ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജമദ്യ ദുരന്തത്തിൽ മരണം 24 ആയി. മധ്യപ്രദേശിലെ മൊറേനയിലാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഇരുപതോളം പേർ ചികിത്സയിലാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മധ്യപ്രദേശിൽ വ്യാജ മദ്യ ദുരന്തമുണ്ടാകുന്നത്. 2020 ഒക്ടോബറിൽ ഉജ്ജൈനിൽ വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലുള്ളവർ മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാ‍ജ് സിങ്ങ് ചൗഹാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും.

കഴിഞ്ഞ മെയ്‌മാസത്തിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യ മാഫിയ ആളുകളെ കൊല്ലുന്നത് തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വിമർശിച്ചു. ഇനിയും എത്ര കാലം മദ്യ മാഫിയയെ ഇതിന് അനുവദിക്കുമെന്നും കമൽ നാഥ് ട്വിറ്ററിലൂടെ ശിവരാജ് സിങ് ചൗഹാനോട് ചോദിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മദ്യം വിറ്റവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.