ന്യൂഡൽഹി: അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ച് ഫിഫ. താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിച്ചാണ് ഫിഫ വിലക്ക് നീക്കിയത്. എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഫെഡറേഷൻ ഭരണത്തിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഫിഫ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ നേരത്തെ സസ്‌പെൻഡ് ചെയ്തത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനോ ഇന്ത്യൻ ക്ലബ്ബുകൾക്ക് എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് തുടങ്ങിയ രാജ്യാന്ത ടൂർണമെന്റുകളിൽ കളിക്കാനൊ കഴിയാത്ത സാഹചര്യം വന്നു. ഇന്ത്യ വേദിയാവേണ്ട അണ്ടർ-17 വനിതാ ലോകകപ്പും അനിശ്ചിതത്വത്തിലായി.

വിലക്ക് നീക്കിയതോടെ ഒക്ടോബർ 11 മുതൽ 30വരെ നടക്കേണ്ട അണ്ടർ-17 വനിതാ ലോകകപ്പ് മുൻ നിശ്ചയപ്രകാരം ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി. 12 വർഷമായി അഖിലേന്ത്യാ ഫുട്‌ബോൾ പ്രസിഡന്റ് സ്ഥനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയായിരുന്നു ഫിഫ ഈ മാസമാദ്യം ഫെഡറേഷന് വിലക്കേർപ്പെടുത്തിയത്. ദൈനംദിന കാര്യങ്ങൾ ഫെഡറേഷൻ കൈകാര്യം ചെയ്യുമ്പോൾ വിലക്ക് നീക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ താൽക്കാലിക ഭരണ സമിതി പിരിച്ചുവിട്ട് ഫെഡറേഷന്റെ ഭരണ ചുതമല സുപ്രീം കോടതി താൽക്കാലിക സെക്രട്ടറി സുനന്ദോ ധറിന് കൈമാറിയിരുന്നു. ഫിഫ നിർദ്ദേശം പാലിക്കപ്പെട്ട സാഹചര്യത്തിൽ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സുനന്ദോ ധർ ഫിഫക്ക് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീക്കിയ ഉത്തരവ് വന്നിരിക്കുന്നത്.

അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഭരണത്തിന് രൂപീകരിച്ച സമിതിയുടെ പ്രവർത്തനം സുപ്രീം കോടതി രണ്ട് ദിവസം മുമ്പ് അവസാനിപ്പിക്കുകയായിരുന്നു. ഭരണത്തിന്റെ ചുമതല ഫെഡറേഷന്റെ ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറുകയും ചെയ്തു. ഫിഫയുടെ വിലക്ക് മറികടക്കാനും അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം നഷ്ടപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.