പാരിസ്: ഫ്രഞ്ച് ലീഗിൽ ലില്ലെയെ ഗോൾമഴയിൽ മുക്കി പിഎസ്ജി. ഒന്നിനെതിരെ ഏഴ് ഗോളിന് ആണ് പിഎസ്ജിയുടെ മിന്നും ജയം. വിമർശനങ്ങൾക്ക് മിന്നും പ്രകടനത്തിലൂടെ മറുപടി നൽകിയ കിലിയൻ എംബാപ്പെ ഹാട്രിക് നേടി.

മത്സരം തുടങ്ങി എട്ടാം സെക്കൻഡിൽ എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. മെസിയുടെ പാസ് എംബാപ്പെ അനായാസം വലയിലെത്തിച്ചു. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ റെക്കോർഡിനൊപ്പം എത്താനും എംബാപ്പെയ്ക്കായി. നെയ്മർ രണ്ട് ഗോളും മെസിയും ഹക്കിമിയും ഓരോ ഗോൾ വീതവും നേടി. തുടർച്ചയായ മൂന്നാം ജയത്തോടെ 9 പോയിന്റുമായി പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്

ലാ ലിഗായിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ നാല് ഗോളിന് ബാഴ്സലോണ തകർത്തുവിട്ടു. റോബർട്ട് ലവൻഡോസ്‌കി ഇരട്ടഗോൾ നേടിയപ്പോൾ ഓസ്മാനെ ഡെംബെലെ, അൻസു ഫാറ്റി എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ഗോളും അസിസ്റ്റുകളുമായി കളംനിറഞ്ഞു ഫാറ്റി. ഒന്നാം മിനുറ്റിൽ തന്നെ ലെവൻഡോവ്‌സ്‌കി ബാഴ്‌സയ്ക്ക് ലീഡ് നൽകി. പിന്നാലെ റയൽ സോസിഡാഡിനായി അലക്‌സാണ്ടർ ഇസാക്ക് സമനില പിടിച്ചെങ്കിലും രണ്ടാംപകുതിയിൽ മൂന്ന് ഗോൾ നേടി ബാഴ്‌സ മത്സരത്തിലേക്ക് തിരിച്ചുവന്നു. ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ ക്ലബ് ചെൽസി തോൽവി നേരിട്ടു. ലീഡ്‌സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസിയെ തകർക്കുകയായിരുന്നു. ആരോൺസൻ, മൊറീനോ, ജാക്ക് ഹാരിസൺ എന്നിവരാണ് ലീഡ്‌സിന്റെ ഗോളുകൾ നേടിയത്. കൗലിബാലി ചുവപ്പ് കാർഡ് കണ്ടത് ചെൽസിക്ക് തിരിച്ചടിയായി. ജയത്തോടെ ലീഡ്‌സ് യുണൈറ്റഡ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ചെൽസി നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ്.