ദോഹ: ഫുട്‌ബോൾ ലോകത്തെ സൂപ്പർ താരങ്ങളുടെ തറവാടാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്. ഒരിക്കലെങ്കിലും റയലിന്റെ ജഴ്‌സിയണിഞ്ഞ് പന്ത് തട്ടണമെന്ന് മോഹിക്കാത്ത താരങ്ങളില്ല. വിലപിടിപ്പുള്ള താരങ്ങളൊക്കെ റയലിന്റെ വിളിക്കായി കാത്തിരിക്കാറുണ്ട് താനും. ലോകകപ്പിൽ മിന്നിത്തെളിയുന്ന യുവതാരങ്ങളെ റാഞ്ചുന്ന പതിവുണ്ട് റയൽ മാഡ്രിഡിന്. ഇത്തവണ റയലിന്റെ തട്ടകത്തിലെത്തുക ആരാണെന്ന ചർച്ച ഇതിനകം ആരാധർക്കിടയിൽ തുടങ്ങിക്കഴിഞ്ഞു.

ലോകത്തെ സൂപ്പർതാരങ്ങളെ ബെർബ്യൂവിലെത്തിക്കാൻ എത്ര പണം വാരിയെറിയാനും റയൽ മടിക്കില്ല. ലോകകപ്പിൽ താരങ്ങളാവുന്നവരെ തൊട്ടടുത്ത സീസണിൽ റയൽ ടീമിലെത്തിക്കാറുണ്ടെന്നതാണ് ചരിത്രം. 2002ൽ ബ്രസീലിനെ ചാംപ്യന്മാരാക്കിയ റൊണാൾഡോയെ കയ്യോടെ പൊക്കി റയൽ. 2006ൽ ഇറ്റലിയെ കിരീടമണിയിച്ച ഫാബിയോ കന്നവാരോയും, ബ്രസീലിനായി മികച്ച പ്രകടനം കാഴ്ചവച്ച എമേഴ്‌സണും വൈകാതെ റയലിന്റെ തട്ടകത്തിലെത്തി.

2010 ലോകകപ്പിന് ശേഷം റയലിലെത്തിയത് ജർമ്മൻ ജോഡിയായ മെസ്യുട് ഓസിലും സാമി ഖദീരയും. 2014 ലോകകപ്പിന്റെ കണ്ടെത്താലിയിരുന്ന ഹാമിഷ് റെഡ്രീഗ്‌സും ,ജർമ്മനിയുടെ കിരിടധാരണത്തിൽ നിർണായക പങ്കുവഹിച്ച ടോണി ക്രൂസും കോസ്റ്ററിക്കയെ ക്വാർട്ടറിലെത്തിച്ച കെയ്ലർ നവാസും ഈ ശ്രേണിയിൽ വരുന്നവരാണ്.

കഴിഞ്ഞ ലോകകപ്പിന് ശേഷംറയൽ റാഞ്ചിയത് ബെൽജിയൻ ജോഡികളായ ഏദൻ ഹസാർഡിനേയും തിബോ കോർട്വയുമാണ്. റയലിന്റെ സൂപ്പർതാരനിരയിലേക്ക് ഇനി ആരെന്നതാണ് ചോദ്യം. ഖത്തറിൽ ഗോളടിച്ച് തിളങ്ങിയ അർജന്റീനയുടെ എൻസോ ഫെർണ്ടാസാണ് പറഞ്ഞുകേൾക്കുന്നവരിൽ പ്രമുഖൻ.

22കാരനായ എൻസോ ഫെർണാണ്ടസ് ഈ സീസണിലാണ് റിവർപ്ലേറ്റിൽ നിന്ന് പോർച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയിലെത്തിയത്. മെക്‌സിക്കോക്കെതിരായ നിർണായക മത്സരത്തിൽ അറ്ജന്റീനക്കായി ഗോളടിച്ചതോടെയാണ് എൻസോയുടെ താരമൂല്യം ഉയർന്നത്.

ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും ദക്ഷിണ കൊറിയക്കെിരെ ഇരട്ട ഗോൾ നേടിയ ഘാനയുടെ മുഹമ്മദ് കുഡൂസും യുറുഗ്വേക്കെതിരെ ഇരട്ട ഗോൾ നേടിയ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസുമെല്ലാം റയലിന്റെ റഡാറിലുണ്ടെന്നാണ് വിവരം. ഇവരിലാരൊക്കെ റയൽ കുപ്പായമണിയുമെന്ന് കാത്തിരുന്ന് കാണാം.