റിയാദ്: പോർച്ചുഗീസ് സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബായ അൽ നസറിൽ. റെക്കോർഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് 1775 കോടിയിലധികം ഇന്ത്യൻ രൂപ! പ്രതിവർഷം 75 ദശലക്ഷം ഡോളറാണ് റൊണാൾഡോയുടെ വരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടശേഷം ഫ്രീഏജന്റായിരുന്നു ക്രിസ്റ്റ്യാനോ.

ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അൽ നാസർ , റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് കൂട്ടിചേർത്തു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്‌സിയും കയ്യിലേന്തിയുള്ള റൊണാൾഡോയുടെ ചിത്രവും പങ്കുവച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാൾഡോ അവസാനിപ്പിച്ചത്. റൊണാൾഡോ സൗദി ക്ലബിൽ ചേർന്നതോടെ താരത്തിന്റെ ചാംപ്യൻസ് ലീഗ് മോഹങ്ങൾ കൂടിയാണ് അവസാനിക്കുന്നത്.

അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ടാണ് സൗദി അറേബ്യയിലെ പ്രോലീഗ് ക്ലബായ അൽനസർ എഫ്‌സിയുമായി ക്രിറ്റിയാനോ റൊണാൾഡോ കരാർ ഒപ്പിട്ടത്.

''ചരിത്രം പിറക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വൻ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് ക്ലബ്ബിനു മാത്രമല്ല, സൗദി ലീഗിനും രാജ്യത്തിനും വരാനിരിക്കുന്ന തലമുറകൾക്കും എല്ലാ യുവതീയുവാക്കൾക്കും ഏറ്റവും മികച്ചവരാകാൻ പ്രചോദനമേകുമെന്ന് തീർച്ച. പുതിയ വീട്ടിലേക്ക് സ്വാഗതം ക്രിസ്റ്റ്യാനോ...'' ക്ലബ് ട്വീറ്റ് ചെയ്തു.

''പുതിയൊരു ചരിത്രം എഴുതുന്നു എന്നതിനപ്പുറമാണ് ഈ കരാർ. ലോകത്തെ എല്ലാ കായികതാരങ്ങൾക്കും യുവാക്കൾക്കും അനുകരണീയ മാതൃകയാണ് ഈ താരം. അൽ നസറിലേക്കുള്ള അദ്ദേഹത്തിന്റെ വരവിലൂടെ ക്ലബ്ബിനായും സൗദി കായിക മേഖലയ്ക്കായും വരും തലമുറകൾക്കായും നാം വൻ നേട്ടങ്ങൾ കൊയ്യും' അൽ നസർ ചെയർമാൻ മുസാലി അൽ മുവാമ്മർ പ്രതികരിച്ചു

''യൂറോപ്യൻ ഫുട്‌ബോളിൽ ഞാൻ ലക്ഷ്യമിട്ടതൊക്കെയും നേടിയെടുത്തു. ഇനി എന്റെ പരിചയസമ്പത്ത് ഏഷ്യയിൽ വിനിയോഗിക്കാനുള്ള സമയമാണെന്നു കരുതുന്നു. പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവർക്കൊപ്പം ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനും' റൊണാൾഡോ പ്രസ്താവനയിൽ അറിയിച്ചു.

ക്ലബ് ഫുട്‌ബോളിൽ ഐതിഹാസിക നേട്ടങ്ങൾ വെട്ടിപ്പിടിച്ചതിന്റെ പകിട്ടിലാണ് റൊണാൾഡോ ഏഷ്യൻ ക്ലബ്ബിലേക്കു കൂടുമാറുന്നത്. 2009-18 കാലഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിനു കളിച്ച റൊണാൾഡോ രണ്ടു തവണ ലാലിഗ കിരീടവും രണ്ടു തവണ സ്പാനിഷ് കപ്പും നാലു തവണ ചാംപ്യൻസ് ലീഗം മൂന്നു തവണ ക്ലബ് ലോകകപ്പും നേടി. റയലിനായി 451 ഗോളുകൾ നേടി റെക്കോർഡിട്ടു. ക്ലബ്ബിനും രാജ്യത്തിനുമായി 800ൽ അധികം ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

റയലിൽനിന്നും ഇറ്റാലിയൻ ക്ലബ് യുവെന്റസിൽ ചേക്കേറിയ താരം മൂന്നു വർഷത്തിനിടെ രണ്ടു തവണ സെരി എ കിരീടം നേടി. ഒരു തവണ കോപ്പ ഇറ്റാലിയ കിരീടത്തിലും മുത്തമിട്ടു. അവിടെനിന്നാണ് താരം തന്റെ ആദ്യകാല ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോയത്. യുണൈറ്റഡിനൊപ്പം മൂന്നു തവണ പ്രിമിയർ ലീഗ് കിരീടവും എഫ്എ കപ്പും രണ്ടു തവണ ലീഗ് കപ്പും ചാംപ്യൻസ് ലീഗും ക്ലബ് ലോകകപ്പും നേടിയ ചരിത്രവും റൊണാൾഡോയ്ക്കുണ്ട്.

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനായി കളത്തിലിറങ്ങിയ താരം, അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ഘാനയ്ക്കെതിരെ പെനൽറ്റിയിൽനിന്ന് ഗോൾ നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്. പോർച്ചുഗൽ പിന്നീട് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോടു തോറ്റ് പുറത്തായി.