മലപ്പുറം: 64-മത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല ചാമ്പ്യന്മാരായ മലപ്പുറം എടപ്പാളിലെ ഐഡിയൽ സ്‌കുളിന്റെ വിജയരഹസ്യം അന്വേഷിക്കുകയായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ പലരു .സ്‌കൂൾ കായികമേളയിലെ തലതൊട്ടപ്പന്മാരായി അറിയപ്പെട്ടിരുന്ന കോതമംഗലം മാർ ബേസിലിനേയും, കല്ലടി എച്ച്എസ് കുമരംപുത്തൂരിനേയുമെല്ലാം മറി കടന്ന് മലപ്പുറം ജില്ലയിൽനിന്നൊരു സ്‌കൂൾ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഒന്നാംസ്ഥാനം നേടിയതും ചരിത്രമാണ്.

പല സ്‌കൂൾ കായിക മേളകളിൽ മത്സരിക്കാനെത്തിയിരുന്ന കോതമംഗലം മാർ ബേസിൽ ഉൾപ്പെടെ തലമൊട്ടയടിച്ചും ജേഴ്സികളിലും ഉൾപ്പെടെ വലിയ ആകർഷണീയതകൾ വരുത്തി ശ്രദ്ധേയരാകാറുണ്ട്. എന്നാൽ ഐഡിയൽ സ്‌കൂളിന്റെ മുന്നേറ്റങ്ങളുകെ കാരണങ്ങൾ പലതാണ്. ചിട്ടയായ പരിശീലനം, കൃത്യസമയത്ത് ഭക്ഷണം, ആത്മാർത്ഥതയുള്ള പരിശീലകർ, കഠിനാദ്ധ്വാനം ചെയ്യുന്ന താരങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങൾ, ഒപ്പം മാനേജ്മെന്റിന്റെ നൂറു ശതമാന പിന്തുണയും. ഇതാണ് ഐഡിയലിന്റെ വിജയഗാഥയുടെ പൊരുൾ.

പന്ത്രണ്ട് കുട്ടികളുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്‌കൂളിനോടനുബന്ധിച്ച് ഐഡിയൽ ട്രസ്റ്റ് ആരംഭിച്ച കായിക പരിശീലന കേന്ദ്രത്തിൽ ഇപ്പോൾ അൻപതോളം കായിക പ്രതിഭകൾ തീവ്രപരിശീലനം തുടരുന്നുണ്ട്. 2007ൽ തുടങ്ങി ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ജില്ലാ - സംസ്ഥാന - ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ച വെയ്ക്കുന്ന താരങ്ങളെ സംഭാവന ചെയ്യാൻ ഐഡിയലിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പരിശീലന സൗകര്യങ്ങളാണ് കായിക വിദ്യാർത്ഥികൾക്കു വേണ്ടി ഐഡിയൽ
കാമ്പസിലെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്.

മലപ്പുറം ജില്ലയിലെ മഞ്ചേരി കാരക്കുന്ന് സ്വദേശി ബാബു കറുകയിലിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളിൽ മൂത്ത മകനായ നദീഷ് ചാക്കോ കഴിഞ്ഞ 10 വർഷമായി കടകശ്ശേരി ഐഡിയൽ കാമ്പസിലെ കായിക വിഭാഗത്തിൽ അത്ലറ്റിക് ഇനങ്ങളുടെ കോച്ചായി സേവനമനുഷ്ഠിക്കുന്നു. ഇക്കാലയളവിൽ 80 ഓളം കായികതാരങ്ങളെ വിവിധ നാഷണൽ മീറ്റുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിച്ചു മെഡലുകൾ നേടാൻ സഹായിച്ചു. ഈ കഴിഞ്ഞ ജൂനിയർ നാഷണൽ മീറ്റിൽ നദീഷിന്റെ കോച്ചിങ് മികവിൽ 9 പേരാണ് പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയത്.

ഹർഡിൽസിലെ സുവർണതാരം അനീസ് റഹ്മാൻ, സാജിദ്, എ.ആർ ദീപ്തി, അജ്മൽ റിദ് വാൻ, ജിഷ്ണു, പി.വി സുഹൈൽ, ജിജിൻ വിജയൻ, ഹാരിസ് റഹ്മാൻ, റുബീന,പ്രഭാവതി, ശ്രീലക്ഷമി, അശ്വതി ബിനു ,മെൽബിൻ ബിജു, അർഷാദ്, ദിൽശിൽ, സൈഫുദ്ദീൻ തുടങ്ങി അനേകം കായികതാരങ്ങൾ ജില്ല -സംസ്ഥാന - ദേശീയ, മൽസരങ്ങളിൽ അഭിമാന താരങ്ങളായി മാറിയത് ഐഡിയലിന്റ ട്രാക്കിലൂടെയാണ്.

ഷാഫി അമ്മായത്ത് ഐഡിയൽകായിക വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടു'ത്തതോടെ ഒട്ടേറെ മാറ്റങ്ങളും നേട്ടങ്ങളും ഈ രംഗത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ തൈക്കോണ്ടോ, കരാട്ടേ, സ്‌കേറ്റിങ്, ഫുഡ്ബോൾ, വോളിബോൾ, യോഗ തുടങ്ങി ഒട്ടേറെ കായിക മത്സരപരിശീലനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ നീന്തൽ താരങ്ങളെ വാർത്തെടുക്കുന്നതിനായി അടുത്ത മാസം ഉദ്ഘാടനം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വീമ്മിങ് പൂൾ ഐഡിയലിന്റെ ചരിത്രത്തിൽ ഒരു പൊൻതുവൽ കൂടിയാവും.

പഠനരംഗത്ത് വർഷങ്ങളോളം തുടർന്നു വരുന്ന മികച്ച റിസൾട്ടുകൾക്ക് കോട്ടം തട്ടാതെ തന്നെ കായിക - കലാ-ശാസ്ത്ര രംഗങ്ങളിലും ഐഡിയൽ തിളങ്ങുകയാണ്. 200 മീറ്റർ ട്രാക്കോട് കൂടിയ പരിശീലനത്തിന് യോജിച്ച ഗ്രൗണ്ട് ഐഡിയൽ ക്യാമ്പസിൽ സജ്ജമാക്കിയത് കായിക പരിശീലനത്തിന് ഏറെ സഹായകമാണ്. സ്‌കൂൾ പഠനത്തിനു ശേഷവും ഐഡിയലിൽതന്നെ പരിശീലനം തുടരാൻ സാഹചര്യം ഉണ്ടെന്നതാണ് മറ്റൊരു മികവ്. ഐഡിയൽ കോളേജ് ഫോർ അഡാൻസ്ഡ് സ്റ്റഡീസിൽ തുടർ പഠനത്തിന് ചേർന്നാൽ വിദ്യാർത്ഥികൾക്ക് കോളേജ് തല മത്സരങ്ങളിൽ മികവു തെളിയിക്കാനുള്ള അവസരമുണ്ട്.

രാവിലെ ആറ് മുതൽ എട്ടര വരെയും വൈകിട്ട് 4 മുതൽ 6.30 വരെയുമാണ് പരിശീലന സമയം. സ്പ്രിന്റ്, ജംപ്, ഹർഡിൽസ്, ത്രോസ് മുതലായ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം ഒരുക്കിയിട്ടുള്ളതെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി.കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവർ പറയുന്നു

അതേ സമയം സ്്കൂൾ കായികോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല ചാമ്പ്യന്മാരായ ഐഡിയൽ സ്‌കുളിലെ കായികതാരങ്ങൾക്കും കോച്ച് നദീഷ് ചാക്കോ, ടീം മാനേജർ ഷാഫി അമ്മായത്ത് എന്നിവർക്കും കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി.തവനൂർ ഗ്രാമപഞ്ചായത്തും ഐഡിയൽ സ്‌കൂൾ മാനേജ്മെന്റും ജില്ലാ അത്ലറ്റിക്സ് അസോസിയേഷനും പൊതുവിദ്യാഭ്യാസ വകുപ്പും, വ്യാപാരി വ്യവസായി ഏകോപന സമിതിയും കുറ്റിപ്പുറം പൗരാവലിയും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്

തവനൂർ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ, വൈസ് പ്രസിഡണ്ട് ശിവദാസൻ,
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ,മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേഷ്, തിരൂർ വിദ്യാഭ്യാസ ജില്ല ഓഫീസർ പ്രസന്ന, എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ നാസർ,സീനിയർ സൂപ്രണ്ട് സുരേഷ്, ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ കെ രവീന്ദ്രൻ, ട്രഷറർ അബ്ദുൽ കാദർ-ബാപ്പു, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, പി ടി എ പ്രസിഡണ്ട് ഡോ: അബ്ദുല്ല പൂക്കോടൻ, തവനുർ ചിൽഡ്രൻസ് ഹോം ഓഫീസർ സതി, സി. ഡബ്ലിയു.സി ചെയർമാൻ സുരേഷ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,ഹൈസ്‌കൂൾ എച്ച് എം ചിത്രഹരിദാസ്, എന്നിവർ കായികതാരങ്ങൾക്ക് ഉപഹാരങ്ങൾ സമർപിച്ചു.

തുടർന്ന് അനൗൺസ്മെന്റ് വാഹനത്തിന്റെയും ബാന്റ് മേളത്തിന്റെയും, സ്‌കൗട്ട് & ഗൈഡ്സ്, എസ് പി സി തുടങ്ങിയവയുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ കുറ്റിപ്പുറം മുതൽ ഐഡിയൽ കാമ്പസ് വരെ ആനയിച്ചുകൊണ്ട് വന്ന താരങ്ങൾക്ക് സ്‌കുളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ സ്വീകണം നൽകി.
സ്വീകരണ യോഗത്തിൽ ചെയർമാൻ പി കുഞ്ഞാവുഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ, വി മൊയ്തു, പി വി സിന്ധു, ഉഷ കൃഷ്ണകുമാർ ,ബിന്ദു മോഹൻ സുപ്രിയ ഉണ്ണിക്കൃഷ്ണൻ, ബിന്ദു പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.