ആധിപത്യമായിരുന്നു. എന്നാൽ ആദ്യ ഗോൾ നേടാൻ 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മൈതാനമധ്യത്ത് നിന്ന് ദീപക് തഗ്രിയുടെ പാസ് സ്വീകരിച്ച് ബൗമോസ് തൊടുത്ത ഷോട്ടാണ് ഗോളായി മാറിയത്. 25 വാര അകലെ നിന്ന തൊടുത്ത ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കമൽജിത് സിങ് കിണഞ്ഞ് ശ്രമിച്ചു. എന്നാൽ ബഗാനെ ലീഡിൽ നിന്ന് അകറ്റിനിർത്താൻ സാധിച്ചില്ല.

പത്ത് മിനിറ്റുകൾക്ക് ശേഷം രണ്ടാം ഗോൾ. ഇത്തവണ മൻവീർ ബോക്സിൽ നിന്ന് തൊടുത്ത ഷോട്ട് പ്രതിരോധ താരത്തിന്റെ ദേഹത്തുകൊണ്ട് വഴിമാറി വലയിൽ പതിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയമുള്ള ബഗാൻ ആറ് പോയിന്റുമായി നാലാമതാണ്. നാല് മത്സരങ്ങളിൽ മൂന്ന് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ എട്ടാമതാണ്. ഒരിക്കൽ മാത്രമാണ് ഈസ്റ്റ് ബംഗാൾ ജയിച്ചത്. മൂന്ന് തോൽവിയാണ് അക്കൗണ്ടിൽ.

ഇന്ന് നടന്ന ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്സി ഒരു ഗോളിന് ജയിച്ചിരുന്നു. ഹൈദരാബാദാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
ആദ്യ മത്സരത്തിൽ ഹാവിയർ സിവേറിയോ നേടിയ ഏകഗോളിനാണ് ഹൈദരാബാദ് ഗോവയെ മറികടന്നത്. മത്സരത്തിന്റെ 11ാം മിനിറ്റിലായിരുന്നു ഗോൾ.

ബർത്തൊളൊമ്യൂ ഒഗ്ബെച്ചെയാണ് ഗോൽന് വഴിയൊരുക്കിയത്. 82-ാം മിനിറ്റിൽ ഗോവയ്ക്ക് ഒപ്പമെത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ അൽവാരോ വാസ്‌ക്വെസിന്റെ ഷോട്ട് ഹൈദരാബാദ് ഗോൾ കീപ്പർ ആകാശ് മിശ്ര രക്ഷപ്പെടുത്തി. മൂന്ന് മത്സരങ്ങളിൽ ആറ് പോയിന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്. അവരുടെ ആദ്യ തോൽവിയാണിത്.