ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് പിടി ഉഷയ്ക്ക് എതിരില്ല. അസോസിയേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയപരിധി ഇന്നത്തോടെ അവസാനിച്ചിരുന്നു. മറ്റു നോമിനേഷനുകൾ ഇത് വരെ ലഭിച്ചിട്ടില്ല. ഇതോടെ ഈ പദവിയിലേക്ക് പിടി ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ പത്തിന് മാത്രമേയുണ്ടാകു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ഇന്നലെയാണ് ഒളിംപ്യൻ പി ടി ഉഷ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് അത്‌ലറ്റുകളുടെയും ഫെഡറേഷനുകളുടെയും പിന്തുണയുണ്ടെന്നും പിടി ഉഷ അറിയിച്ചിരുന്നു. ഇന്ത്യൻ കായിക രംഗത്തിൽ കേരളത്തിന്റെ യശസുയർത്തിയ മുൻ കായികതാരം നിലവിൽ ബിജെപിയുടെ രാജ്യസഭ എം പി കൂടിയാണ്. സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായതിന് പിന്നാലെ കേരളത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ഉഷ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

്അതേസമയം, ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷ എംപിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ഭംഗിയായി ചെയ്യാൻ സാധിക്കും.

ഒളിമ്പിക്‌സ് മേളയിൽ രാജ്യത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ പി.ടി ഉഷയുടെ സ്ഥാനലബ്ദി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്സ്‌പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലക്ക് പുത്തൻ ഉണർവാകുന്നതാവും ഈ തീരുമാനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.