പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക തുടക്കത്തിന് ശേഷമുള്ള ആദ്യ ദിനത്തില്‍ തുടക്കത്തിലെ നിരാശയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസ വാര്‍ത്തകള്‍. ഷൂട്ടിങ്ങ് വിഭാഗത്തിലെ മത്സരത്തോടെയാണ് ഇന്നത്തെ ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിച്ചത്.എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു ഷൂട്ടിങ്ങ് റേഞ്ചിലെ ആദ്യ മണിക്കൂറിലെ മത്സരഫലങ്ങള്‍.

15 വിഭാഗങ്ങളിലായി 21 ഷൂട്ടര്‍മാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. എന്നാല്‍ ഷൂട്ടിങ്ങിന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ടീമുകള്‍ക്കും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനായില്ല. ഇന്ത്യക്കായി മത്സരിച്ച സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങള്‍ യോഗ്യത റൗണ്ടില്‍ നിന്ന് പുറത്തായി. സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍ സഖ്യം 12-ാം സ്ഥാനത്തും അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യം ആറാം സ്ഥാനത്തുമെത്തി. കടുത്ത മത്സരത്തിനൊടുക്കം അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യത്തിന് ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യത നഷ്ടപ്പെട്ടത്.

ആദ്യ നാലിലെത്തുന്നവരാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയെന്നിരിക്കേ അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യത്തിന് ആറാം സ്ഥാനത്തെത്താനേ ആയുള്ളൂ. അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യം 628.7 പോയന്റ് നേടി. നാലാം സ്ഥാനത്തെത്തിയ ജര്‍മന്‍ സഖ്യം 629.7 പോയന്റാണ് നേടിയത്. അഞ്ചാമതെത്തിയ നോര്‍വേ ടീം 629.6 പോയന്റ് നേടി. വെങ്കലമെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയ ജര്‍മന്‍ സഖ്യത്തിനേക്കാള്‍ ഒരു പോയന്റ് മാത്രം പിന്നിലായിരുന്നു ഇന്ത്യന്‍ സഖ്യം.

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങിന് ഫൈനലിലെത്താനായില്ല. ഒമ്പതാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. ആദ്യ എട്ടു പേരാണ് ഫൈനലിന് യോഗ്യത നേടുക. ആറ് സീരീസുകള്‍ക്കൊടുവില്‍ ജര്‍മനിയുടെ റോബിന്‍ വാള്‍ട്ടര്‍ക്കും സരബ്‌ജോതിനും 577 പോയന്റ് വീതമായിരുന്നെങ്കിലും കൂടുതല്‍ ഇന്നര്‍ 10-ന്റെ അടിസ്ഥാനത്തില്‍ ജര്‍മന്‍ താരം മുന്നിലെത്തുകയും എട്ടാമനായി ഫൈനലിന് യോഗ്യത നേടുകയുമായിരുന്നു.ഈ ഇനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരം അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനലിന് യോഗ്യത നേടാനായില്ല. ആറ് സീരീസുകള്‍ക്കൊടുവില്‍ 574 പോയന്റോടെ അര്‍ജുന്‍ 18-ാം സ്ഥാനത്തായി.

ഇതിനെ പിന്നാലെയാണ് പ്രതീക്ഷയായി മനു ഭാക്കര്‍ ഫൈനലിലേക്കെത്തിയത്. മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് ഫൈനലിന് യോഗ്യത നേടിയത്.ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരിക്കുകയാണ് മനു ഭാകര്‍. ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ച പാരീസില്‍ അവസാനിപ്പിക്കാമെന്ന് ഇന്ത്യ സ്വപ്നം കാണുന്നു.

എന്നാല്‍ ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം റിഥം സാങ്വാന് ഫൈനലിന് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥത്തിന് ഫിനിഷ് ചെയ്യാനായത്. നിലവില്‍ ലോക മൂന്നാംനമ്പറായ റിഥം സാങ്വാന്‍ 2022 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ താരമാണ്.

മനു ഭാകറിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാമ്പിലേക്ക് ആശ്വാസ വാര്‍ത്തകളാണ് വന്നത്.ബാറ്റ്്മിന്റണില്‍ ഇന്ത്യക്ക് ഇന്ന് നല്ല ദിവസമായിരുന്നു.ലക്ഷ്യ സെന്നിനൊപ്പം ബാഡ്മിന്റണ്‍ ജോഡികളായ ചിരാഗ് ഷെട്ടി/സാത്വിക് സായ്രാജ് രങ്കിറെഡ്ഡി എന്നിവരും തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ വിജയിച്ചു.ടേബിള്‍ ടെന്നീസില്‍ ഹര്‍മീത് ദേശായിയും പ്രാഥമിക റൗണ്ടില്‍ ജോര്‍ദാന്റെ അബോ യമാന്‍ സെയ്ദിനെ 4-0ന് തോല്‍പിച്ച് വിജയത്തുടക്കം നേടി.ഇതിന് പിന്നാലെയാണ് പുരുഷ ഹോക്കി ടീമും വിജയം കണ്ടത്.