സിഡ്നി: വനിതാ ഫുട്ബോളിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ ലോക കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്‌ത്തിയാണ് സ്പാനിഷ് സംഘം കിരീടമുയർത്തിയത്. ഇരുപത്തിയൊമ്പതാം മിനിറ്റിൽ ഓൾഗ കർമോനയാണ് സ്പെയിനിന്റെ വിജയ ഗോൾ വലയിലാക്കിയത്. പിന്നീട് ഇരു പക്ഷത്തും ഗോൾ പിറന്നില്ല.

കളിയുടെ എല്ലാ വശത്തും നേരിയ മുൻതൂക്കം സ്പെയിനിനു തന്നെയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലും അവസരങ്ങളൊരുക്കുന്നതിലും അവർ തന്നെ മുന്നിൽ നിന്നു. ഇഗ്ലണ്ടിന്റെ ഗോൾ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടുക്കാൻ അവർക്കു സാധിച്ചു. ആദ്യ പകുതിയിൽ തന്നെ ഗോൾ നേടി സ്പെയിൻ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. രണ്ടാം പകുതിയിലും ഇൻജുറി ടൈമായി 13 മിനിറ്റ് ലഭിച്ചിട്ടും ഇംഗ്ലണ്ടിന് ഗോൾ മടക്കാനായില്ല.

ഇരു ടീമുകളും മത്സത്തിൽ ആധിപതം പുലർത്താൻ ശ്രമിച്ചെങ്കിലും 58 ശതമാനവും പന്ത് സ്പെയ്നിന്റെ കാലിലായിരുന്നു. അഞ്ച് തവണ ഇംഗ്ലണ്ട് ഗോൾ കീപ്പറെ സ്പെയ്ൻ പരീക്ഷിച്ചു. ഇംഗ്ലണ്ട് തിരിച്ച് മൂന്ന് തവണയും. എന്നാൽ ഇംഗ്ലണ്ടിനായിരുന്നു ആദ്യ അവസരം ലഭിച്ചത്. ലോറൻ ഹെംപിന്റെ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ കറ്റ കോൾ തടഞ്ഞിട്ടു. 16-ാം മിറ്റിൽ ഹെംപിന്റെ മറ്റൊരു ഷോട്ട് ക്രോസ്ബാറിൽ തട്ടിതെറിച്ചു. 18-ാം മിനിറ്റിലാണ് സ്പെയ്നിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാൽ മുതലാക്കാനായില്ല.

29-ാം മിനിറ്റിൽ സ്പെയ്ൻ ലീഡെടുത്തു. സ്പാനിഷ് ഇടത് വിങ് ബാക്ക് കർമോണയുടെ നിലംപറ്റെയുള്ള ഷോട്ട് ഗോൾവര കടന്നു. മരിയോന കാൾഡെന്റിയുടെ പാസിലായിരുന്നു താരത്തിന്റെ ഗോൾ. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് സ്പെയ്നിന് ലീഡുയർത്താനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ പറൽലുവേലോ അയിൻഗോനോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയിലും സ്പെയ്നിന് ലീഡെടുക്കാനുള്ള സുവർണാവസമുണ്ടായി. എന്നാൽ പെനാൽറ്റി മുതലാക്കാൻ സ്പെയ്നിന് സാധിച്ചില്ല. കാൾഡെന്റിയുെട ഷോട്ട് ഇംഗ്ലീഷ് ഗോൾ കീപ്പർ മാരി എർപ്സ് കയ്യിലൊതുക്കി. തുടർന്ന് ഇംഗ്ലണ്ട് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. എന്നാൽ സ്പാനിഷ് പ്രതിരോധം വില്ലനായി.

സ്പെയിനിന്റെ വനിതാ വിഭാഗത്തിലെ കന്നി കിരീടമാണിത്. ഇംഗ്ലണ്ടും ആദ്യ കിരീടം സ്വപ്നം കണ്ടാണ് ഇറങ്ങിയത്. പക്ഷേ കിരീടത്തിനായി ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം. അതേസമയം, മൂന്നാം സ്ഥാനം സ്വീഡൻ സ്വന്തമാക്കി. ആതിഥേയ രാജ്യങ്ങളിൽ ഒന്നായ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് സ്വീഡൻ മൂന്നാമതെത്തിയത്.

1966ൽ പുരുഷ ടീം കിരീടം നേടിയ ശേഷം 57 വർഷമായി ലോക കിരീടം കിട്ടാക്കനിയായി നിൽക്കുകയാണ് ഇംഗ്ലണ്ടിനു. ഇത്തവണ അതിനു മാറ്റം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും വനിതകൾ അവസാന ഘട്ടത്തിൽ പൊരുതി വീണു.

ഇംഗ്ലണ്ടും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരുന്നത്. പ്രീ ക്വാർട്ടറിലെത്തിയതാണ് നേരത്തേ സ്പെയിനിന്റെ മികച്ച പ്രകടനം. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ചനേട്ടം.